

ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച ശേഷം കേന്ദ്രം നടപ്പാക്കിയ ഓരോ പരിഷ്‌കാരങ്ങളും കേരളം നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ ഘടക കക്ഷികൾ പോലുമറിയാത്ത പി എം ശ്രീയും അതിന്റെ തുടർച്ച തന്നെ. ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള ഘടനാ മാറ്റങ്ങൾ അടക്കം ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ഉൾപ്പടെ നടപ്പാക്കുന്നതിൽ ഒരമാന്തവും ഇതുവരെ കാണിച്ചിട്ടില്ല. ഇപ്പോൾ കേന്ദ്രം പിടിച്ചു വച്ചിരിക്കുന്ന 1100 കോടി ഫണ്ട് നേടിയെടുക്കാൻ ഇതിലും ഒപ്പ് വച്ചിരിക്കുന്നു
എന്താണ് പി എം ശ്രീ പദ്ധതി?
ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പി എം സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ (PM SHRI - Pradhan Mantri Schools for Rising India). നിലവിലുള്ള 14,500-ൽ അധികം വിദ്യാലയങ്ങളെ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ന്റെ മാതൃകയിൽ നവീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

സർക്കാർ കൊട്ടിഘോഷിക്കുന്ന ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്
പി എം ശ്രീ വിദ്യാലയങ്ങൾ ആധുനികവും പരിവർത്തനപരവുമായ വിദ്യാഭ്യാസരീതി നടപ്പാക്കുന്ന മാതൃകാ വിദ്യാലയങ്ങളായി പ്രവർത്തിക്കും. ഇതിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ ഇവയാണ്:
എന്തുകൊണ്ട് എതിർക്കപ്പെടണം
പി എം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നടപ്പാക്കുന്നതിനുള്ള ഒരു മുഖ്യമാർഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഈ പദ്ധതിയിൽ ഒപ്പിടുന്നതിനെ ആദ്യം എതിർക്കാൻ കാരണം ഇതിലൂടെയുള്ള കേന്ദ്ര അജണ്ടയെക്കുറിച്ചുള്ള ആശങ്കകളാണ്.
ദേശീയ വിദ്യാഭ്യാസ നയം ആർക്കുവേണ്ടി
നീണ്ട 34 വർഷങ്ങൾക്ക് ശേഷം ഒരു പുതിയ വിദ്യാഭ്യാസനയം രാജ്യത്തിന് വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഖ്യാപന സമയത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള രാഷ്ട്രത്തിന്റെ വിദ്യാഭ്യാസ സ്വപ്നം എന്നാണ് പ്രധാനമന്ത്രി പുതിയവിദ്യാഭ്യാസ നയത്തെ വിശേഷിപ്പിച്ചത്. നീണ്ട ഒരിടവേളക്ക് ശേഷം ലോകം നാലാം വ്യാവസായിക വിപ്ലവത്തിന്റെ മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന, സാങ്കേതികവിസ്‌ഫോടനങ്ങളുടെ കാലഘട്ടത്തിൽ ഒരു പുതിയവിദ്യാഭ്യാസ നയം ഏറെ ചർച്ച ഒന്നും കൂടാതെ നടപ്പാക്കാൻ തീരുമാനിച്ചത് കൊണ്ട് കൂടിയാവാം ഒട്ടേറെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്നത്.
നയങ്ങൾ എപ്പോഴും സ്വപ്നങ്ങളോ കാഴ്ചപ്പാടുകളോ ആണ്. പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ. പ്രാവർത്തികമാക്കി മാറ്റിയാൽ ഒരു വലിയ മാറ്റവും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്വപ്നം മാത്രവുമായി മാറിപ്പോകുന്ന ഒന്നും. അതുകൊണ്ട് കൂടിതന്നെയാണ് പുതിയ വിദ്യാഭ്യാസ നയത്തെ മനോഹരവും വൈവിധ്യമാർന്നതും എന്നാൽ പ്രയോഗവൽക്കരിക്കാൻ വിഷമമുള്ളതുമായ ഒരു നയം എന്ന രീതിയിൽ വിശേഷിപ്പിക്കുന്നത്. ഏതൊരു നയത്തെയും ചർച്ചയ്ക്കി വിധേയമാക്കുമ്പോൾ ഗുണകരവും ദോഷപരവുമായ തലത്തിൽ നോക്കി കാണേണ്ടതുണ്ട്. പലപ്പോഴുംരാഷ്ട്രീയമായ കണ്ണിലൂടെ മാത്രം വസ്തുതകളെ നോക്കിക്കാണുന്ന തരത്തിലാണ് നമ്മുടെ സമൂഹത്തിൽ എല്ലാ വിഷയങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ട് കൂടിയാകണം പുതിയ വിദ്യാഭ്യാസ നയത്തെ പൂർണ്ണമായി എതിർക്കുവാനോ പൂർണ്ണമായി സ്വീകരിക്കുവാനോ കഴിയാത്തത്. ഒരു നയം നടപ്പിലാക്കുമ്പോഴാണ് അതിലെ അപകടങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവ മനസ്സിലാവുക. അല്ലാത്തിടത്തോളം ആകാംക്ഷയും തോന്നലുകളും ഭയവും ആവാം. അതുകൊണ്ടുതന്നെ രാഷ്ട്രീയമാനങ്ങൾക്കപ്പുറംഅക്കാദമികമായ വീക്ഷണത്തിലൂടെ പുതിയ നയത്തെ നോക്കിക്കാണേണ്ടതുണ്ട്. ഗുണപരമായവശങ്ങളെ പ്രോത്സാഹിപ്പിക്കുകയും ദോഷകരമായവയെ എതിർക്കുകയും വേണം.

