
ദുബായില്‍ അനധികൃതമായി സൗന്ദര്യ വര്‍ദ്ധക ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ദുബായ് പൊലീസ്. ആരോഗ്യത്തിന് ഭീഷണിയാകുന്ന വ്യാജ പരസ്യങ്ങളില്‍ വീഴരുതെന്നും ഇത്തരം ചികിത്സകള്‍ക്കായി അംഗീകൃത സ്ഥാപനങ്ങള്‍ മാത്രം തെരഞ്ഞെടുക്കണമെന്നും പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പില്‍ നിന്ന് ലൈസന്‍സ് നേടിയ ആളുകള്‍ക്ക് മാത്രമേ സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍ നടത്താന്‍ അനുവാദമുള്ളൂ.
ദുബായിലെ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ച് നിരവധി ആളുകൾ അനധികൃമായി സൗന്ദര്യ വര്‍ദ്ധന ചികിത്സ നടത്തുന്നതായാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ ദുബായ് പൊലീസ് തയ്യാറെടുക്കുന്നത്. അനധികൃതമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ മൂന്ന് സ്ത്രീകളെ ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പരിശോധനയും ശക്തമാക്കിയിരിക്കുകയാണ് ദുബായ് പോലീസ്.
ലൈസന്‍സോ യോഗ്യതയോ ഇല്ലാത്ത ആളുകളാണ് ഇത്തരം ചികിത്സകള്‍ നടത്തുന്നത്. മുക്കിനും ചുണ്ടിനും രൂപമാറ്റം വരുത്തുന്ന ശസ്ത്രക്രിയകള്‍ വരെ ഇത്തരക്കാര്‍ നടത്തുന്നുണ്ട്. ഇത്തരം വ്യാജ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ലൈസന്‍സ് ഇല്ലാത്ത പല സ്ഥാപനങ്ങളും വ്യക്തികളും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ചികിത്സകള്‍ നടത്തുന്നത്. അണുവിമുക്തമാക്കാന്‍ ആവശ്യമായ സംവിധാനങ്ങളും ഇവിടെ ഉണ്ടാകില്ല. ഇവര്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും നിലവാരമില്ലാത്താതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുളള ആകര്‍ഷകമായ പരസ്യങ്ങളും കുറഞ്ഞ ചെലവുമാണ് പലരും ഇവരുടെ കെണിയില്‍ വീഴാന്‍ കാരണം. എന്നാല്‍ ഇത്തരം ചികിത്സകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.
ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രം ചികിത്സ തേടണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അനധികൃതമായി സൗന്ദര്യ വര്‍ദ്ധക ചികിത്സ നടത്തുന്നവര്‍ കനത്ത പിഴക്ക് പുറമെ ജയില് ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Content Highlights: Dubai Police to intensify crackdown on illegal beauty treatments