
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെക്കുറിച്ച് വിദേശ ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം പറയുന്നതിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ക്രിക്കറ്റ് ലോകത്തുനിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് വിദേശികളായ ക്രിക്കറ്റ് വിദഗ്ധർക്കെതിരെ ആഞ്ഞടിച്ച് ഗവാസ്‌കർ രംഗത്തെത്തിയത്.അയ്യരെ ടീമിലെത്തിക്കാത്തത് ഇഗോ ക്ലാഷ് ഭയന്നാണെന്നും ടീമിൽ സ്ഥാനം അർഹിക്കുന്നുവെന്നും മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. ഇതിനെല്ലമെതിരെയാണ് ഗവാസ്കർ ആഞ്ഞടിച്ചത്. വിദേശ ക്രിക്കറ്റ് താരങ്ങൾ സ്വന്തം രാജ്യങ്ങളുടെ ടീമിനെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കയറി ഇടപെടുന്നത് കുറയ്ക്കണമെന്നും ഗവാസ്‌കർ പറഞ്ഞു. 'എരിതീയിൽ എണ്ണ' ചേർക്കരുതെന്നും ഗവാസ്‌കർ തുറന്നടിച്ചും. സ്‌പോർട്സ്റ്റാറിൽ തന്റെ കോളത്തിലാണ് ഗവാസ്‌കർ അഭിപ്രായം രേഖപ്പെടുത്തിയത്.
ഇന്ത്യൻ ക്രിക്കറ്റുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെങ്കിലും അതേക്കുറിച്ച് വളരെ കുറച്ച് അറിവുള്ള വിദേശികൾ ചർച്ചകളിൽ ഏർപ്പെടുന്ന രീതി അമ്പരപ്പിക്കുന്നതാണ്. എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ഇവർ ചെയ്യുന്നത്. കളിക്കാർ എന്ന നിലയിൽ അവർ എത്ര മികച്ചവരായാലും അവർ ഇന്ത്യയിൽ ഒരുപാട് കാലമുണ്ടായെങ്കിലും ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് അവരുടെ ജോലിയല്ല.
സെലക്ഷൻ ഏകദേശം ഏറ്റവും മികച്ചതാണ്. പിന്നെ എന്തിനാണ് ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ തലയിടുന്നത്? മറ്റ് രാജ്യങ്ങളുടെ ടീമുകളുടെ സെലക്ഷനെക്കുറിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങൾ സംസാരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല, ഞങ്ങൾക്ക് ഞങ്ങളുടെ ടീമിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മറ്റുള്ളവർ ആരെ തിരഞ്ഞെടുക്കുന്നു അല്ലെങ്കിൽ ആരെ തിരഞ്ഞെടുക്കുന്നില്ല എന്നത് ഗൗരവമായി ചിന്തിക്കാൻ ഞങ്ങൾക്ക് കഴിയില്ല,' ഗവാസ്‌കർ എഴുതി.
ഒരു തരത്തിൽ ഇന്ത്യൻ മാധ്യമങ്ങളും ഇതിന് കാരണക്കാരാണെന്നും അവരാണ് വിദേശ താരങ്ങളോട് ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.
Content Highlights- Sunil Gavaskar slams foreign players for commenting on Indian Cricket