പ്രവാസികളുടെ മരണം; മൃതദേഹം നാട്ടിലെത്തിക്കാൻ അമിത നിരക്ക് ഈടാക്കിയാൽ കർശന നടപടി

യു എ ഇ നിയമപ്രകാരം പ്രവാസിയുടെ മൃതദേഹം നാട്ടിലേത്തിക്കേണ്ട ചെലവ് വഹിക്കേണ്ടത് തൊഴില്‍ദാതാവോ സ്‌പോണ്‍സറോ ആണെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി

dot image

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അമിത നിരക്ക് ഈടാക്കി തട്ടിപ്പ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കഴിഞ്ഞ നവംബറിലും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തട്ടിപ്പുകള്‍ തുടരുന്ന സാഹചര്യത്തിലാണ് കോണ്‍സുലേറ്റ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായി വരുന്ന ചെലവിന്റെ അംഗീകൃത നിരക്കും കോണ്‍സുലേറ്റ് പ്രസിദ്ധീകരിച്ചു.

യു എ ഇ നിയമപ്രകാരം പ്രവാസിയുടെ മൃതദേഹം നാട്ടിലേത്തിക്കേണ്ട ചെലവ് വഹിക്കേണ്ടത് തൊഴില്‍ദാതാവോ സ്‌പോണ്‍സറോ ആണെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. സ്‌പോണ്‍സറോ ഇന്‍ഷൂറന്‍സ് പരിരക്ഷയോ ഇല്ലാത്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കോണ്‍സുലേറ്റ് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

ദുബായില്‍ മരണസര്‍ട്ടിഫിക്കറ്റിന് 110 മുതല്‍ 140 ദിര്‍ഹം വരെ ചെലവ് വരും. എംബാമിങിന് 1,072 ദിര്‍ഹമാണ് നിരക്ക്. ആംബുലന്‍സിന് 220 ദിര്‍ഹവും ശവപ്പെട്ടിക്ക് 1840 ദിര്‍ഹവും നല്‍കണം. എയര്‍കാര്‍ഗോക്ക് 1,800 ദിര്‍ഹം മുതല്‍ 2,500 ദിര്‍ഹം വരെയാണ് നിരക്ക്. വിമാനകമ്പനി, നാട്ടിലെ എയര്‍പോര്‍ട്ട് എന്നിവക്ക് അനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകുമെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി.

ദുബായില്‍ നിന്നും വടക്കന്‍ എമിറേറ്റുകള്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ അംഗീകാരമുളള സംഘടനകളുടെ പട്ടികയും കോണ്‍സുലേറ്റ് പങ്കുവെച്ചു. അംഗീകൃത നിരക്കിന് പുറമെ ഈ സംഘടനകള്‍ക്ക് നാമമാത്രമായ സര്‍വീസ് ഫീസ് ഈടാക്കുമെന്നും കോണ്‍സുലേറ്റിന്റെ അറിയിപ്പില്‍ പറയുന്നു. പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് അമിതനിരക്ക് ഈടാക്കുന്ന ഏജന്റുമാര്‍ക്കെതിരെ കഴിഞ്ഞ നവംബറില്‍ കോണ്‍സുലേറ്റ് പുറപ്പെടുവിച്ച മുന്നറിപ്പിന്റെ തുടര്‍ച്ചയായാണ് വീണ്ടും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.

Content Highlights: Scam alert: Indian Consulate in Dubai tells expats who to contact for repatriation help

dot image
To advertise here,contact us
dot image