

സൗദിയില്‍ വ്യാജ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സൗദിവത്ക്കരണം അട്ടിമറിക്കുന്ന സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹ്യ വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകള്‍ തെളിയിക്കപ്പെട്ടാല്‍ നിതാഖാത്ത് പ്രോഗ്രാമില്‍ നിന്ന് പുറത്താക്കുമെന്നും കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി പൗരന്മാരെ രേഖകളില്‍ മാത്രം ജീവനക്കാരായി രജിസ്റ്റര്‍ ചെയ്യുകയും ഇവര്‍ക്ക് തുച്ഛമായ ശമ്പളം നല്‍കി യഥാര്‍ത്ഥ ജോലി നല്‍കാതിരിക്കുകയും ചെയ്തുകൊണ്ടാണ് ചില സ്ഥാപനങ്ങള്‍ സൗദിവത്ക്കരണ നിയമം അട്ടിമറിക്കുന്നത്. നിതാഖാത്തിലെ ഉയര്‍ന്ന പദവി നിലനിര്‍ത്തുവാനും വിദേശ തൊഴിലാളികള്‍ക്ക് വിസ നേടുന്നതിനുമായാണ് ചില സ്ഥാപനങ്ങള്‍ ഇത്തരം രീതി സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള സംശയകരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ചില സ്ഥാപനങ്ങള്‍ക്ക് എതിരെ മന്ത്രാലയം ഇതിനകം മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
നേരത്തെ സമാന രീതിയില്‍ സൂചനകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പിന്നീട് നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പ് ലഭിച്ചിട്ടും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപാവങ്ങള്‍ക്ക് എതിരെ രണ്ട് ശിക്ഷകളാണ് ഒരുമിച്ച് ചുമത്തുക. ആദ്യം നിതാഖാത്ത് പ്രോഗ്രാമില്‍ നിന്നുള്ള പുറത്താക്കുകയും തുടര്‍ന്ന് നിയമപ്രകാരമുള്ള ശിക്ഷാ നടപടികളുമാണ് ഈ സ്ഥാപനങ്ങള്‍ക്ക് എതിരെ സ്വീകരിക്കുക.
നിതാഖാത്തില്‍ നിന്ന് പുറത്തായ സ്ഥാപനങ്ങളില്‍ വിദേശ തൊഴിലാളികളുടെ പുതിയ വിസകള്‍ അനുവദിക്കില്ല. രജിസ്റ്റര്‍ ചെയ്ത സൗദി ജീവനക്കാര്‍ യഥാര്‍ത്ഥത്തില്‍ ജോലിക്ക് ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കാനും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തിരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ടോള്‍ഫ്രീ നമ്പറിലൂടെയും ഔദ്യോഗിക ആപ്പിലൂടെയും പരാതികളും അന്വേഷണങ്ങളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia is intensifying action against companies accused of manipulating Saudization policies through illegal and fake practices, aiming to strengthen national employment regulations.