നാലാം വ്യാവസായിക വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾ
പുതിയ വിദ്യാഭ്യാസ നയ പ്രഖ്യാപനം ചുരുങ്ങിയത് പത്ത് വർഷങ്ങൾക്കു മുമ്പെങ്കിലും ഉണ്ടാവേണ്ടിയിരുന്നു എന്നതാണ് ലോകത്തിലെ മാറ്റങ്ങളെ നോക്കിക്കാണുമ്പോൾ പ്രാഥമികമായി പറയാൻ കഴിയുന്നത്. ലോകം ഒരു പുതിയ സാമ്പത്തിക സാമൂഹിക ക്രമത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവം കേവലം ഒരു ചെറിയ മാറ്റം അല്ല ലോകത്ത് ഉണ്ടാക്കുന്നത്. അത് ലോകത്തെ ഒരു പുതിയ സാങ്കേതിക വിസ്‌ഫോടനവിപ്ലവത്തിലേക്ക് ആണ് നയിക്കുന്നത്. സിങ്കുലാരിറ്റി തിയറി എന്ന് ഒറ്റവാക്കിൽ അതിനെ വിശേഷിപ്പിക്കാം. ലോകസാമ്പത്തിക ഫോറത്തിന്റെ ഈ അടുത്ത് കഴിഞ്ഞ സെമിനാറിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ച രാഷ്ട്രത്തലവന്മാരോട് നടത്തിയ ശ്രദ്ധേയമായ ഒരു പ്രഭാഷണത്തിൽ (വെല്ലുവിളി എന്നതാവാം കൂടുതൽ ശരി) അദ്ദേഹത്തിൻറെ ഒരു ചോദ്യം എന്തുകൊണ്ട് ഞങ്ങളെ, ഞങ്ങളുടെ സാമ്പത്തിക മുന്നേറ്റങ്ങളെ രാഷ്ട്രങ്ങൾ മോണിറ്റർ ചെയ്യുന്നില്ല എന്നതായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അതിജീവനം (സർവൈവൽ ഓഫ് ദ ടൊൻറ്റി ഫസ്റ്റ് സെഞ്ചുറി) എന്നതായിരുന്നു സമ്മേളനത്തിന്റെ തലക്കെട്ട്.
ലോകത്ത് വരാൻ പോകുന്ന മാറ്റങ്ങളെയും അത്തരം മാറ്റങ്ങളെ പൊതുവായി ഉൾക്കൊള്ളാനും അതോടൊപ്പം ഒരു സമൂഹത്തെ സജ്ജമാക്കാനുമുള്ള പ്രയാണത്തിൽ ഭൂരിഭാഗം രാഷ്ട്രങ്ങളും എവിടെ എത്തി നിൽക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. 50 വർഷത്തിലേറെയായി ലോകസമ്പത്തിന്റെ ഭൂരിഭാഗം കയ്യടക്കി എണ്ണ വിപണി നേടിയെടുത്ത ഏകദേശം 6 ട്രില്യൺ ഡോളർ, കേവലം അഞ്ച് വർഷംകൊണ്ട് മുട്ടുകുത്തിച്ച ടെക് കമ്പനികൾ 9 ട്രില്യൺ ഡോളറിൽ എത്തിനിൽക്കുന്നു. വളരെ ലളിതമായി നോക്കിയാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കാൾ മുകളിലെത്താൻ ഗൂഗിൾ എടുത്ത സമയം കേവലം നാല് വർഷത്തിൽ താഴെയാണ്. നിർമിതബുദ്ധി മനുഷ്യന്റെ എല്ലാ ചിന്തകൾക്കുമപ്പുറം വ്യാപരിക്കുന്ന തലത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. നിലവിലെ സാമ്പത്തിക തൊഴിൽമേഖല ഡിസൈൻ, ഉൽപാദനം, വിതരണം എന്നീ മൂന്നു മേഖലകളിൽ ആണെങ്കിൽ മനുഷ്യന്റെ പങ്ക് അല്ലെങ്കിൽ വിദ്യാഭ്യാസം ഒരു തൊഴിൽ മാർഗ്ഗം എന്ന നിലയിൽ ഡിസൈനിലേക്ക് മാത്രംചുരുങ്ങിപ്പോകുന്ന അവസ്ഥ അതിവിദൂരമല്ലാതെ പ്രതീക്ഷിക്കുന്നു. അതുകൊണ്ടു കൂടിയാവാം സോളാർ സിറ്റി സ്ഥാപകനായഇലോൺ മസ്‌ക് ഈ കാലഘട്ടത്തെ, ഒന്നുകിൽ സർവ്വനാശത്തിന്റെ ഘട്ടം(era of Disruption) അല്ലെങ്കിൽ പ്രതീക്ഷകളുടെഘട്ടം(era of Hope )എന്ന രീതിയിൽ എടുക്കാൻ കഴിയും എന്ന് സൂചിപ്പിക്കുന്നത്.
