
യശസ്വി ജയ്‌സ്വാൾ ഇരട്ടസെഞ്ച്വറിയിലേക്ക്
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യ വമ്പൻ സ്‌കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. 173 റൺസുമായി യശസ്വി ജയ്‌സ്വാളും 20 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. സായ് സുദർശൻ, കെഎൽ രാഹുൽ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
253 പന്തുകൾ നേരിട്ട ജയ്‌സ്വാൾ 22 ഫോറുകളടിച്ചാണ് 173 റൺസ് നേടിയത്. ഓപ്പണിങ്ങിൽ രാഹുലുമൊത്തും, പിന്നീട് സായ്‌ക്കൊപ്പവും മികച്ച കൂട്ടുക്കെട്ടാണ് ജയ്‌സ്വാൾ സൃഷ്ടിച്ചത്. രാഹുൽ 38 റൺസ് നേടിയപ്പോൾ സുദർശൻ 87 റൺസ് നേടി പുറത്തായി. ശുഭ്മാൻ ഗില്ലാണ് ജയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രാഹുലും ജയ്‌സ്വാളും ഇന്ത്യക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 58 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ സുദർശനും ജയ്്‌സ്വാലും സ്‌കോറിങ്ങിന്റെ വേഗത കൂട്ടി. രണ്ടാം വിക്കറ്റിൽ 193 റൺസാണ് ഇരുവരും ചേർത്തത്.
ഗില്ലും ജയ്‌സ്വാളും മൂന്നാം വിക്കറ്റിൽ ഇതുവരെ 67 റൺസിന്റെ കൂട്ടുക്കെട്ട് സൃഷ്ടിച്ചിട്ടുണ്ട്.
ഈ മത്സരത്തിൽ വിജയിച്ചാൽ സമ്പൂർണ ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം വിജയിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനും ഇറങ്ങുന്നത്.
Content Highlights- India vs Wi day One score