
യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളുടെ സമ്മർദ്ദം ഒഴിവാക്കാനും സ്കൂൾ ദിവസങ്ങൾ ആവേശമാക്കാനും മാതാപിതാക്കളെ സഹായിക്കുന്ന പ്രത്യേക വീഡിയോ പുറത്തിറക്കി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). സ്കൂളുകളിലേക്കുള്ള മടക്കം പല കുട്ടികളിലും ആശങ്കയും ഉത്കണ്ഠയുമുണ്ടാക്കും. ഈ സമയത്ത് കുട്ടികൾക്ക് രക്ഷിതാക്കൾ നൽകേണ്ട പിന്തുണയുടെ പ്രധാന്യത്തെക്കുറിച്ച് ദുബായ് ഹെൽത്തിലെ പീഡിയാട്രിക് മെന്റൽ ഹെൽത്ത് കൺസൾട്ടന്റായ ഡോ. ഫാത്തിമ യൂസഫ് വീഡിയോയിൽ ചൂണ്ടിക്കാട്ടി.
'കുട്ടികളുടെ വികാരങ്ങളും ആശങ്കകളും മനസ്സിലാക്കുന്നത് അവർക്ക് മാനസിക പിന്തുണ നൽകുന്നതിനുള്ള അടിസ്ഥാനമാണ്. സ്കൂളിലേക്ക് പോകുന്നതിൽ അവരെ സന്തോഷിപ്പിക്കുന്നതും അവർക്ക് ആശങ്കയുണ്ടാക്കുന്നതുമായ കാര്യങ്ങൾ ചോദിച്ചറിയുന്നതും കുട്ടികൾക്ക് മാതാപിതാക്കൾ പറയുന്നത് കേൾക്കണമെന്ന തോന്നലുണ്ടാക്കും.'
'കുട്ടികൾക്ക് അവരുടെ അനുഭവങ്ങളും വികാരങ്ങളും തുറന്നു പറയാൻ കഴിയുന്ന ഒരന്തരീക്ഷം സൃഷ്ടിക്കണം. ഇത് മാതാപിതാക്കളിൽ കുട്ടികളുടെ വിശ്വാസം വളർത്താനും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായിക്കും.'
'സ്കൂൾ തുറക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉറങ്ങുന്ന സമയത്തിലും രാവിലെ എഴുന്നേൽക്കുന്ന സമയത്തിലും പഠനകാര്യങ്ങളിലും ഒരു ചിട്ട കൊണ്ടുവരുന്നത് സമ്മർദ്ദമില്ലാതെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുട്ടികളെ സഹായിക്കും.'
'ചെറിയ നേട്ടങ്ങളിൽ സന്തോഷിക്കാൻ ശീലിപ്പിക്കണം.'
'മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള വഴികൾ പഠിപ്പിക്കുന്നത് ഉത്കണ്ഠയെ ഫലപ്രദമായി നേരിടാൻ കുട്ടികളെ പ്രാപ്തരാക്കും. ഇതിനായി, ആഴത്തിൽ ശ്വാസമെടുക്കുന്ന വ്യായാമങ്ങൾ, വിശ്വസ്തരായ മുതിർന്നവരോട് തുറന്നു സംസാരിക്കുന്നത് എന്നിവ പ്രോത്സാഹിപ്പിക്കാം.'
മധ്യവേനലവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ പൂർത്തിയായിക്കഴിഞ്ഞു. രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷമാണ് രാജ്യത്ത് വിദ്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Content Highlights: UAE shares expert tips to boost children’s confidence and happiness