നിലവിലെ നമ്മുടെ കരിക്കുലം, പ്രത്യേകിച്ച്, ഉന്നതസാങ്കേതിക വിദ്യാഭ്യാസം ഇപ്പോഴും ഊന്നൽ നൽകുന്നത് ഉൽപാദന വിതരണ മേഖലയെയാണ് എന്നും അങ്ങനെതന്നെ തുടർന്നാൽ നിലവിലെ 80 ശതമാനം ജോലികളും ലോകത്തിന് വേണ്ടാതാകും എന്നും അത്2030 ആകുമ്പോഴേക്ക് ജനസംഖ്യയുടെ സിംഹഭാഗം വരുന്ന യുവത്വത്തിൻറെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കുമെന്നും ചർച്ച ചെയ്യുമ്പോഴാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെപ്രസക്തിയുംസാംഗത്യവും നമുക്ക് തിരിച്ചറിയാൻ കഴിയുക. നിർമിതബുദ്ധി ലോകത്തെ ഒരു ഡിജിറ്റൽ കോളനിയാക്കുന്ന കാലം അതിവിദൂരമല്ല. മനുഷ്യന്റെ തലച്ചോറിന്റെപ്രവർത്തനക്ഷമതയേക്കാൾ അത് മുന്നോട്ട് കുതിക്കുമ്പോൾ നാം നിലവിലെ വിദ്യാഭ്യാസ രീതികൾ തന്നെ തുടർന്നാൽ അത് സൃഷ്ടിക്കുന്ന ഭീകരമായ അവസ്ഥ കേവലം വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, നമ്മുടെ സാമൂഹ്യസാമ്പത്തിക മേഖലയെ മൊത്തമായി പ്രതികൂലമായിബാധിക്കും എന്നത് നാം തിരിച്ചറിയേണ്ടതാണ്. ഗണിതപരിജ്ഞാനം ഇല്ലാതെ ഇനി ഒരു നിലനിൽപ് അസാധ്യമാവുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. Coding, De-coding, Data Analytics എന്നിവ എഞ്ചിനീയറിംഗ് വിഭാഗത്തിനേക്കാൾ കാർഷിക, മെഡിക്കൽ വിദ്യാഭ്യാസത്തിൽ പോലും മുഖ്യമായി തീരുന്നത് നാം മുഖവിലക്കെടുത്തേ മതിയാവൂ. നിർഭാഗ്യവശാൽ ഇത്തരം ചർച്ചകൾക്ക് പകരം വളരെ ബാലിശമായരീതിയിൽ മനുസ്മൃതിയും സാംസ്‌കാരികപൈതൃകവും അടങ്ങിയ സംവാദങ്ങളാണ് ബുദ്ധിജീവികളിൽനിന്നും വിദ്യാഭ്യാസ വിചക്ഷണരിൽ നിന്നും ഉയർന്നു വരുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം.
പുരാതന സംസ്‌കാരവും ആധുനിക സങ്കേതികവൈഭവങ്ങളും - ഒരേ നയത്തിലെ വ്യത്യസ്ത ഭാവങ്ങൾ
പുതിയ വിദ്യാഭ്യാസ നയത്തിൽ ചിലയിടങ്ങളിൽ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ തന്നെ അതിൽനിന്നു തികച്ചും വ്യത്യസ്തമായി ചിലയിടങ്ങളിൽ പൗരാണിക സാംസ്‌കാരികതയെ തിരിച്ചു കൊണ്ടുവരുന്നതും കാണുന്നു. വിദ്യാഭ്യാസം എന്നാൽ എന്ത് എന്നും അത് കേവലം അറിവ് നിർമ്മിക്കുകയല്ല മറിച്ച്, വൈവിധ്യമാർന്ന ലോകത്ത് ക്രിയാത്മകമായി മുന്നേറാനുള്ളതാണെന്നും അതിന് പ്രശ്‌നപരിഹാര ശേഷിയും നീതി, സമത്വം എന്നിവ പുലർത്തിയും പുതിയ ലോകക്രമത്തിന് അനുസരിച്ച് മാറാനുള്ളതുമായ ഒരു തയ്യാറെടുപ്പ് അനിവാര്യമാണ് എന്നുള്ളതിൽ തർക്കമൊന്നുമില്ല. വിദ്യാഭ്യാസനയത്തിന്റെ ആമുഖത്തിൽ ഇന്ത്യയുടെ ചരിത്രം മുതൽ പുതിയ കാലഘട്ടം (മെഷിൻ ലേർണിംഗ്) വരെ പ്രതിപാദിച്ചിട്ടുമുണ്ട് എന്നാൽ അതിനോടൊപ്പം നിലവിലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ Access, Equality, Quality, Affordability എന്നീ നാല് വിദ്യാഭ്യാസഅടിസ്ഥാന തത്വങ്ങൾക്ക് പകരം Knowledge, Wisdom, Truth എന്ന രീതിയിൽ താത്വികമായി മാറ്റം വരുത്തിയിരിക്കുന്നു.
ഇത് ആർഷഭാരത സംസ്‌കാരം നടപ്പിലാക്കാനുള്ള നിഗൂഢ അജണ്ടയായി വിവക്ഷിക്കപ്പെടുന്നു.
