ഭയങ്കര തടിയുള്ളവർ ഡാൻസ് ചെയ്യുന്നത് കാണുമ്പോൾ എന്തൊരു വൃത്തികേടാണ് എന്ന് തോന്നാറുണ്ട്; ഊർമിള ഉണ്ണി

ഊർമിള ഉണ്ണിയുടെ വാക്കുകൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്.

ഭയങ്കര തടിയുള്ളവർ ഡാൻസ് ചെയ്യുന്നത് കാണുമ്പോൾ എന്തൊരു വൃത്തികേടാണ് എന്ന് തോന്നാറുണ്ട്; ഊർമിള ഉണ്ണി
dot image

പ്രായമായവരും തടിയുള്ളവരും നൃത്തം അവതരിപ്പിക്കുന്നതിനെ അധിക്ഷേപിച്ച് സംസാരിച്ച് നടിയും നർത്തികയുമായ ഊർമിള ഉണ്ണി. ഓരോ പ്രായത്തിലും അതിനനുസരിച്ചുള്ള കാര്യങ്ങളേ ചെയ്യാവൂ എന്നാണ് ഊർമിള ഉണ്ണി പറയുന്നത്.

മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. തനിക്ക് മറ്റുള്ളവരെ കുറിച്ച് ഇങ്ങനെ തോന്നുന്നുണ്ടെങ്കിൽ, താൻ ഇപ്പോൾ നൃത്തം ചെയ്യാൻ ഇറങ്ങിയാൽ മറ്റുള്ളവർക്കും ഇങ്ങനെ തന്നെയല്ലേ തോന്നുക എന്നും ഊർമിള ഉണ്ണി കൂട്ടിച്ചേർത്തു. കുറച്ച് വർഷങ്ങളായി നൃത്തവേദികളിൽ നിന്നും വിട്ടുനിൽക്കുകയാണ് നടി.

'പ്രായമൊക്കെ വെറും നമ്പറാണ് എന്ന് പലരും പറയും. പക്ഷെ മേലുവേദന വരുമ്പോൾ ശരിക്കും മനസിലാകും അതൊന്നുമല്ല കാര്യം എന്ന്. അതാത് കാലത്ത് അതാത് പോലെ മുന്നോട്ടു പോകണം. ചിലർ പറയും, 'മരണം വരെ നൃത്തം ചെയ്യും' എന്നൊക്കെ. എന്തിനാണത്.. അവരുടെ ഡാൻസ് കാണുമ്പോൾ വീട്ടിലിരുന്നാൽ പോരേ, അവിടെയിരുന്ന് കളിച്ചാൽ പോരെ എന്നൊക്കെ മനസിൽ തോന്നും.

Urmila Unni

ഭയങ്കര തടിയുള്ളവർ സ്‌റ്റേജിൽ വന്ന് കളിക്കുന്നത് കാണുമ്പോൾ എന്തൊരു വൃത്തികേടാണ് എന്ന് തോന്നാറുണ്ട്. വയ്യെങ്കിൽ ഇവർക്ക് വീട്ടിലിരുന്നൂടെ എന്ന് തോന്നും. ഞാനിപ്പോൾ ഡാൻസ് ചെയ്യാൻ ഇറങ്ങിയാൽ ഓരോരുത്തർക്കും എന്നെ പറ്റിയും അങ്ങനെയല്ലേ തോന്നുക. അതുകൊണ്ട് തന്നെ പറ്റാത്തത് വേണ്ടാ എന്ന് വെക്കാൻ നമ്മൾ തീരുമാനമെടുക്കണം,' ഊർമിള ഉണ്ണി.

നടിയുടെ ഈ വാക്കുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. പ്രായവും ശരീരാവസ്ഥയുമൊന്നും കലയുടെ ലോകത്ത് അധിക്ഷേപിക്കാനുള്ള ആയുധമാക്കരുത് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചതിന് തുല്യമാണ് ഊർമിള ഉണ്ണിയുടെ പ്രസ്താവനയെന്നും പരക്കെ വിമർശനം ഉയരുന്നുണ്ട്.

Content Highlights: Urmila Unni's new statement about dancers spark criticism, called out as age shaming and body shaming

dot image
To advertise here,contact us
dot image