സൗദിയുടെ രക്ഷയ്‌ക്ക് തുർക്കിയും പാകിസ്താനും; മക്ക സംയുക്ത കരാറിൻ്റെ ഭാഗമായി സൈന്യത്തെ അയക്കും

അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക, പ്രാദേശിക സുരക്ഷാ ഭീഷണികളെ സംയുക്തമായി നേരിടുക, പശ്ചിമേഷ്യൻ സുരക്ഷയ്ക്ക് മേഖലയിൽ തന്നെ പരിഹാരങ്ങൾ കണ്ടെത്തുക എന്നിവയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

സൗദിയുടെ രക്ഷയ്‌ക്ക് തുർക്കിയും പാകിസ്താനും; മക്ക സംയുക്ത കരാറിൻ്റെ ഭാഗമായി സൈന്യത്തെ അയക്കും
dot image

ഹൂത്തി ആക്രമണങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി സൈന്യത്തെ അയക്കാൻ തുർക്കിയും പാകിസ്താനും തീരുമാനിച്ചു. പുതുതായി രൂപീകരിച്ച 'മക്ക സംയുക്ത പ്രതിരോധ സഖ്യത്തിന്റെ' (Makkah Joint Defence Alliance) ഭാഗമായാണ് തന്ത്രപ്രധാനമായ ഈ സൈനിക വിന്യാസം. റിയാദിൽ ചേർന്ന സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആൻഡ് ഡിഫൻസ് കമ്മിറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും സൈനിക മേധാവികളും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ഓഗസ്റ്റ് 7-ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് എന്നിവർ ഒപ്പുവെച്ച ചരിത്രപരമായ 'മക്ക സംയുക്ത പ്രതിരോധ കരാറിന്റെ' അടിസ്ഥാനത്തിലാണ് നിലവിലെ നടപടികൾ. മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളെയും സൗദിയിലെ മറ്റ് തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു.

അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക, പ്രാദേശിക സുരക്ഷാ ഭീഷണികളെ സംയുക്തമായി നേരിടുക, പശ്ചിമേഷ്യൻ സുരക്ഷയ്ക്ക് മേഖലയിൽ തന്നെ പരിഹാരങ്ങൾ കണ്ടെത്തുക എന്നിവയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കരാർ വ്യവസ്ഥകൾ പ്രകാരം, സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ മറ്റ് രണ്ട് രാജ്യങ്ങളും പൂർണ്ണ സൈനിക-പ്രതിരോധ പിന്തുണ നൽകാൻ ബാധ്യസ്ഥരാണ്. സൗദിയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ ഉണ്ടാകുന്ന ഏത് ഭീഷണിയും സംയുക്തമായി നേരിടുമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, പുതിയ സഖ്യത്തിന്റെ പ്രഥമ സെക്രട്ടറി ജനറലായി പാകിസ്ഥാന്റെ വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നുഅ്മാൻ മഹ്മൂദിനെ മൂന്ന് വർഷത്തേക്ക് നിയമിച്ചിട്ടുണ്ട്. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുർക്കി, ആണവശക്തിയായ പാകിസ്ഥാൻ, ഗൾഫിലെ പ്രബല ശക്തിയായ സൗദി അറേബ്യ എന്നിവർ കൈകോർക്കുന്നത് പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ വൻ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Saudi Arabia, Turkey and Pakistan have activated the collective defence commitments of the Makkah Joint Defence Agreement. The three countries agreed to take immediate measures for the rapid deployment of agreed military forces and capabilities to Saudi Arabia, subject to their respective national laws.

dot image
To advertise here,contact us
dot image