അറിവിനെയും വിജയത്തെയും സത്യത്തെയും ധർമ്മത്തെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുക എന്നത് വിദ്യാഭ്യാസത്തിലല്ല, മറിച്ച് ജീവിക്കുമ്പോൾ പ്രാവർത്തികമാക്കാനുള്ളതാണെന്നും അപ്പോഴേ അതിന് പ്രസക്തിയുള്ളൂ എന്നും നമുക്കനുമാനിക്കാം. അതുപോലെ തന്നെയാണ് വിദ്യാഭ്യാസ നയത്തിലെ അടിസ്ഥാനത്വങ്ങളെയും കാണാൻ കഴിയുക. ലോകത്തിനുതകുന്ന നല്ല പൗരൻമാരായി മാറുക, യാഥാർഥ്യചിന്തകളെ പ്രോൽസാഹിപ്പിക്കുക, ജീവിത നൈപുണികളെ വളർത്തുക, ശാസ്ത്രീയബോധം നിലനിലനിർത്തുക, സംസ്‌കാരങ്ങളും മൂല്യങ്ങളും വളർത്തുക എന്നതാണ് അടിസ്ഥാന തത്വങ്ങൾ. എന്നാൽ സംസ്‌കാരങ്ങളിൽ നിന്ന് ആധുനിക സംസ്‌കാരങ്ങളെ തമസ്‌കരിച്ച് പുരാതന മിത്തുകളെയും സംസ്‌കാരങ്ങളെയും മാത്രം എടുത്ത് അതിനെ ജാതീയമോ വർഗ്ഗീയമോ ആക്കി വിഭജിക്കുന്ന രീതിയിൽ പുതിയ നയം അസംബന്ധങ്ങളുടെ പ്രത്യയശാസ്ത്രമായി മാറ്റപ്പെടും എന്നതാണ് മറ്റൊരാശങ്ക. അതുകൊണ്ടു തന്നെ ഗാന്ധിജിയും അംബേദ്ക്കറും ഊന്നൽ നൽകിയ പുരോഗമന രാഷ്ട്ര സംസ്‌കാരത്തെ ത്യജിച്ചാൽ ഈ നയം വലിയ ഒരു വിപത്തും ചരിത്രപരമായ മണ്ടത്തരവുമായി മാറും എന്നുറപ്പാണ്. എന്നാൽ ഒരു ഭാഗത്ത് ഇത്തരം അവ്യക്തതകൾ നിലനിർത്തുമ്പോൾ തന്നെ മറുഭാഗത്ത് മാറുന്ന ലോകത്തിനനുസരിച്ച് പാഠ്യ പദ്ധതിയും പഠനപ്രവർത്തനങ്ങളും വികസിപ്പിക്കേണ്ടതിന്റെ പ്രസക്തിയും പ്രതിപാദിക്കുന്നുണ്ട് എന്നത് ശുഭസൂചകം തന്നെയാണ്. പുതിയ വിദ്യാഭ്യാസനയത്തിന്റെ കാഴ്ച്ചപ്പാട് (vision) പ്രതിപാദിക്കുന്ന സ്ഥലത്ത് ഓരോ കുട്ടിയെയും തിരിച്ചറിയുകയും അവരുടെ കഴിവുകളെ മനസ്സിലാക്കി അവർക്കിഷ്ടമുള്ള ലോകത്തേക്ക് വിഹരിക്കാവുന്ന തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറേണ്ടതുണ്ട് എന്നും സൂചിപ്പിക്കുന്നുണ്ട്.
ഘടനാപരമായ മാറ്റമല്ല, ഔപചാരിക ശിശുകേന്ദീകൃത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്യേണ്ടത്
സ്‌കൂളുകളുടെ ഘടനാപരമായ മാറ്റം 5+3+3+4 (Foundation, Preparation, Middle, Secondary) എന്നത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുവെങ്കിലും കാതലായ ഒരു മാറ്റവും NCF(National Curriculam Framework) 2005 ൽ നിന്ന് വ്യത്യസ്തമായി അതിൽ കാണുന്നില്ല. കാരണം ഇവിടെയും അവ നടപ്പിലാക്കുന്ന രീതി എങ്ങനെ എന്നു വ്യക്തമാക്കിയിട്ടില്ല. എന്നാൽ അധികമാരും ചർച്ച ചെയ്യാത്ത Foundation തലത്തെക്കുറിച്ച് അത് നടപ്പിലാക്കുന്ന ഘട്ടത്തിൽ വളരെയധികം കൂടിയാലോചനകൾ വേണ്ടതാണ്. മൂന്നുവയസ്സ് മുതൽ കുട്ടികളെ മുഖ്യധാരാ ഔപചാരിക പഠനത്തിലേക്ക് ആകർഷിക്കേണ്ടതിന്റെ പ്രസക്തി എന്താണ് എന്ന് നാം പുനരാലോചിക്കേണ്ടതുണ്ട്. ഒരുപക്ഷെ രക്ഷിതാക്കളുടെ പക്ഷത്തു നിന്നും ഇത്തരം നിർദേശങ്ങൾ വരാം. നമ്മുടെ നാട്ടിൽ കുട്ടി ജനിച്ചു കഴിഞ്ഞാൽ പിന്നീട് ഊണിലും ഉറക്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒരു യാഥാർത്ഥ്യമെങ്കിലും കൊച്ചു കുട്ടികളെ യൂണിഫോമും ടൈയും കെട്ടി ബാഗും കുടയുമായി കുത്തിനിറച്ച് ഓട്ടോയിലോ ബസ്സിലോ കയറ്റാ റ്റാറ്റാ പറഞ്ഞ് അയക്കുന്ന വിദ്യാഭാസ രീതിക്ക് ഔദ്യോഗിക രൂപവും ഭാവവും ഈ നയത്തിലൂടെ കൈവരികയാണ്. കുട്ടികൾ കളിച്ചും ചിരിച്ചും സംവദിച്ചും വീട്ടിലും മുറ്റത്തും തന്റെ ചുറ്റുമുള്ള ചെടികളെയും പൂമ്പാറ്റകളെയും പക്ഷിമൃഗാദികളെയും അച്ഛനമ്മമാരെയും കണ്ട്, അറിഞ്ഞ് നൈസർഗ്ഗികമായ അവരുടെ ശേഷികൾ വളർത്തുന്നതിനുപകരം തികച്ചും ഫോർമലായ
ഒരു പ്രീപ്രൈമറി വിദ്യാഭ്യാസം എന്ത് ഫലമാണ് ഉണ്ടാക്കുക?

