

മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ വ്യാപാര വിനിമയ മൂല്യം ഏകദേശം 268 ബില്യൺ സൗദി റിയാലിൽ എത്തിയതായി റിപ്പോർട്ട്. ജിസിസി വാണിജ്യ സഹകരണ സമിതിയുടെ 71-ാമത് യോഗത്തിലാണ് സാമ്പത്തിക രംഗത്തെ ഈ മികച്ച നേട്ടം അവലോകനം ചെയ്തത്. ആകെ വ്യാപാരത്തിൽ 186 ബില്യൺ റിയാലോളവും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സൗദിയുടെ മാത്രം കയറ്റുമതിയാണെന്നത് മേഖലയിലെ രാജ്യത്തിൻ്റെ കരുത്ത് വിളിച്ചോതുന്നു.
സൗദി വാണിജ്യമന്ത്രി ഡോ. മാജിദ് അൽ കസബി പങ്കെടുത്ത യോഗത്തിൽ വിവിധ രാജ്യങ്ങളുമായും അന്താരാഷ്ട്ര സാമ്പത്തിക കൂട്ടായ്മകളുമായുമുള്ള സ്വതന്ത്ര വ്യാപാര കരാറുകളിലെ (Free Trade Agreements) പുതിയ പുരോഗതികൾ വിശദമായി വിലയിരുത്തി. ജിസിസി രാജ്യങ്ങളിലുടനീളം ഏകീകൃത വാണിജ്യ നിയമങ്ങൾ നടപ്പിലാക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകളും യോഗത്തിൽ നടന്നു.
ഗൾഫ് മേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (SMEs) വളർച്ചയും വ്യാപനവും വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനങ്ങൾക്കും യോഗം അംഗീകാരം നൽകി. ജനറൽ സെക്രട്ടറിയേറ്റിൻ്റെ നേതൃത്വത്തിൽ സമിതിക്ക് കീഴിലുള്ള വിവിധ ഉപസമിതികളുടെ പ്രവർത്തനങ്ങളും മേഖലയിലെ നിലവിലെ വാണിജ്യ സാഹചര്യങ്ങളും സമിതി വിലയിരുത്തി.
Content Highlights: Saudi Arabia’s trade exchange with other GCC countries reached approximately SAR 268 billion in 2025. The figure was reviewed at the 71st meeting of the GCC Trade Cooperation Committee, which also discussed free trade agreements, unified commercial laws, consumer protection and support for small and medium-sized enterprises.