ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നതിന് നിരോധനം; നിയമവുമായി ദുബായ് ഇഐഎസ്

സ്കൂൾ സമയത്തിന് ശേഷം മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് തിരികെ നൽകാനാണ് തീരുമാനം

dot image

ദുബായിലെ എമിറേറ്റ്സ് ഇന്റർനാഷണൽ സ്കൂൾ (ഇഐഎസ്) ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചതായി സ്കൂളിൻ്റെ ഉടമയും യുഎഇ കോടീശ്വരനുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂർ ശനിയാഴ്ച അറിയിച്ചു. യുഎഇയിൽ തിങ്കളാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കാമാകാനിരിക്കെയാണ് പുതിയ തീരുമാനം. കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖലഫ് അഹമ്മദ് അൽ ഹബ്തൂർ തൻ്റെ എക്സ് അക്കൗണ്ടിലെ വീഡിയോയിൽ പറഞ്ഞു.

'വിദ്യാർത്ഥികൾ അവരുടെ ഫോണുകൾ സ്കൂൾ അധികാരികളെ ഏൽപ്പിക്കുകയോ അല്ലെങ്കിൽ സ്കൂളിലേക്ക് കൊണ്ടുവരാതിരിക്കുകയോ ചെയ്യണം. ക്ലാസുകൾ കഴിയുന്നതുവരെ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. സ്കൂൾ സമയത്തിന് ശേഷം മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് തിരികെ നൽകും', ഖലഫ് അഹമ്മദ് അൽ ഹബ്തൂർ വ്യക്തമാക്കി.

ദുബായിലെ എമിറേറ്റ്സ് ഇന്റർനാഷണൽ സ്കൂളിന്റെ മാതൃക പിന്തുടരാൻ രാജ്യത്തെ എല്ലാ സ്കൂളുകളോടും ഖലഫ് അഹമ്മദ് അൽ ഹബ്തൂർ അഭ്യർത്ഥിച്ചു. 'സാങ്കേതിക വിദ്യയും മൂല്യങ്ങളും അറിവും സ്വത്വവും എങ്ങനെ സമന്വയിപ്പിക്കണമെന്ന് അറിയുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ എല്ലാവരും പങ്കാളികളാകണം. കാരണം വിദ്യാഭ്യാസം ഒരു വിശ്വാസവും ഉത്തരവാദിത്തവുമാണ്,' അൽ ഹബ്തൂർ കൂട്ടിച്ചേർത്തു.

യുഎഇയിലെ സ്കൂളുകൾക്ക് മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കർശനമായതും എന്നാൽ വ്യത്യസ്തവുമായ നയങ്ങളുണ്ട്. ചിലയിടങ്ങളിൽ പൂർണ്ണ നിരോധനവും മറ്റു ചിലയിടങ്ങളിൽ നിയന്ത്രണങ്ങളുമുണ്ട്.

യുഎഇയിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് നിരോധിച്ചിരുന്നു. സുരക്ഷ, സ്വകാര്യത, നല്ല പെരുമാറ്റം എന്നിവ ഉറപ്പാക്കാൻ വേണ്ടിയായിരുന്നു നിരോധനം. രണ്ട് തവണ നിയമം ലംഘിച്ചാൽ ഫോൺ അധ്യയന വർഷം അവസാനിക്കുന്നത് വരെ സ്കൂളിൽ സൂക്ഷിക്കും. രാജ്യത്തെ ചില സ്വകാര്യ സ്കൂളുകളും ഈ രീതി പിന്തുടരുന്നുണ്ട്. മുന്നറിയിപ്പുകൾക്ക് ശേഷവും നിയമം ലംഘിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ഫോണുകൾ പിടിച്ചെടുക്കാറുണ്ട്.

എമിറേറ്റ്സ് ഇന്റർനാഷണൽ സ്കൂളിന് ദുബായിൽ രണ്ട് ശാഖകളുണ്ട്, ഒന്ന് ജുമൈറയിലും മറ്റൊന്ന് മെഡോസിലുമാണ് സ്ഥിതിചെയ്യുന്നത്. അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ അൽ ഹബ്തൂറിന്റെ ഒരു സാമൂഹിക സേവനമായി 1991-ൽ സ്ഥാപിതമായതാണ് ഇ.ഐ.എസ്-ജുമൈറ.

Content Highlights: Mobile phones to be banned in classrooms at Emirates International School

dot image
To advertise here,contact us
dot image