'ധൈര്യമുണ്ടെങ്കിൽ രാഹുൽ ടെലഗ്രാം ചാറ്റുകൾ പുറത്തുവിടണം, മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ സന്ദേശം'; അവന്തിക

രാഹുലിനെതിരായ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആഗസ്റ്റ് ഒന്നിന് അയച്ച ശബ്ദ സന്ദേശമാണിതെന്നും അവന്തിക വ്യക്തമാക്കി

dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ആവർത്തിച്ച് ട്രാൻസ് വുമണും ബിജെപി പ്രവർത്തകയുമായ അവന്തിക. ധൈര്യമുണ്ടെങ്കിൽ രാഹുൽ ടെലഗ്രാം ചാറ്റുകൾ പുറത്തുവിടണമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമാണെന്നും അവന്തിക റിപ്പോർട്ടറിനോട് പുറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആഗസ്റ്റ് ഒന്നിന് അയച്ച ശബ്ദ സന്ദേശമാണിതെന്നും അവന്തിക വ്യക്തമാക്കി. അതേസമയം ടെലഗ്രാമിൽ മോശം രീതിയിൽ സംസാരിച്ച രാഹുൽ വാട്‌സ്ആപ്പിൽ മാന്യമായാണ് സന്ദേശങ്ങൾ അയച്ചത്. ഈ മെസേജ് മാത്രമാണ് രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. സ്‌ക്രീൻ ഷോട്ട് പോലും എടുക്കാനാകാത്ത വിധം വാനിഷ് മോഡിലാണ് രാഹുൽ ചില മെസേജുകൾ അയച്ചത്. നിരന്തരം ഇത്തരം സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അവന്തിക പറഞ്ഞു.

എന്നാൽ അവന്തിക ഉന്നയിച്ച ആരോപണങ്ങളിൽ മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മറുപടി നൽകിയത്. ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് രാഹുൽ പറഞ്ഞതായി ആരോപിച്ചയാളാണ് അവന്തിക. എന്നാൽ ആരോപണം ഉന്നയിക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും ഒരു മാധ്യമപ്രവർത്തകൻ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞതായാണ് രാഹുൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. രാഹുലിനെ കുടുക്കാൻ ശ്രമം ഉള്ളതായി തോന്നിയെന്ന് അവന്തിക പറഞ്ഞിരുന്നെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് ഒന്നിന് അവന്തികയും മാധ്യമ പ്രവർത്തകനും തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ ഓഡിയോ മാധ്യമങ്ങളെ കേൾപ്പിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. തനിക്കെതിരെ പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് ട്രാൻസ്ജെൻഡർ സുഹൃത്ത് അവന്തികയാണ്. ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 8.24 ന് അവന്തിക തന്നെ ഫോണിൽ വിളിച്ചിരുന്നു. മാധ്യമപ്രവർത്തകൻ വിളിച്ച് രാഹുൽ മാങ്കൂട്ടത്തിനിലെതിരെ പരാതിയുണ്ടോ മോശമായി അനുഭവം ഉണ്ടോയെന്ന് ചോദിച്ചതായി അവന്തിക പറഞ്ഞു. എന്തെങ്കിലും ഉണ്ടോയെന്ന് താൻ അവന്തികയോട് തിരിച്ചു ചോദിച്ചു. ചേട്ടനെ കുടുക്കാനുള്ള ശ്രമം ആയാണ് തോന്നിയതെന്ന് അവന്തിക പറഞ്ഞെന്നും രാഹുൽ പറഞ്ഞിരുന്നു. അവന്തികയും മാധ്യമപ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണം രാഹുൽ പങ്കുവെച്ചിരുന്നു. ഭീഷണി നേരിട്ടുവെന്ന് പറയുന്നയാൾ എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങൾ പറയണം. ഇപ്പോൾ വന്ന വാർത്തകൾക്ക് പിന്നിൽ ചില ഗൂഢാലോചനയുണ്ട്. തൻ്റെ ഭാഗം കൂടി കേൾക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും രാഹുൽ പറഞ്ഞു. ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. ചോദ്യങ്ങൾക്ക് ഉത്തരമുണ്ട്. താൻ കാരണം പാർട്ടി പ്രതിസന്ധിയിലാകരുത്. പാർട്ടി പ്രവർത്തകർ തലകുനിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുകയുണ്ടായി.

രാഹുലിനെതിരെ തുടർച്ചായ ആരോപണങ്ങളും ശബ്ദസന്ദേശവും പുറത്തുവന്ന ഘട്ടത്തിലാണ് അവന്തിക തനിക്കെതിരെയും നേതാവിൽ നിന്നും ആരോപണം നേരിട്ടെന്ന് ആരോപിച്ച് രംഗത്ത് വന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് അയാൾ പറഞ്ഞെന്നുമായിരുന്നു അവന്തികയുടെ ആരോപണം. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാൾ തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു. ഡിബേറ്റ് വിത്ത് ഡോ. അരുൺകുമാറിലായിരുന്നു അവന്തികയുടെ വെളിപ്പെടുത്തൽ.

രാഹുലുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്താണ് പരിചയപ്പെടുന്നത്. ഒരു ചർച്ചയ്ക്കിടെയായിരുന്നു പരിചയപ്പെടുന്നത്. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അതിന് ശേഷം നല്ല സുഹൃത്തുക്കളായിരുന്നു. തുടക്കത്തിൽ രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു വിളിച്ചിരുന്നത്. പിന്നീട് രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇടവേളകളില്ലാതെ വിളിച്ചു തുടങ്ങി. രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാനായിരുന്നില്ല അയാൾ വിളിച്ചിരുന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നത്. ഇതിനിടെയാണ് റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞത്. കോൺഗ്രസിലെ ചില നേതാക്കളോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കൾക്കും ഇക്കാര്യങ്ങൾ അറിയാമെന്നും അവന്തിക പറഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ ഒരു റേപ്പിസ്റ്റാണെന്ന് തോന്നുന്നു. റേപ്പ് ചെയ്യണം എന്ന് പറയുന്നതിലൂടെ അയാൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. റേപ്പ് ചെയ്യണം എന്ന് പറഞ്ഞ് നടക്കുന്ന ആൾ എങ്ങനെ സമൂഹത്തിന് മാതൃകയാകുമെന്നും അവന്തിക ചോദിരുന്നു.. ഇന്ന് പത്രസമ്മേളനം നടത്തുന്നതിന് മുൻപ് അയാൾ വിളിച്ചിരുന്നു. അയാൾക്കെതിരെ താൻ പറയും എന്ന് മനസിലാക്കിയാകും വിളിച്ചത്. അതിന് ശേഷം സംസാരിക്കണം എന്ന് പറഞ്ഞ് സന്ദേശം അയച്ചിരുന്നുവെന്നും അവന്തിക പറഞ്ഞു. താൻ പറഞ്ഞ ആരോപണങ്ങൾ തെറ്റാണെന്ന് അയാൾ തെളിയിക്കട്ടെ. രാഹുൽ മാങ്കൂട്ടത്തിലിനെ താൻ വെല്ലുവിളിക്കുകയാണെന്നും അവന്തിക പറഞ്ഞിരുന്നു.

Content Highlights: Transwoman and BJP worker Avanthika repeat allegations against Rahul Mamkootathil

dot image
To advertise here,contact us
dot image