

വീണ്ടും ഡയോഡിന്റെ വേഷപ്പകർച്ചയിൽ ആട് 3 സെറ്റിലെത്തി നടൻ വിനായകൻ. ഡ്യൂഡ് എന്ന ദാമോദരൻ ഉണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചിയുടെ കഥാപാത്രമായിട്ടാണ് വിനായകൻ സിനിമയിൽ അഭിനയിക്കുന്നത്. കാരവനിൽ നിന്ന് ഇറങ്ങി വരുന്ന വിനായകന് കരഘോഷത്തോടെയാണ് സെറ്റിലേക്ക് എല്ലാവരും വരവേറ്റിയത്. സംവിധായകൻ മിഥുൻ മാനുവൽ അദ്ദേഹത്തിന് തന്റെ ആയുധമായ തോക്ക് കയ്യിൽ കൊടുത്തുകൊണ്ടാണ് സ്വീകരിച്ചത്.
എട്ട് വർഷങ്ങൾക്ക് ശേഷം സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പഴയ ഗെറ്റപ്പിൽ സെറ്റിൽ എത്തുന്ന വീഡിയോ സംവിധായകൻ തന്നെ പങ്കുവെക്കുന്നുണ്ട്. പ്രേക്ഷകർ ഈ വീഡിയോ മികച്ച രീതിയിൽ തന്നെ സ്വീകരിക്കുന്നുണ്ട്. ജയസൂര്യ ഷാജി പാപ്പന്റെ ലുക്കിൽ ഷാജി പാപ്പനായി സെറ്റിൽ എത്തിയ വീഡിയോ മുൻപ് പുറത്തിറങ്ങിയിരുന്നു. ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ആട് 3 അവരുടെ എല്ലാവരുടെയും ഇൻട്രോ വീഡിയോ സംവിധായകൻ മിഥുൻ പുറത്തിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Content Highlights: Actor Vinayakan joins the shooting set of Aadu 3 as Dude