ഒരു 'ഹായ്' പറഞ്ഞു, അതാണ് ലോകയിൽ അവസരം ലഭിക്കാൻ കാരണം; ഏറ്റവും അവസാനം കാസ്റ്റ് ചെയ്തത് എന്നെ: ചന്തു

'അങ്ങനെയാണ് ഡൊമിനിക് ഏട്ടൻ എന്നോട് വന്ന് കഥ പറയുന്നത്'

ഒരു 'ഹായ്' പറഞ്ഞു, അതാണ് ലോകയിൽ അവസരം ലഭിക്കാൻ കാരണം; ഏറ്റവും അവസാനം കാസ്റ്റ് ചെയ്തത് എന്നെ: ചന്തു
dot image

കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. സിനിമയിലെ നസ്‌ലെന്റെയും ചന്തുവിന്റെയും അഭിനയത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒരു ഹായ് പറഞ്ഞാണ് താൻ ഈ സിനിമയുടെ ഭാഗമായെതെന്ന് പറയുകയാണ് ചന്തു. ലോക സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറായ വിവേകുമായി അവിചാരിതമായി നടത്തിയ കൂടിക്കാഴ്ചയാണ് സിനിമയിലേക്ക് എത്തിച്ചതെന്നും ചന്തു പറഞ്ഞു. ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഈ സിനിമയിലേക്ക് ഏറ്റവും അവസാനം കാസ്റ്റ് ചെയ്തത് എന്നെയാണ്. ഞാൻ ഈ സിനിമയിലേക്ക് വരുന്നത് ഒരു ഹായ് പറഞ്ഞിട്ടാണ്. കാസ്റ്റിംഗ് ഡയറക്ടറായ വിവേക് ഏട്ടൻ മഞ്ഞുമ്മലിൽ അഭിനയിച്ചിട്ടുണ്ട്. കണ്ട് കാണാൻ വഴി ഇല്ല, കാരണം ഞങ്ങളും കണ്ടിട്ടില്ല. അരുണ്‍ കുര്യന്റെ സഹോദരനായിട്ടായിരുന്നു അഭിനയിച്ചത്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരു സഹോദരൻ ഉണ്ട്. വാഴൈ എന്നൊരു തമിഴ് പടമുണ്ട്. സിനിമയുടെ പ്രീമിയറിന് പോയപ്പോൾ വിവേക് ഏട്ടൻ അവിടെ ഉണ്ടായിരുന്നു. പുള്ളി എന്നെ കാണാത്ത പോലെ നടക്കുന്നുണ്ടായിരുന്നു. എന്നെ അറിയാലോ പിന്നെ ഇയാൾ എന്താ ജാഡ കാണിക്കുന്നതെന്ന് ഞാൻ ഓർത്തു.

പുള്ളി വിചാരിച്ചു ഞാൻ മൈഡ് ചെയ്യില്ലെന്ന്. ഞാനും കരുതി അങ്ങനെ തന്നെ. പടം കഴിഞ്ഞപ്പോൾ ഞാൻ വിവേക് ഏട്ടാ എന്ന് പറഞ്ഞു കൈ കാണിച്ചു. നിനക്കു എന്നെ മനസിലായി കാണില്ല എന്നാണ് ഞാൻ കരുതിയതെന്ന് പുള്ളി എന്നോട് പറഞ്ഞു. നമ്മൾ കമ്പനിക്കാരല്ലേ എന്നാണ് ഞാൻ പുള്ളിയോട് പറഞ്ഞത്. അങ്ങോട്ട് ഇമോഷണൽ ആയി.

അപ്പോൾ ഇവർക്ക് ലോകയിലെ ഞാൻ ചെയ്ത കഥാപാത്രമായ വേണുവിനെ ഫിക്സ് ചെയ്യാൻ കഴിയാതെ നിൽക്കുകയായിരുന്നു. വിവേക് ഏട്ടൻ ഡൊമിനിക് ഏട്ടനെ വിളിച്ച് ചോദിച്ചു, ചന്തു ആയാൽ എങ്ങനെ ഉണ്ടാകുമെന്ന്. അങ്ങനെ ഡൊമിനിക് ഏട്ടൻ എന്നോട് വന്ന് കഥ പറഞ്ഞു. നിമിഷും ഒപ്പം ഉണ്ടായിരുന്നു. അപ്പോൾ തന്നെ ഫിക്സ് ചെയ്തു ഞാൻ മതിയെന്ന്,' ചന്തു പറഞ്ഞു.

രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന പ്രകടനമാണ് ലോക കാഴ്ചവെക്കുന്നത്. 18.86 കോടിയാണ് സിനിമ വാരികൂട്ടിയത്. ആദ്യ ദിവസം 6.66 കോടി നേടിയ സിനിമയ്ക്ക് രണ്ടാം ദിനം അതിലധികം നേടാനായി. 12.2 കോടിയാണ് ലോകയുടെ രണ്ടാം ദിവസത്തെ കളക്ഷൻ. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 2.7 കോടി രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ 3.75 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ട്. ഒപ്പം പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വത്തെ ബഹുദൂരം പിന്നിലാക്കിയാണ് ലോകയുടെ ബുക്കിംഗ് വളരുന്നത്. ബുക്ക് മൈ ഷോയില്‍ ഒരു മണിക്കൂറില്‍ 6K ടിക്കറ്റുകളാണ് ഹൃദയപൂര്‍വ്വത്തിനായി ബുക്ക് ആയതെങ്കില്‍ ലോകയുടെ കാര്യത്തില്‍ ഇത് 12 Kയക്ക് മുകളിലാണ്. അതായത് ഇരട്ടിയിലേറെയാണ് ടിക്കറ്റ് ബുക്കിംഗിലെ വ്യത്യാസം.

ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

Content Highlights: Chandu Salim Kumar talks about being cast in Lokah

dot image
To advertise here,contact us
dot image