തത്വചിന്തകനായ റൂസ്സോ, എമിലി എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിൽ പ്രീപ്രൈമറി, പ്രൈമറി വിദ്യാഭാസത്തെക്കുറിച്ച് പറഞ്ഞിടത്തൊക്കെ ഔപചാരിക വിദ്യാഭ്യാസം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ പ്രതികൂലമായി ബാധിക്കും എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രൈമറിക്ലാസ്സുകളിൽ മാതൃഭാഷയിലൂന്നിയ പഠനം എന്ന പുതിയനയം സ്വാഗതാർഹവുമാണ്. സ്‌കൂൾ തലത്തിൽ (എട്ടാംക്ലാസ്സുവരെയുള്ള ) മാതൃഭാഷ പഠനം കുട്ടികളിൽ ഭാഷാനൈപുണി വർധിപ്പിക്കും എന്നതിൽ സംശയമില്ല. കൊച്ചു പ്രായത്തിൽ ഉള്ള മാതൃഭാഷാ പഠനത്തിനെക്കുറിച്ച് തന്റെ വിഖ്യാത ഗ്രന്ഥമായ ജനനറേറ്റീവ് ഗ്രാമറിൽ നോബൽ ജേതാവും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്‌കി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: ചെറിയ പ്രായത്തിൽ ആയാസരഹിതമായി മാതൃഭാഷ കൈകാര്യം ചെയ്യുന്ന ഒരു കുട്ടിക്ക് ഏതു ഭാഷയും പിന്നീട് എളുപ്പത്തിൽ വഴങ്ങുന്നതായിരിക്കും. ഇത്തരത്തിലുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുമ്പോൾ അതിന് വേണ്ട സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക സംവിധാനങ്ങൾ എത്രത്തോളം നമ്മുടെ നാട്ടിൽ ഉണ്ട് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. ഉദാഹരണത്തിന് ഫൗണ്ടേഷൻ പഠനരീതികൾ മെച്ചപ്പെടുത്താൻ അംഗൻവാടികൾ സ്‌കൂളിനോടൊപ്പം പ്രവർത്തിച്ച് ഒരു ബാലവാടിക സ്‌കൂൾ കോംപ്ലക്‌സ് എന്ന രീതിയിൽ ആണ് ഇത് പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച് നയത്തിൽ പരാമർശിച്ചിട്ടുള്ളത്. ആശയപരമായി നല്ലതെങ്കിലും പ്രയോഗവൽക്കരിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണ് ഇക്കാര്യം.
മറ്റൊരു പ്രധാന കാര്യം നയത്തിൽ പരാമർശിച്ചിട്ടുള്ളത് കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, പഠന വിരസത എന്നിവ ഒരു യാഥാർത്ഥ്യം തന്നെയാണ്. അഭിജിത്ത് ബാനർജിയുടെ നോബൽ സമ്മാനം ഇതിന് പരിഹാരം എന്ന രീതിയിൽ ഉള്ള ചില നിർദ്ദേശങ്ങൾ നൽകിയതിനാണ്. കുട്ടികളെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻവേണ്ടി ഓപ്പൺ സകൂളുകളെ പ്രോത്സാഹിഹിപ്പിച്ചതുകൊണ്ടായില്ല, മറിച്ച് ഇത്തരം കൊഴിഞ്ഞുപോക്കിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് പ്രാദേശികമായി ഇറങ്ങി ചെന്ന് പരിഹരിക്കാനുതകുന്ന പദ്ധതികൾ ഉണ്ടാവേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഇവയൊക്കെ ശാശ്വതമായി പരിഹരിക്കാൻകഴിയൂ. മൂന്നാം ക്ലാസ് വരെ ഭാഷയും അടിസ്ഥാന ഗണിതവും മതി എന്ന ആശയം ലോകത്തിലെ പല രാജ്യങ്ങളും ഇതിനോടകം തന്നെ നടപ്പിലാക്കിയതാണ്. അത് ഏറെക്കുറെ നല്ല ആശയവുമാണ്. സ്‌കൂൾ തലത്തിൽ ശാസ്ത്ര, മാനവികവിഷയങ്ങൾക്കുണ്ടായിരുന്ന വേർതിരിവ് പുതിയ നയത്തിൽ ഒഴിവാക്കുകയാണ്. കുട്ടികൾക്ക് ഗണിത വിഷയങ്ങൾ, ശാസ്ത്ര വിഷയങ്ങൾ എന്നിവ വഴങ്ങാത്ത പക്ഷം മാനവികവിഷയങ്ങൾ പഠിച്ച് മുന്നേറാൻ കഴിയും എന്നത് ഒരർത്ഥത്തിൽ വിദ്യാർത്ഥി സൗഹൃദം തന്നെയാണ്. എന്നാൽ വിദ്യാർത്ഥികൾ അത് എങ്ങനെ എടുക്കും എന്നുള്ളിടത്ത് ചില പ്രായോഗിക പ്രശ്‌നങ്ങൾ കടന്നുവരാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗൗരവതരമായ സമീപനത്തെ ലഘൂകരിച്ച് എപ്പോൾ വേണമെങ്കിലും വരികയും പോവുകയും ചെയ്യാം എന്ന രീതിയിൽ പഠനം ഉപേക്ഷിച്ചു പോകുന്ന ആളുകളുടെ എണ്ണം കൂടുമോ എന്ന ചിന്തയും പ്രസക്തമാണ്.
വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പഠനം
സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പഠനം എന്നതിനെ വിമർശനാത്മകമായി ചിന്തിക്കുന്നവരുണ്ട്. പ്രഭാത് പട്‌നായിക്എഴുതിയ ലേഖനത്തിൽ പുതിയ നയം കുത്തകമുതലാളിത്തത്തിന്റെ ഉന്നമനത്തിനുവേണ്ടി കലാലയങ്ങളെ തൊഴിൽശാലകളാക്കി മാറ്റുവാനും കോർപ്പറേറ്റ് അജണ്ടകൾനടപ്പിലാക്കുന്നതിനുമാണ് എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലഭിരുചി വളർത്തുന്ന ധാരാളം പരിപാടികൾ നമുക്ക് പണ്ടു മുതലേ ഉണ്ടായിരുന്നു. ക്രാഫ്റ്റ്, വർക്ക് എക്‌സ്പീരിയൻസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മാത്രമല്ല മാറി വരുന്ന സാഹചര്യങ്ങളിൽ പഠനത്തോടൊപ്പം തൊഴിൽ പഠനം എന്നത് വളരെ നല്ല കാര്യമാണ്.
ഇത് കുട്ടികളുടെ താല്പര്യവും ആത്മവിശ്വാസവും വർധിപ്പിക്കും. ഇപ്പോൾ തന്നെ NSQF എന്ന രീതിയിൽ ഇന്ത്യ മുഴുവൻ ഒൻപതാം ക്ലാസ്സു മുതൽ തൊഴിൽ അധിഷ്ഠിത വിദ്യാഭാസം കേരളത്തിലുൾപ്പടെ നടക്കുന്നുണ്ട്. പഠനത്തോടൊപ്പം തൊഴിൽ എന്നത് പിന്നീട് പഠനവും വരുമാനവും എന്ന തരത്തിലേക്ക് മാറണം. പഠനപ്രക്രിയയും തൊഴിൽ വിദ്യാഭ്യാസവും രണ്ട് തട്ടിലല്ല നീങ്ങേണ്ടത്. കേരളത്തിൽ പോലും ഒൻപതാം ക്ലാസ്സിൽ ലെവൽ സർട്ടിഫിക്കറ്റ് കൊടുക്കുന്ന തരത്തിൽ പൊതുവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നു എങ്കിൽ അത്തരം എതിർപ്പുകളുടെ അടിസ്ഥാനം എന്താണ് എന്നാൽ അതിന് വേണ്ടി ഒരു കുട്ടി അടിസ്ഥാനപരമായി ആർജിക്കേണ്ട പൊതുചരിത്രം, സംസ്‌കാരം, സാഹിത്യം എന്നിവയെ ത്യജിച്ചുകൊണ്ടാവരുതെന്ന് മാത്രം. ഒൻപത് മുതൽ പന്ത്രണ്ട് ക്ലാസ് വരെയുള്ള കൗമാര വിദ്യാഭ്യാസം നയത്തിൽ ഒന്നായിപറയുകയും എന്നാൽ രണ്ടുതട്ടിൽ വേണമെങ്കിൽ ആവാം എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഉൾച്ചേർന്നു പോവേണ്ട വ്യത്യസ്ത സംസ്‌കാരങ്ങൾ
സ്‌കൂൾ തലത്തിൽ പഠിക്കേണ്ട / കരസ്ഥമാക്കേണ്ട സംസ്‌കാരങ്ങൾ, മൂല്യങ്ങൾ എന്നിവയെ കുറിച്ച് സവിസ്തരം നയത്തിൽ വിവരിക്കുമ്പോൾ തന്നെനമ്മുടെ ആർഷഭാരതസംസ്‌കാരത്തെ കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നത് വിമർശനവിധേയമാക്കാവുന്നതാണ്. ഓരോ പുതിയസംസ്‌കാരങ്ങളും പഴയ സംസ്‌കാരങ്ങളുടെ കൂട്ടിച്ചേർക്കൽ ആണ്. എന്നാൽ പഴയത് മാത്രം എടുത്ത് വയ്ക്കുക എന്നത് തികച്ചും അബദ്ധജടിലവും അസംബന്ധപ്രത്യയശാസ്ത്രവുമായി നമ്മുടെ വിദ്യാഭ്യാസം മാറിപ്പോകാൻ കാരണമാവും. അതുകൊണ്ട് എല്ലാ തരം സംസ്‌കാരങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കാൻ ഉതകുന്ന രീതിയിൽ കരിക്കുലം ഫ്രെയിംവർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. തികച്ചും ബ്രാഹ്‌മണിക്കലായ സവർണാധിപത്യ സംസ്‌കാരങ്ങൾക്കു പകരം ഗാന്ധിജിയുംഅംബേദ്കറും വിഭാവനം ചെയ്ത നവീന മതേതരസംസ്‌കാരങ്ങളാവണം കുട്ടികളിൽ എത്തേണ്ടത്.
