പണ്ടേ ബിരിയാണി തീവ്രഹിന്ദുത്വയ്ക്ക് അത്ര രുചിച്ചിട്ടില്ല; സ്ക്രീനിലെ ബീഫ് നിരോധനം

ഹിറ്റ്‌ലറുടെ ഭരണം അവസാനിക്കുന്നതുവരെ സിനിമ വിട്ടുവീഴ്ചയുടെ ഒരു ഉല്പന്നമായി തുടര്‍ന്നു, ഇത് ചരിത്രം.

പണ്ടേ ബിരിയാണി തീവ്രഹിന്ദുത്വയ്ക്ക് അത്ര രുചിച്ചിട്ടില്ല; സ്ക്രീനിലെ ബീഫ് നിരോധനം
രമ്യ ഹരികുമാർ
4 min read|10 Oct 2025, 09:56 am
dot image

നാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക്.. ചരിത്രം 1933 എന്ന വര്‍ഷത്തെ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. 1933ലാണ് ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരത്തിലേറുന്നതും ജര്‍മനിയെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതും. രാജ്യത്തിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനായി അധികാരത്തിലേറിയ ഹിറ്റ്‌ലര്‍ ഒരു നവീന ആശയം മുന്നോട്ടുവച്ചു, ദി പ്രൊപ്പഗാന്‍ഡ മിനിസ്ട്രി! മന്ത്രാലയം നോക്കി നടത്താനാവശ്യപ്പെട്ടത് ജര്‍മന്‍ നാസി രാഷ്ട്രീയക്കാരനായ ജോസഫ് ഗീബൽസിനോടാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയായിരുന്നു ലക്ഷ്യം. ഗീബൽസാകട്ടെ രാജ്യത്തെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സിനിമ, റേഡിയോ, മറ്റുമാധ്യമങ്ങള്‍ തുടങ്ങി എല്ലാം നിയന്ത്രിക്കാനാവുന്ന ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തി. വാര്‍ത്തയുടെ ഉള്ളടക്കം മുതല്‍ എഡിറ്റോറിയല്‍ പേജില്‍ വരെ എന്തുപോകണം, ഒരു സിനിമയുടെ ഉള്ളടക്കം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത് ഈ പ്രൊപ്പഗാന്‍ഡ മിനിസ്ട്രി ആയിരുന്നു. ഹിറ്റ്‌ലറുടെ ഭരണം അവസാനിക്കുന്നതുവരെ സിനിമ വിട്ടുവീഴ്ചയുടെ ഒരു ഉല്പന്നമായി തുടര്‍ന്നു, ഇത് ചരിത്രം.

പ്രത്യക്ഷത്തില്‍ ഇന്ത്യയില്‍ നാസി ഭരണകൂടത്തിനുണ്ടായിരുന്ന പോലൊരു പ്രൊപ്പഗാന്‍ഡ മിനിസ്ട്രിയില്ല, പക്ഷെ ആ ദൗത്യം സെന്‍സര്‍ ബോര്‍ഡിലൂടെ ഇവിടുത്തെ ഹിന്ദുത്വ ഭരണകൂടം കൃത്യമായി നടപ്പാക്കുന്നുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് സ്‌ക്രീനിലും ബീഫ് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹാല്‍ എന്ന ചിത്രത്തിന് നേരെയുള്ള സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്. ധ്വജപ്രണാമം, രാഖി പരാമര്‍ശം, ഗണപതിവട്ടം തുടങ്ങിയ പരാമര്‍ശങ്ങളെല്ലാം സാംസ്‌കാരിക സംഘടനകളെ ഇകഴ്ത്തിക്കാട്ടുന്നു എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. ഇതിഹാസ കൃതിയായ രാമായണത്തിലെ സീതയുടെ പേരാണ് ജാനകി എന്ന വിചിത്ര കാരണം ഉന്നയിച്ച്, കേന്ദ്രമന്ത്രി അഭിനയിച്ച ചിത്രത്തിന്റെ പേരുമാറ്റാന്‍ നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നതാണ് ഇന്ത്യയിലെ 'പ്രജ'കളായ നമ്മുടെ തെറ്റ്.

അല്ലെങ്കിലും പണ്ടേ ബിരിയാണി തീവ്രവലതുപക്ഷത്തിന് അത്ര രുചിച്ചിട്ടില്ല. ഓര്‍മയില്ലേ, നയന്‍താര കേന്ദ്രകഥാപാത്രമായെത്തിയ അന്നപൂരണി എന്ന ചിത്രം മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്തത്. ചിത്രത്തില്‍ പൂജാരിയുടെ മകളായെത്തിയ നയന്‍താര ബിരിയാണി പാകം ചെയ്തു, പാചകത്തിന് മുന്‍പ് നിസ്‌കരിച്ചു അതുംപോരാതെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ ഈ രംഗങ്ങളൊന്നും സെന്‍സര്‍ബോര്‍ഡിന്റെ കണ്ണില്‍ പെട്ടില്ല. തിയേറ്ററില്‍ പരാജയമായ ചിത്രം ഒടിടിയില്‍ വന്നപ്പോഴാണ് ഒളിഞ്ഞിരിക്കുന്ന അപകടം പലരും കണ്ടെത്തിയത്. ഉടനെ മതവികാരം വ്രണപ്പെട്ടു, ചിത്രം ഒടിടിയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായി എന്നുമാത്രമല്ല, ചിത്രത്തില്‍ അഭിനയിച്ച നയന്‍താര ക്ഷമാപണവും നടത്തി. അതോടെയാകണം ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കണം എന്ന് സെന്‍സര്‍ ബോര്‍ഡിന് വെളിപാടുണ്ടായതും ഇത്തവണ സ്‌ക്രീനിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതും. തങ്ങളുടേതല്ലാത്ത സംസ്‌കാരങ്ങളോട്, മതവിശ്വാസങ്ങളോട് മാത്രമാണോ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് ഈ ഭയം. അല്ല, ഓര്‍മകളെ.. സ്വന്തം ചരിത്രത്തെപ്പോലും അവര്‍ ഭയക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമായിരുന്നു എമ്പുരാന്‍ എന്ന ചിത്രത്തിന് നേരിട്ട 24 കടുംവെട്ടുകള്‍!

