

ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ വിസാ നടപടികൾ പൂർത്തിയാക്കുന്നതിനിടെ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ പുതിയ നടപടികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വിദേശകാര്യ മന്ത്രാലയവും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പുതിയ നടപടി നടപ്പാക്കുന്നത്. രാജ്യത്തെ താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്നും അധികൃതർ പറഞ്ഞു. പുതിയ നിയമ പ്രകാരം അർഹരായ വ്യക്തിക്ക് ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, വിവാഹം കഴിക്കാത്ത പെൺമക്കൾ എന്നിവരെ സൗദിയിലേക്ക് കൊണ്ടുവരാം.
അപേക്ഷയ്ക്കുള്ള എല്ലാ നിബന്ധനകളും പാലിച്ചാൽ വിദഗ്ധ തൊഴിലാളിയുടെ തൊഴിൽ വിസ നടപടികൾ പൂർത്തിയാക്കുന്നതിനോടൊപ്പം തന്നെ കുടുംബാംഗങ്ങളുടെ പ്രവേശന വിസയും അനുവദിക്കാനാകും. കുടുംബാംഗങ്ങൾ സൗദിയിലെത്തിയ ശേഷം നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അവരുടെ താമസാനുമതി നടപടികൾ പൂർത്തിയാക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia has introduced measures allowing eligible highly skilled foreign workers to obtain family entry visas alongside their work visa procedures.