
ഡല്‍ഹി: മകൻ്റെ പിറന്നാളിന് ലഭിച്ച സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ശനിയാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മകൻ്റെ പിറന്നാളിന് ഇരുകുടുംബങ്ങളും നല്‍കിയ സമ്മാനത്തിൻ്റെ അളവിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഡല്‍ഹിയിലെ രോഹിണിയില്‍ സെക്ടര്‍ 17ല്‍ കൂസും സിന്‍ഹ (63), മകള്‍ പ്രിയ (34) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രിയയുടെ ഭര്‍ത്താവ് യോഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെയും സഹോദരിയുടെയും മരണ വിവരം സഹോദരന്‍ മേഘ് സിന്‍ഹയാണ് പൊലീസില്‍ അറിയിച്ചത്. പ്രിയയുടെ മകന്‍ ചിരാഗിൻ്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയായിരുന്നു കുസും സിന്‍ഹ പ്രിയയുടെ വീട്ടിലെത്തിയത്. ഓഗസ്റ്റ് 30ന് തിരികെ വീട്ടിലെത്തുമെന്ന് കുസും വീട്ടില്‍ അറിയിച്ചിരുന്നെങ്കിലും തിരികെ ചെല്ലാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അമ്മയോ സഹോദരിയോ ഫോണെടുക്കാത്തതിനാല്‍ അന്വേഷിച്ച് ചെല്ലുകയായിരുന്നു എന്നാണ് മേഘ് പറയുന്നത്. പ്രിയയുടെ വീട് പൂട്ടിയിട്ടതായാണ് താന്‍ ചെല്ലുമ്പോള്‍ കണ്ടത് എന്ന് മേഘ് വ്യക്തമാക്കി. വാതിലിനടുത്ത് രക്തക്കറ കണ്ടതോടെ പൂട്ട് പൊളിച്ച് മേഘ് അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയും സഹോദരിയെയുമായിരുന്നു മേഘ് അകത്ത് കണ്ടത്. യോഗേഷും മക്കളും ആ സമയം വീട്ടിലുണ്ടായിരുന്നില്ല എന്നാണ് മേഘ് പൊലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് വൈകാതെ യോഗേഷിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും കണ്ടെത്തിയിട്ടുണ്ട്. കുടുംബ കലഹമാണ് കൊലപാതക കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച്ച വൈകീട്ട് പ്രിയയുടെയും യോഗേഷിന്റെയും മകന്റെ 15-ാം പിറന്നാളായിരുന്നു. മകന്റെ പിറന്നാളിന് തൻ്റെ വീട്ടുകാര്‍ സമ്മാനങ്ങള്‍ നല്‍കിയില്ല എന്ന് പറഞ്ഞ് പ്രിയ വഴക്കുണ്ടാക്കി എന്നാണ് യോഗേഷ് പറയുന്നത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രിയയെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയും ഇടപെടാന്‍ വന്ന ഭാര്യാമാതാവിനെയും കൊന്നു എന്നാണ് യോഗേഷ് പറഞ്ഞത്.
Content Highlight; Delhi Man Held for Killing Wife, Mother-in-Law Over Son’s Birthday Gift Dispute