'പരിമിതമായ തുകയാണ് അനുവദിച്ചത്, 21,000 രൂപ ആവശ്യപ്പെട്ടു, 1000 രൂപ എത്രയോ ചെറുത്'; സമരം തുടരാനുറച്ച് സമരസമിതി

അടിയന്തരമായി വിളിച്ച സംസ്ഥന കമ്മിറ്റിയില്‍ ചര്‍ച്ച നടത്തും സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും എസ് മിനി

'പരിമിതമായ തുകയാണ് അനുവദിച്ചത്, 21,000 രൂപ ആവശ്യപ്പെട്ടു, 1000 രൂപ എത്രയോ ചെറുത്'; സമരം തുടരാനുറച്ച് സമരസമിതി
dot image

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ സമരം തുടരാനുറച്ച് കെഎഎച്ച്ഡബ്ല്യുഎ സമരസമിതി. പരിമിതമായ തുയാണ് വര്‍ധിപ്പിച്ചതെന്നും ആവശ്യപ്പെട്ടത് 21000 രൂപയാണെന്നും അനുവദിച്ചത് എത്രയോ ചെറിയ തുകയായ 1000 രൂപയാണെന്നും കെഎഎച്ച്ഡബ്ല്യു വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അടിയന്തരമായി വിളിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുമെന്നും മിനി വ്യക്തമാക്കി. സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും എസ് മിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. പിഎം ശ്രീ വിഷയത്തില്‍ സിപിഐയുടെ എതിര്‍പ്പ് പരിഗണിച്ച് പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനാക്കി ഏഴംഗ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ സാമൂഹ്യ സുരക്ഷ പദ്ധതികളില്‍ വര്‍ദ്ധനവ് വരുത്താനുള്ള തീരുമാനവും മന്ത്രിസഭ കൈകൊണ്ടു. ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വര്‍ദ്ധനവ്. അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പെട്ടെന്ന് തീര്‍ത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിട നിര്‍മ്മാണ ക്ഷേമനിധി കുടിശ്ശികയും തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 50 രൂപയാണ് പ്രതിദിന കൂലിയില്‍ വരുത്തിയിരിക്കുന്ന വര്‍ദ്ധന. സാക്ഷരതാ ഡയറക്ടര്‍മാരുടെ ഓണറേറിയത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 1000 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നെല്ലിന്റെ സംഭരണ വിലയില്‍ വര്‍ദ്ധനവ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 30 രൂപയായാണ് നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റബ്ബറിന്റെ താങ്ങുവിലയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 180 രൂപയില്‍ നിന്ന് 200 രൂപയയാണ് റബ്ബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Content Highlight; With limited funds allocated, ASHA workers to continue their protest

dot image
To advertise here,contact us
dot image