ചിത്രത്തില്‍ 2002ലെ ഗുജറാത്ത് വംശഹത്യയെ നാമമാത്രമായി പരാമര്‍ശിച്ചതുപോലും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാതെ പോയത് അതുകൊണ്ടാണ്. ആ പ്രതിരോധമാണ് 24 വെട്ടിന്റെ രൂപത്തില്‍ എമ്പുരാന് മേല്‍ വീണത്. ചരിത്രം തിരുത്തിയെഴുതുക എന്നുള്ളത് ചരിത്രം അവകാശപ്പെടാനില്ലാത്ത ഭരണകൂടത്തിന്റെ പതിവുനീക്കങ്ങളില്‍ ഒന്നുമാത്രമാണ്. തങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രം വിശ്വസിക്കാന്‍ അവര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതും വിമര്‍ശനങ്ങളെ നേരിടാന്‍ ഭയക്കുന്നതും അതുകൊണ്ടാണ്. ആ ഭയത്തില്‍ നിന്നാണ് തങ്ങള്‍ക്കെതിരായ എല്ലാ നീക്കങ്ങളെയും അതെത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അടിച്ചമര്‍ത്തണമെന്ന ചിന്ത ഇളപൊട്ടുന്നത്. ഇന്‍ക്ലൂസീവ് പൊളിറ്റിക്കല്‍ സിസ്റ്റമാണെങ്കില്‍ മാത്രമേ വിയോജിപ്പുകളെയും ഉള്‍ക്കൊള്ളാനാകൂ, തെറ്റുതിരുത്തി മുന്നോട്ടുപോകാനാവൂ. അതൊരു ജനാധിപത്യ ഇടമാണ്. ആ സ്‌പേസാണ് അടിച്ചമര്‍ത്തലുകളിലൂടെ ഇല്ലാതാക്കപ്പെടുന്നത്.പകരം സൃഷ്ടിക്കപ്പെടുന്നത് അധികാരത്തിന്റെ ഇടവും..ആ ഇടത്തില്‍ അവര്‍ കാണാനാഗ്രഹിക്കുന്നത് തങ്ങളെ പിന്തുണയ്ക്കുന്ന സ്തുതിപാഠകരെ മാത്രമാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും മതേതരമൂല്യങ്ങള്‍ക്കും ഒപ്പമാണെന്നല്ല, അധികാരവര്‍ഗത്തിനൊപ്പമാണെന്ന ഉത്തരമാണ് അവിടെ അവര്‍ക്ക് വേണ്ടത്.

സിനിമ സാഹിത്യവും മറ്റുകലകളുമെന്നപോലെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പ്രതിരൂപങ്ങളാണ്. അവയ്ക്ക് ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന് ഭരണകൂടത്തിന് നന്നായിട്ടറിയാം. പക്ഷെ അദൃശ്യമായ ഒരു നിരോധനം സിനിമയ്ക്ക് മുകളിലെന്നുമുണ്ട്. അതുകൊണ്ടാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഒരു ഭരണഘടന ഉണ്ടായിട്ടുപോലും ഭരണകൂട താല്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സെന്‍സര്‍ ബോര്‍ഡ് എന്ന കടമ്പ എല്ലാ സിനിമകളും കടക്കേണ്ടി വരുന്നത്. ഭരണകൂട താല്പര്യങ്ങളോടുള്ള എതിര്‍പ്പിന് മൂര്‍ച്ഛ കൂടുന്തോറും അടിച്ചമര്‍ത്തലും കടുക്കും. കൂട്ടാക്കത്തവരെ അവര്‍ മുന്നുംപിന്നും നോക്കാതെ നേരിടും..ബോയ്‌ക്കോട്ട് ചെയ്യും, അപവാദപ്രചാരണങ്ങള്‍ അഴിച്ചുവിടും, അവരുടെ വീടുകളില്‍ ഇഡി കയറിയിറങ്ങും. ആവിഷ്കാര സ്വാതന്ത്രത്തിൻ്റെ ഉദാത്തത പ്രകടമാകുന്ന കലയും അതിൻ്റെ തലച്ചോറാകുന്ന കലാകാരന്മാരും ഇന്ന് ഇത്തരം അടിച്ചമർത്തലുകളിലൂടെ കടന്ന് പോകുകയാണ് എന്ന് തന്നെയാണ് ഹാൽ സിനിമയുടെ വിവാദം അടിവരയിടുന്നത്.

Content Highlights: Censor Board's Cut on Films

dot image
To advertise here,contact us
dot image