റിയാദിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തി; സജയ്ക്കും ദോഹയ്ക്കും ഇനി പുതിയ ജീവിതം

വിശദമായ പരിശോധനകൾക്ക് ശേഷമാണ് സജയും ദോഹയും നെഞ്ചിലും വയറിലും ഒട്ടിച്ചേർന്ന നിലയിലാണെന്ന് കണ്ടെത്തിയത്

റിയാദിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തി; സജയ്ക്കും ദോഹയ്ക്കും ഇനി പുതിയ ജീവിതം
dot image

റിയാദിൽ 13 മാസം പ്രായമുള്ള മൊറോക്കൻ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി. സൗദി കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിലെ (Saudi Conjoined Twins Program) മെഡിക്കൽ, സർജിക്കൽ സംഘമാണ് സജയെയും ദോഹയെയും വേർപ്പെടുത്തിയത്. റിയാദിലെ കിംഗ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശപ്രകാരമായിരുന്നു ശസ്ത്രക്രിയ. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) സൂപ്പർവൈസർ ജനറലും മെഡിക്കൽ, സർജിക്കൽ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുള്ള അൽ റബീഅയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 24-നാണ് ഇരട്ടകളെ സൗദിയിലെത്തിച്ചത്.

വിശദമായ പരിശോധനകൾക്ക് ശേഷം ഇരുവരും നെഞ്ചിലും വയറിലും ഒട്ടിച്ചേർന്ന നിലയിലാണെന്ന് കണ്ടെത്തി. ഹൃദയത്തെയും കരളിനെയും കുടലിനെയും ചുറ്റിയുള്ള ചില സ്തര ഭാഗങ്ങളും (membranes) ഇരുവരും പങ്കിട്ടിരുന്നു. ഏകദേശം 10 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ ആറ് ഘട്ടങ്ങളിലായാണ് നടത്തിയത്. 23 കൺസൾട്ടന്റുമാരും വിദഗ്ധരും നഴ്സുമാരും സാങ്കേതിക ജീവനക്കാരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.

സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് 70 ശതമാനത്തിലധികം വിജയസാധ്യതയുണ്ടായിരുന്നുവെന്നും ഡോ. അൽ റബീഅ പറഞ്ഞു. മൊറോക്കോയിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന സൗദി പ്രോഗ്രാമിന്റെ നാലാമത്തെ ശസ്ത്രക്രിയയാണിത്. 1990 മുതൽ അഞ്ച് ഭൂഖണ്ഡങ്ങളിലായി 28 രാജ്യങ്ങളിൽ നിന്നുള്ള 159 ഇരട്ടകളുടെ ചികിത്സ സൗദി കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാം ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ പ്രോഗ്രാമിന് കീഴിൽ നടത്തിയ വേർപെടുത്തൽ ശസ്ത്രക്രിയകളുടെ എണ്ണം 73 ആയി.

Content Highlights: Moroccan conjoined twins Saja and Duha were successfully separated in Riyadh following a complex multi-stage surgical procedure at King Abdullah Specialist Children’s Hospital.

dot image
To advertise here,contact us
dot image