എല്‍ ക്ലാസിക്കോയില്‍ സബ് ചെയ്തതിന് പിന്നാലെ പ്രതിഷേധം; മാപ്പുപറഞ്ഞ് വിനീഷ്യസ്

കോച്ച് സാബി അലോണ്‍സോയുടെ പേര് പരാമർശിക്കാതെയാണ് താരത്തിന്‍റെ പ്രതികരണം

എല്‍ ക്ലാസിക്കോയില്‍ സബ് ചെയ്തതിന് പിന്നാലെ പ്രതിഷേധം; മാപ്പുപറഞ്ഞ് വിനീഷ്യസ്
dot image

എല്‍ ക്ലാസികോ പോരാട്ടത്തിനിടെ കോച്ച് സാബി അലോണ്‍സോയ്‌ക്കെതിരെ പ്രതിഷേധിച്ചതില്‍ മാപ്പുപറഞ്ഞ് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. ബാഴ്‌സയ്‌ക്കെതിരെ ഒക്ടോബര്‍ 26ന് നടന്ന ലാ ലിഗ മത്സരത്തില്‍ സബ് ചെയ്തതിന് കോച്ച് സാബിയോട് പരസ്യമായി കയര്‍ത്താണ് വിനി കളം വിട്ടത്. ഇതിനുപിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ ബ്രസീലിയന്‍ താരം മാഡ്രിഡ് ആരാധകരോടും സഹതാരങ്ങളോടും ക്ലബ്ബിനോടും ക്ഷമ ചോദിച്ചത്. കോച്ച് സാബി അലോണ്‍സോയുടെ പേര് പരാമർശിക്കാതെയാണ് താരത്തിന്‍റെ പ്രതികരണം.

‘എൽ ക്ലാസികോയിൽ പകരക്കാരനായി പിൻവലിച്ചതിന് ശേഷമുണ്ടായ എന്റെ പ്രതികരണത്തിന് എല്ലാ റയൽ മാഡ്രിഡ് ആരാധകരോടും മാപ്പുചോദിക്കുന്നു. ഇന്നത്തെ പരിശീലനത്തിനിടെ ഞാൻ നേരിട്ട് ചെയ്തതുപോലെ, എന്റെ സഹതാരങ്ങളോടും ക്ലബ്ബിനോടും പ്രസിഡന്റിനോടും വീണ്ടും ക്ഷമ ചോദിക്കുന്നു‘, വിനീഷ്യസ് കുറിച്ചു.

‘പാഷൻ ചിലപ്പോഴൊക്കെ എന്നെ വികാരാധീനനാക്കുന്നു. കാരണം ഞാൻ എപ്പോഴും വിജയിക്കാനും എന്റെ ടീമിനെ സഹായിക്കാനുമാണ് ആഗ്രഹിക്കുന്നത്. എന്റെ മത്സര സ്വഭാവം ഈ ക്ലബ്ബിനോടും അത് പ്രതിനിധീകരിക്കുന്ന എല്ലാത്തിനോടുമുള്ള സ്നേഹത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. ഈ ക്ലബ്ബിലെത്തിയ ആദ്യ ദിവസം മുതൽ ചെയ്യുന്നതുപോലെ റയൽ മാഡ്രിഡിന്റെ നന്മയ്ക്കായി ഓരോ സെക്കൻഡും പോരാടുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു‘, വിനീഷ്യസ് പ്രസ്താവനയിലൂടെ അറിയിച്ചു.

സാന്റിയാ​ഗോ ബെർണബ്യൂവിൽ നടന്ന ആവേശപ്പോരാട്ടത്തിൽ‌ മികച്ച ഫോമിൽ കളിച്ചിരുന്ന വിനീഷ്യസിനെ 72-ാം മിനിറ്റിലാണ് കോച്ച് സാബി പിൻവലിക്കുന്നത്. താരത്തിന് പകരം റോഡ്രിഗോയെ കളത്തിലിറക്കിയത് വിശ്വസിക്കാനാവാതെ വിനീഷ്യസ് വൈകാരികമായി പ്രതികരിക്കുകയും കോച്ചിനോട് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ കോച്ച് സാബിയുമായി താരത്തിന് അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിനീഷ്യസ് പ്രതികരണവുമായി രം​ഗത്തെത്തിയത്.

Content Highlights: Vinicius Jr Apologises To Real Madrid Fans After El Clasico Meltdown

dot image
To advertise here,contact us
dot image