
യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ 2025–2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ഇടക്കാല അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 13 മുതൽ ഒക്ടോബർ 17 വരെ ഒരാഴ്ചക്കാലമാണ് സ്കൂളുകൾക്ക് അവധിയുണ്ടാകുക. ഒക്ടോബർ 20 മുതൽ എല്ലാ സ്കൂളുകളിലും ഗ്രേഡ് തലങ്ങളിലും ക്ലാസുകൾ പുനരാരംഭിക്കും.
സ്കൂളുകളിൽ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഒക്ടോബർ 13 മുതൽ 15 വരെ പ്രത്യേക പരിശീലന പരിപാടികളുണ്ടാകും. ഈ അധ്യയന വർഷം മുതൽ യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണിത്. ഇതിനുശേഷം ഒക്ടോബർ 16 മുതൽ 19 വരെയായിരിക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഇടക്കാല അവധി ലഭിക്കുക.
സ്കൂളുകളിലെ പുതിയ സമയക്രമം പഠനവും വിശ്രമവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ പ്രതികരിച്ചു. ഇത് വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം അധികൃതർ പ്രതികരിച്ചു. സുഗമവും ഫലപ്രദവുമായ ഒരു അധ്യയന വർഷം ഉറപ്പാക്കും. വ്യക്തവും ചിട്ടയായതുമായ ഒരു ടൈംടേബിൾ അനുസരിച്ച് അക്കാദമിക് പദ്ധതികൾ നടപ്പിലാക്കാമെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
അതിനിടെ അവധിക്കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും അവധി ദിവസങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാനും സ്കൂൾ അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
Content Highlights: UAE schools announce mid-term break dates for first semester