

ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനായുളള പരിശോധന ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതേറിറ്റി. ഗുരുതര നിയമ ലംഘനം നടത്തിയ 73 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് തീരമാനം.
ബഹ്റൈനില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 1,588 പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റെഗിലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. നിരവധി നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ആവശ്യമായ താമസ രേഖകള്‍ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞുവന്ന 73 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ തുടരുന്നതായും അതോറിറ്റി അറിയിച്ചു.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 16 ഉം മുഹറഖ് ഗവര്‍ണറേറ്റില്‍ ആറും നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ മൂന്നും സതേണ്‍ ഗവര്‍ണറേറ്റില്‍ രണ്ടും പരിശോധനകളാണ് ഒരാഴ്ചക്കിടയില്‍ നടത്തിയത്. ഇതിന് പുറമെ 1,555 വ്യാപാര സ്ഥാപനങ്ങളിലും പരിശോധനാ കാമ്പയിനുകള്‍ സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം, പാസ്പോര്‍ട്ട്സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ്, പൊലീസ് സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ആരോഗ്യ, വ്യവസായ വാണിജ്യ മന്ത്രാലയങ്ങയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു സംയുക്ത പരിശോധന.
രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനാ കാമ്പെയ്നുകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും തൊഴില്‍ വിപണിയെയും സാമ്പത്തിക, സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയോ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ അറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: The Labor Market Regulatory Authority has intensified inspections to identify lawbreakers in Bahrain