ബിഹാറിൽ കളം പിടിക്കാൻ കോൺഗ്രസ്; ബിജെപിയെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

മുസാഫർപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ബിജെപിയെയും ജെഡിയുവിനെയും കടന്നാക്രമിക്കുന്നതായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം

ബിഹാറിൽ കളം പിടിക്കാൻ കോൺഗ്രസ്; ബിജെപിയെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
dot image

പാട്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ കളം നിറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി. മുസാഫർപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ബിജെപിയെയും ജെഡിയുവിനെയും കടന്നാക്രമിക്കുന്നതായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം.

ബിഹാറിൽ ബിജെപി നടത്തുന്നത് റിമോട്ട്കൺട്രോൾ ഭരണമാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ​ഗാന്ധി നിതീഷ് കുമാർ വെറുമൊരു മുഖം മാത്രമാണെന്നും പരിഹസിച്ചു. കേന്ദ്രത്തിലെ ബിജെപി സർക്കാർ സാമൂഹിക നീതിയ്ക്ക് എതിരാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ​ഗാന്ധി കോൺ​ഗ്രസിൻ്റെ സമ്മർദ്ദം മൂലമാണ് ജാതി സെൻസസിന് ബിജെപി തയ്യാറായതെന്നും ചൂണ്ടിക്കാണിച്ചു. രണ്ട് ഇന്ത്യയാണ് ഉയർന്ന് വരുന്നത്. ഒന്ന് സാധാരണക്കാരായ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു മറ്റൊന്ന് അഞ്ചോ പത്തോ കോടീശ്വർന്മാരുടേതാണ്. ബിഹാർ അടക്കമുള്ള പിന്നാക്ക പ്രദേശങ്ങൾ പട്ടിണിയെ അഭിമുഖീകരിക്കാനുള്ള കാരണവും ഇതാണെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവും റാലിയിൽ രാഹുൽ ​ഗാന്ധി ഉന്നയിച്ചു. നിങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ രാഷ്ട്രീയ സങ്കീർണതകൾ മനസ്സിലാക്കാൻ കഴിയും. നരേന്ദ്ര മോദിയുടെ നാടകത്തിൽ വഞ്ചിതരാകരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വോട്ടുകൾ കിട്ടുമെന്ന് അദ്ദേഹത്തിന് തോന്നിയാൽ വേദിയിൽ നൃത്തം ചെയ്യാൻ അദ്ദേഹം തയ്യാറാകുമെന്നും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

'ഛഠ് പൂജയോടനുബന്ധിച്ച് യമുനയിൽ മുങ്ങിക്കുളിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കാൻ ആഗ്രഹിച്ച നാടകം നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. പൈപ്പ് വെള്ളത്തിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു ജലാശയമാണിതെന്ന് പുറത്തുവന്നപ്പോൾ മോദി ഞെട്ടിപ്പോയി' എന്നും രാ​ഹുൽ ​ഗാന്ധി പരിഹസിച്ചു.

ഇന്ത്യക്കാർക്ക് വിലകുറഞ്ഞ ഡാറ്റ ലഭ്യമാക്കുമെന്ന് മോദി അവകാശപ്പെടുമ്പോൾ ടെലികോം മേഖലയിൽ ഒരു ബിസിനസ് സ്ഥാപനത്തിൻ്റെ കുത്തക അനുവദിച്ചിട്ടുണ്ടെന്ന വസ്തുത അദ്ദേഹം മറച്ചുവെക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയ നാശത്തെക്കുറിച്ച് മോദി മൗനം പാലിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നുവെന്ന ആരോപണം അവർത്തിച്ച രാഹുൽ ​ഗാന്ധി ബിഹാറിലും അത് തന്നെ ആവർത്തിക്കാൻ ശ്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി. ബിഹാറിലെ ജനങ്ങളുടെ സമ്പന്നമായ സാംസ്കാരിക ചരിത്രത്തെ അനുസ്മരിച്ച രാഹുൽ ​ഗാന്ധി ഇവർ ​ഗൾഫ്, മൗറീഷ്യസ്, സീഷെൽസ്, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്നവരാണെന്നും ചൂണ്ടിക്കാണിച്ചു.

243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നവംബര്‍ ആറ്, 11 തിയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 14-നാണ് വോട്ടെണ്ണല്‍.

Content Highlights: Rahul Gandhi opened his campaign for the Bihar polls from Muzaffarpur

dot image
To advertise here,contact us
dot image