'രാവണപ്രഭു കാണുമ്പോൾ ഇന്നസെന്റിനെ വല്ലാതെ മിസ് ചെയ്യും.. അവരിന്നില്ല എന്നോർക്കുമ്പോൾ സങ്കടം തോന്നും,' സരയു

സ്‌ക്രീനിൽ ചിലരെ കാണുമ്പോൾ ഇപ്പോൾ അവർ നമ്മുടെ കൂടെ ഇല്ലല്ലോ എന്നത് ഒരു സങ്കടമാണ്. ഇന്നസെന്റ് അങ്കിളിനെ കാണുമ്പോൾ കണ്ണു നിറയും

'രാവണപ്രഭു കാണുമ്പോൾ ഇന്നസെന്റിനെ വല്ലാതെ മിസ് ചെയ്യും.. അവരിന്നില്ല എന്നോർക്കുമ്പോൾ സങ്കടം തോന്നും,' സരയു
dot image

രാവണപ്രഭു റീ റിലീസിനെ ആഘോഷമാക്കി മോഹൻലാൽ ആരാധകർ. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രിവ്യു കണ്ടിറങ്ങിയ നടി സരയുവിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്‌ക്രീനിൽ ചിലരെ കാണുമ്പോൾ ഇപ്പോൾ അവർ നമ്മുടെ കൂടെ ഇല്ലല്ലോ എന്നത് സങ്കടമാണെന്നും സരയു പറഞ്ഞു.

'നമ്മുടെ ബാല്യകാലത്തും യൗവ്വനകാലത്തും കണ്ട ഒരേ മനുഷ്യനെ വീണ്ടും സ്‌ക്രീനിൽ കണ്ട് ആസ്വദിക്കാൻ കഴിയുക എന്നത് വേറെ തന്നെ ഒരു അനുഭവം ആണ്. ലാലേട്ടൻ അന്നും തൂക്കി ഇന്നും തൂക്കി ഇനി അങ്ങോട്ടും തൂക്കും. ലാലേട്ടൻ്റെ കാര്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം. സ്‌ക്രീനിൽ ചിലരെ കാണുമ്പോൾ ഇപ്പോൾ അവർ നമ്മുടെ കൂടെ ഇല്ലല്ലോ എന്നത് ഒരു സങ്കടമാണ്. ഇന്നസെന്റ് അങ്കിളിനെ കാണുമ്പോൾ കണ്ണു നിറയും. ജീവിതത്തിലും ഓൺ സ്ക്രീനിലും നമ്മുക്ക് അങ്ങനെ ഒരു വാര്യർ അമ്മാവൻ ഇല്ലാത്ത അവസ്ഥയാണ്.

ലാലേട്ടന്റെ ഇനി ഏത് സിനിമ വീണ്ടും തിയേറ്ററിൽ വന്നാലും കാണാൻ റെഡി ആണ്. ലാലേട്ടന്റെയും മമ്മൂട്ടിയുടേയും നമ്മൾ ആഘോഷിച്ച ഏത് സിനിമ വന്നാലും ആവേശമാണ്. ബാല്യകാലം ഏറ്റവും നന്നായി കളർഫുൾ ആക്കി തന്ന, സിനിമയിലേക്ക് നമ്മളെ അടുപ്പിച്ച സിനിമകളാണ് ഇവർ നമ്മുക്ക് വേണ്ടി തന്നത്. അതുകൊണ്ട് ഏത് വന്നാലും സന്തോഷം ആണ്,' സരയു പറഞ്ഞു.

അതേസമയം, തിയേറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വീഡിയോയും തിയേറ്ററിൽ പ്രദർശിപ്പിച്ചു. ഇന്ന് രാവിലെ 7.30 മുതൽ ആണ് രാവണപ്രഭുവിന്റെ ഷോകൾ എല്ലായിടത്തും ആരംഭിക്കുന്നത്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights: Sarayu says she will miss Innocent when sees Ravanaprabhu

dot image
To advertise here,contact us
dot image