
പോണ്ടിച്ചേരി സർവകലാശാലയിൽ സമാധാനപരമായി സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും ക്രൂരമായി മർദിച്ചുവെന്നും പരാതി. ക്യാമ്പസിനുള്ളിൽ വെച്ച് ഒരു
അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്താണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനെതിരെ കോളേജിലെ ഇന്‍റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അക്രമമുണ്ടായതും പ്രവർത്തകരെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതും.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്യാമ്പസിനുള്ളിൽ വെച്ച് ഒരു വിദ്യാർത്ഥിനിക്ക് നേരെ ജിയോളജി വകുപ്പിലെ ഒരു പ്രൊഫസർ സ്വയംഭോഗം ചെയ്തു എന്നാണ് വിദ്യാർത്ഥികളുടെ പരാതി. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്റർണൽ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല എന്നാണ് ആരോപണം. ഇതോടെ വിദ്യാർത്ഥികൾ സമരത്തിനിറങ്ങുകയായിരുന്നു.
ഇതിനിടെ കോളേജ് അധികൃതർ വിദ്യാര്‍ത്ഥികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും ഇത് ഫലം കണ്ടില്ല.
വെെസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സ്റ്റുഡന്‍റ് വെല്‍ഫെയര്‍ വിഭാഗം മേധാവി എന്നിവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഇറങ്ങിപ്പോയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടർന്ന് വീണ്ടും വിദ്യാർത്ഥികൾ സമരത്തിനിറങ്ങുകയായിരുന്നു. ഇതിനിടെ ക്യാമ്പസിൽ നിലയുറപ്പിച്ചിരുന്ന സ്പെഷ്യൽ ഫോഴ്‌സ്, പൊലീസ് എന്നിവർ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുകയും മർദിച്ച ശേഷം കേസെടുക്കുകയും ചെയ്തു എന്നാണ് ആരോപണം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല. മാത്രമല്ല, പരസ്യമായി സ്വയംഭോഗം ചെയ്ത അധ്യാപകനെ അനുകൂലിക്കുന്ന സമീപനമായിരുന്നു പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
ഇന്‍റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് മുൻപാകെ വരുന്ന പരാതികളിൽ കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല എന്ന ആക്ഷേപവും വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്. പരാതികളിൽ വേണ്ടത്ര തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും 90 ദിവസത്തിനകം ട്രയൽ വേണമെന്നിരിക്കെ ഒരു വർഷമായിട്ടും പല പരാതികളിലും നടപടികളെടുത്തിട്ടില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു.
Content Highlights: police assaulted student protestors at pondichery university