
ദുബായിൽ കാമുകിയെ കൊലപ്പെടുത്തിയ അറബ് യുവാവിന് വധശിക്ഷ നൽകിയ ദുബായ് ക്രിമിനൽ കോടതി വിധി ശരിവെച്ച് എമിറേറ്റ്സ് അപ്പീൽ കോടതി. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തും മനപൂർവവുമാണ് നടത്തിയതെന്ന് കോടതി വിധിച്ചു. 2020 ജൂലൈയിൽ ദുബായിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് കൊലപാതകം നടന്നത്. യൂറോപ്പിൽ നിന്നുള്ള 24കാരിയായ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും താനുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതി കൊലപാതകം നടത്തിയത്.
ദിവസങ്ങളോളം യുവതിയെ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്തതിന് ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയത്. പിന്നാലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കാമുകിയുടെ കഴുത്തറത്തും വയറ്റിൽ കുത്തിയുമായി പ്രതി കൊലപാതകം നടത്തിയത്.
അസ്വാഭാവികമായ ശബ്ദം കേട്ട് കെട്ടിടത്തിലെ ഒരു താമസക്കാരൻ സെക്യൂരിറ്റിയെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ എത്തി പരിശോധിച്ചപ്പോൾ, കോണിപ്പടിയിൽ രക്തം കണ്ടു. സ്റ്റെയർകേസിലേക്കുള്ള വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ജീവനക്കാരൻ മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ വിവരം ദുബായ് പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെ പ്രതിയെ ഒരു ഷോപ്പിങ് മാളിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്തു. തനിക്ക് യുവതിയുമായുണ്ടായിരുന്ന ബന്ധം പ്രതി പൊലീസിനോട് സമ്മതിച്ചു.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതി മനസിലാക്കി. പ്രതി ഇതിന് സമ്മതിക്കാതിരുന്നതോടെ യുവതി രാജ്യം വിട്ടു. രണ്ട് വർഷത്തിന് ശേഷം യുവതി ജോലിക്കായി ദുബായിൽ തിരിച്ചെത്തി. തുടർന്ന് പ്രതി യുവതിയുടെ ഓഫീസിലെത്തി അനുരഞ്ജനത്തിന് ശ്രമിച്ചു. ഇതിന് വഴങ്ങിയ യുവതി, 55,000 ദിർഹം കടം ചോദിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനാൽ 30,000 ദിർഹം മാത്രമാണ് യുവാവിന് നൽകാൻ സാധിച്ചത്.
പണം നൽകിയ ശേഷം യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവ് മനസിലാക്കി. ഇതേത്തുടർന്ന് ഇരുവരും വീണ്ടും തർക്കത്തിലായി. യുവാവിനെ ഉപേക്ഷിക്കുകയാണെന്നായിരുന്നു വീണ്ടും യുവതിയുടെ നിലപാട്. ഇതോടെ വൈരാഗ്യം വർദ്ധിച്ച പ്രതി യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
Content Highlights: Dubai Court upholds death sentence for Arab man who murdered ex-girlfriend