
യുഎഇയിലെ ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് 40 മിനിറ്റോളം ഹൃദയം നിലച്ച രോഗിയെ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന് ഡോക്ടർമാർ. അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് രോഗിയെ ഉടൻ തന്നെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
പ്രത്യേക പരിശീലനം ലഭിച്ച മെഡിക്കൽ ടീം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗിയുടെ ഹൃദയമിടിപ്പ് പുനസ്ഥാപിക്കുകയായിരുന്നു. ഈ ചികിത്സ രീതി കാരണം രോഗിക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായില്ല. ഹോസ്പിറ്റലിൻ്റെ മേൽനോട്ടം വഹിക്കുന്ന എമിറേറ്റ്സ് ഹെൽത്ത് സർവീസസ് പ്രതികരിച്ചു.
ആശുപത്രിയുടെ സജ്ജീകരണങ്ങളും മെഡിക്കൽ ജീവനക്കാരുടെ വൈദഗ്ധ്യവും ഈ സംഭവം തെളിയിക്കുന്നതായി ഫുജൈറ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അഹമ്മദ് ഒബൈദ് അൽ ഖാദിം അഭിപ്രായപ്പെട്ടു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെയും മികച്ച ടീം വർക്കിന്റെയും അതിവേഗത്തിലുള്ള ചികിത്സാ രീതികളുമാണ് ഈ വിജയം കാണിക്കുന്നത്. നൂതനവും സുരക്ഷിതവുമായ ആരോഗ്യ സംരക്ഷണം നൽകാനുള്ള ഹോസ്പിറ്റലിന്റെ പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിക്കുന്നു, അഹമ്മദ് ഒബൈദ് അൽ ഖാദിം വ്യക്തമാക്കി.
അത്യാഹിത വിഭാഗത്തിന്റെയും കാർഡിയോളജി ടീമുകളുടെയും വേഗത്തിലുള്ള ഏകോപനം രോഗിയുടെ പരിചരണത്തിൽ നിർണായകമായെന്ന് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. തായർ ഖാസിം പ്രതികരിച്ചു. ദീർഘനേരം ഹൃദയം നിലച്ച അവസ്ഥയിലും ഏകോപിതമായ പ്രവർത്തനത്തിലൂടെ രോഗിയെ രക്ഷിക്കാനും സങ്കീർണതകളൊന്നുമില്ലാതെ രോഗിയെ പൂർണ്ണമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സാധിച്ചു. അഹമ്മദ് ഒബൈദ് അൽ ഖാദിം വ്യക്തമാക്കി.
Content Highlights: Doctors rescue woman in Fujairah after her heart stops for 40 minutes