അക്കാദമിക സ്വയം ഭരണവും സാമ്പത്തിക അസമത്വവും
പുതിയ നയം ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിലെ ഗുണമേന്മാ വർധനവിനെ വലിയ രീതിയിലൊന്നും പരാമർശിക്കുന്നില്ല എന്നത് ദു:ഖകകരമായ വസ്തുതയാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ അനിവാര്യമാണ്. ലോകം സാങ്കേതികമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അത്തരം മാറ്റങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാനുതകുന്ന ക്രിയാത്മകമായ നിർദേശങ്ങൾ ഒന്നും പുതിയ നയത്തിൽ കാണുന്നില്ല. എന്നാൽ അതേസമയം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വയംഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്. ഉന്നതവിദ്യാഭ്യാസം ഓട്ടോണമസ് തലത്തിലേക്ക് വരുമ്പോൾ ചില അക്കാദമിക മേന്മകളും സ്വാതന്ത്ര്യങ്ങളും ഉണ്ടാകും എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇന്ത്യയിലെ തന്നെ ഗുണമേന്മയുള്ള സ്ഥാപനങ്ങൾ മിക്കതും ഡീംഡ് സ്റ്റാറ്റസ് ഉള്ളവയും സ്വയംഭരണ സ്ഥാപനങ്ങളുമാണ്. അവയ്ക്ക് അക്കാദമിക സ്വാതന്ത്ര്യം കൂടുതലും രാഷ്ട്രീയ ഇടപെടൽ കുറവും ആയിരിക്കും.

എന്നാൽ ഇതിന്റെ ഗുരുതരമായ എതിർവശം ഇവിടെ ഈടാക്കുന്ന ഉയർന്ന ഫീസ് നിരക്കാണ്. നിലവിൽ ഐഐഎം, ഐഐടി എന്നിവിടങ്ങളിലും മറ്റും പഠിച്ച് പുറത്തിറങ്ങുന്ന നമ്മുടെ കുട്ടികൾ കുത്തക കമ്പനികളിൽ ജോലി ചെയ്യുന്നതിന്റെ കാരണങ്ങളിലൊന്ന് തിരിച്ചടക്കേണ്ട ബാങ്ക് ലോണും ഉയർന്ന പലിശ നിരക്കും ആണ് എന്നത് ഓർക്കേണ്ട കാര്യമാണ്.സ്വന്തം കഴിവുപയോഗിച്ച്സംരംഭം കെട്ടിപ്പടുക്കാനും അത് വിജയകരമായി നടത്തി മറ്റുള്ളവർക്ക് തൊഴിൽ നൽകി രാഷ്ട്രപുരോഗതിക്കു മുന്നിൽ നിൽക്കുവാനും നമ്മുടെ മിടുക്കരായ കുട്ടികൾക്ക് കഴിയാത്തതു കൊണ്ടല്ല, മറിച്ച് പലർക്കും പഠനത്തോടൊപ്പം വരുന്ന വലിയ സാമ്പത്തിക ബാധ്യത അവരെ തൊഴിൽമേഖലകളിലേക്ക് തളച്ചിടുവാൻ നിർബ്ബന്ധിതരാക്കുന്നു. ഉന്നതവിദ്യാഭ്യാസം പൂർണ്ണമായി ഓട്ടോണമസ് ആകുമ്പോൾ ഇന്ത്യയിലെ എത്ര ശതമാനം കുട്ടികൾക്ക് വിദ്യാഭ്യാസം സാധ്യമാകും എന്നത് ഗുരുതരമായ പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും താങ്ങാൻ കഴിയുന്ന ഫീസ് നിരക്ക് ഏർപ്പെടുത്തി മെറിറ്റ് അടിസ്ഥാനപ്പെടുത്തിയ അഡ്മിഷൻ രീതികൾ നടപ്പിലാക്കാൻ നിയമനിർമ്മാണം നടത്തേണ്ടിവരും. എന്നാൽ ഇത് എളുപ്പം ആയിരിക്കില്ല.
മറ്റൊരു നിർദ്ദേശം ഓരോ വർഷവും കുട്ടികൾക്ക് പഠനം നിർത്താനും പിന്നീട് ഇഷ്ടത്തിനനുസരിച്ച് തുടരാനും സാധ്യമാവുന്ന രീതിയിലുള്ള ആഗമന നിർഗ്ഗമന രീതി നടപ്പിലാക്കുക എന്നതാണ്. ഒന്നാം വർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കേഷൻ, രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ ഡിപ്ലോമ, മൂന്നുവർഷവും വിജയകരമായി പൂർത്തിയാക്കിയാൽ ഡിഗ്രി അതിനു ശേഷം ഗവേഷണം എന്ന രീതി നല്ല ആശയമാണ്. ഇന്ത്യയിൽ ഇന്ദിരാഗാന്ധി സർവകലാശാല അവരുടെ ഉന്നതബിരുദങ്ങൾ ഈ രീതിയിൽ നടപ്പാക്കി വിജയിച്ചിട്ടുണ്ട്. പല വിദേശ യൂനിവേഴ്‌സിറ്റികളും ഈ രീതി കാലങ്ങളായി അവലംബിച്ചു വരുന്നുണ്ട്.
