

ഒമാനും കസാഖ്സ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ 15 നിർണായക കരാറുകളിൽ ഒപ്പുവെച്ചു. നിക്ഷേപം, ഊർജം, ടൂറിസം, ധാതു പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലമാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കസാഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിലെ പാലസ് ഓഫ് ഇൻഡിപെൻഡൻസിൽ നടന്ന ചടങ്ങിൽ, കസാഖ്സ്ഥാൻ്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദി ഗോൾഡൻ ഈഗിൾ' ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് സമ്മാനിച്ചു. കസാഖ്സ്ഥാൻ പ്രസിഡൻ്റ് കാസിം ജോമാർട്ട് ടോകയേവിൻ്റെ സാന്നിധ്യത്തിലാണ് ചരിത്രപ്രധാനമായ ഈ കരാറുകൾ കൈമാറിയത്.
അഞ്ച് പ്രധാന കരാറുകളും 10 ധാരണാപത്രങ്ങളുമാണ് കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്. യുറേഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിൽ ഒമാൻ അംഗത്വം നേടുന്നതിനും ബാങ്കിൻ്റെ സാന്നിധ്യം ഒമാനിൽ ഉറപ്പാക്കുന്നതിനുമുള്ള സഹകരണം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. പരസ്പര നിക്ഷേപ പ്രോത്സാഹനവും സംരക്ഷണവും ഉറപ്പാക്കുന്നതോടൊപ്പം, 150 ദശലക്ഷം യുഎസ് ഡോളറിൻ്റെ (ഏകദേശം 1,250 കോടിയിലധികം രൂപ) സംയുക്ത നിക്ഷേപ ഫണ്ട് രൂപീകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. വാർത്താവിനിമയ സഹകരണം, രണ്ട് നിർണായക എക്സിക്യൂട്ടീവ് കരാറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഊർജ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് പുതിയ തീരുമാനങ്ങൾ. ഒമാൻ്റെ ഒക്യു (OQU) ഗ്രൂപ്പും കസാഖ്സ്ഥാൻ്റെ ദേശീയ കമ്പനിയായ 'കാസ്മുനായ്ഗാസും' തമ്മിൽ എണ്ണ-വാതക പര്യവേക്ഷണത്തിനും ഉത്പ്പാദനത്തിനുമുള്ള പുതിയ നിക്ഷേപ അവസരങ്ങൾക്കായി രണ്ട് പ്രധാന കരാറുകളിൽ ഒപ്പുവെച്ചു. കൂടാതെ, ധാതു പര്യവേക്ഷണ മേഖലയിൽ ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും (AI) പ്രയോജനപ്പെടുത്തുന്നതിനായി ഒരു ഒമാൻ-കസാഖ്സ്ഥാൻ പ്രത്യേക സെൻ്റർ സ്ഥാപിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
യാത്രാ-വ്യാപാര ബന്ധങ്ങൾ സുഗമമാക്കുന്നതിനായി വ്യോമഗതാഗത കരാറിലും ഒമാൻ-കസാഖ്സ്ഥാൻ ബിസിനസ് കൗൺസിൽ രൂപീകരണത്തിലും ഒപ്പുവെച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ നയതന്ത്രപഠനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, കന്നുകാലി-മത്സ്യസമ്പത്ത്, വിവരസാങ്കേതികവിദ്യ, സാംസ്കാരിക-യുവജന ക്ഷേമം തുടങ്ങിയ ഒട്ടനവധി മേഖലകളിൽ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാനും ഉച്ചകോടിയിൽ ധാരണയായി.
Content Highlights: Oman and Kazakhstan have taken steps to deepen bilateral relations by signing five agreements and 10 memoranda of understanding. The agreements cover investment protection, air transport and a joint business council, while cooperation also extends to finance, technology, health, agriculture, logistics, renewable energy and tourism. Muscat Daily