
ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ എയർലൈൻസ് വിമാനം വൈകുന്നതായി പരാതി. ഇതേതുടർന്ന് കുടുംബങ്ങൾ ഉൾപ്പെടെ 150 ഓളം യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നിലവിൽ ഫ്ലൈറ്റ് റദ്ദാക്കിയെന്നാണ് അധികൃതർ യാത്രക്കാർക്ക് മറുപടി നൽകിയിരിക്കുന്നത്. വിവാഹ-മരണ ആവശ്യങ്ങള്‍ക്ക് പോകുന്നവർ ഉൾപ്പെടെയുള്ളവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ദോഹയിൽ നിന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനം പുറപ്പെടാൻ വൈകുമെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം അന്വേഷിച്ചപ്പോൾ വിമാനം പുറപ്പെടാൻ ഇനിയും വൈകുമെന്ന് അറിയിച്ചു. പിന്നീട് പലതവണ യാത്രക്കാർ വിമാനം പുറപ്പെടുന്ന സമയം ചോദിച്ചെങ്കിലും വൈകുമെന്ന് മാത്രമാണ് മറുപടി നൽകിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പിന്നാലെ അടുത്ത ഫ്ലൈറ്റ് ഉടൻ ഉണ്ടാകുമെന്ന് അറിയിച്ച് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പക്ഷേ എപ്പോൾ അടുത്ത ഫ്ലൈറ്റ് വരുമെന്ന കാര്യത്തിൽ ഇൻഡിഗോ അധികൃതർ വ്യക്തത വരുത്തിയിലെന്നും യാത്രക്കാർ കൂട്ടിച്ചേർത്തു.
ഇൻഡിഗോ എയർലൈൻസ് വെബ്സൈറ്റിൽ നിന്നും ഖത്തർ എയർവെയ്സിന്റെ വെബ്സൈറ്റിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്താണ് യാത്രക്കാർ വിമാനത്താവളത്തിലെത്തിയത്. അടിയന്തര ആവശ്യങ്ങൾക്കായി ജോലിയിൽ നിന്ന് ലീവെടുത്ത് വന്നവരാണ് യാത്രക്കാരിൽ പലരും. അധികൃതരോടുള്ള ചോദ്യങ്ങൾക്ക് യാത്രക്കാർക്ക് വ്യക്തമായ മറുപടിയും ലഭിക്കുന്നില്ല. പ്രതിസന്ധിയിലായ യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്.
Content Highlights: IndiGo Airlines flight from Doha to Kochi delayed