അധ്യാപക ശാക്തീകരണത്തിന് ദേശീയ നൈപുണിനിലവാര സൂചിക
മറ്റൊരു വ്യതിയാനം പഠിതാവ് കേന്ദ്രീകൃത രീതിയിൽ നിന്ന് അധ്യാപക കേന്ദ്രീകൃത രീതിയിലേക്ക് പുതിയ നയം ചുവടുവെയ്ക്കുന്നു എന്ന ചില സൂചനകൾ നൽകുന്നു എന്നതാണ്. തീർച്ചയായും അധ്യാപകർക്ക് വിദ്യാഭ്യാസത്തിൽ മുഖ്യ പങ്ക് ഉണ്ട്. എന്നാൽ വിദ്യാഭ്യാസം പഠിതാവ് കേന്ദ്രീകൃതം തന്നെയായിരിക്കണം. പഠിതാവിന്റെ ആവശ്യങ്ങളെ സഹായിക്കുന്ന, അവരുടെ സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കാൻ പ്രേരിപ്പിക്കുന്ന പങ്കാളിയുടെ റോളിലാണ് അധ്യാപകൻ ഉണ്ടാവേണ്ടത്. അതുകൊണ്ട് തന്നെ പുതിയ നയത്തിലെ അധ്യാപക ശാക്തീകരണം, പ്രൊഫഷണൽ ഡവലപ്പ്‌മെന്റ് എന്നിവ ആശയപരമായി ശരിയെങ്കിലും അവ നടപ്പിലാക്കുവാനുള്ള നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. അധ്യാപകരുടെ അടിസ്ഥാന ശേഷികൾ കേന്ദ്രീകൃതരീതിയിൽ ചിട്ടപ്പെടുത്തുകയും (National Professional Standard) അതിനനുസൃതമായി പരിശീലനവും പരിപാടികളും ആവിഷ്‌കരിക്കുക എന്നതും അശാസ്ത്രീയമാണ്.
അധ്യാപകർക്ക് വേണ്ട കഴിവുകൾ ഏകമാനക നിലവാര സൂചികകൾ ഉപയോഗിച്ച് അളക്കുവാൻ അസാധ്യമാണ്. കാരണം അധ്യാപനം എന്നത് ഒരു തൊഴിൽ എന്നതിനേക്കാൾ ഒരു കല എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. വ്യത്യസ്ത കുട്ടികൾ, നാടുകൾ, ഭാഷകൾ, സംസ്‌കാരങ്ങൾ എല്ലാം വൈവിധ്യവും വ്യത്യസ്തവുമായ ഒരു രാജ്യത്ത് ഏകീകൃത പഠന രീതികൾ അവലംബിക്കുകഎന്നത് ഉചിതമല്ല. അതുകൊണ്ട് തന്നെ അത്തരം വൈവിധ്യവും വ്യത്യസ്തവുമായ പഠന പ്രക്രിയകളിൽ പങ്കാളിയാവേണ്ട അധ്യാപകരുടെ ശേഷികൾ പ്രാദേശിക-സംസ്ഥാന തലത്തിൽ തിട്ടപ്പെടുത്തുക എന്നതിനപ്പുറം അവരുടെ പ്രൊഫഷണൽ സ്റ്റാൻഡേർഡിന് ഒരു ദേശീയസൂചിക തയ്യാറാക്കി നടപ്പിലാക്കുക എന്നത് അപ്രായോഗികമാണ്.

അതുപോലെ തന്നെയാണ് ദേശീയതലത്തിൽ പരിശീലന കേന്ദ്രങ്ങൾ, ടെക്സ്റ്റ് ബുക്ക് നിർമാണം എന്നതും. ചുരുക്കിപ്പറഞ്ഞാൽ പുതിയ വിദ്യാഭ്യാസ നയം ധാരാളം പുരോഗമനപരമായ ആശയങ്ങൾ (ലോകത്തിലെ പലരാജ്യങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്) മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ അതിന്റെ പ്രായോഗികത, അതിനു വേണ്ടി ചെലവഴിക്കുന്ന പണം, പദ്ധതി രൂപരേഖ മുതലായവയും എങ്ങനെ അവയൊക്കെ പ്രാവർത്തികമാക്കുന്നു എന്നതിനും അനുസരിച്ചായിരിക്കും പുതിയ നയത്തിന്റെ വിജയവും പരാജയവും. ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് (നാഷണൽ കരിക്കുലം ഫ്രെയിം വർക്ക്) തയ്യാറാക്കുമ്പോഴാണ് അത്തരം ചർച്ചകൾ കൂടുതൽപ്രസക്തമാവുന്നത്. ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മുൻവിധിക്ക് പകരം മാറ്റങ്ങൾ ഉൾക്കൊള്ളാനുംനയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് പൂർണസ്വാതന്ത്ര്യം നൽകികൊണ്ട് നടപ്പിലാക്കാൻ ശ്രമിക്കുവാനും ഒപ്പം സുതാര്യമായി എല്ലാ കാര്യങ്ങളെയും സമീപിക്കുവാനുമുള്ള പക്വത കേന്ദ്രസർക്കാർ കാണിക്കേണ്ടതുണ്ട്. നമ്മുടെ യുവത്വത്തെ മാത്രം മുന്നിൽകണ്ടുകൊണ്ട് പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിച്ചാൽ മാറുന്ന ലോകത്തേക്ക് നമുക്ക് മുന്നേറാൻ കഴിയും. മറിച്ച്, പുതിയ വിദ്യാഭ്യാസ നയത്തെ മുൻ നിർത്തി ഒരു ദേശീയ അക്കാദമിക സമഗ്രാധിപത്യം സ്ഥാപിക്കാനും ഫെഡറലിസത്തെ തകർക്കാനും ശ്രമിക്കുകയാണെങ്കിൽ അതൊരു ദുരന്തവുമായിരിക്കും.
(ലേഖകൻ മുൻ സംസ്ഥാന കരിക്കുലം കമ്മറ്റി അംഗം ആണ്)
Content Highlights: Pros and cons of PM SHRI and NEP