ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം ഒരുക്കുക ലക്ഷ്യം; 4500-ല്‍ അധികം സന്നദ്ധപ്രവർത്തകർ തയ്യാറായതായി അധികൃതർ

വിവിധ പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുകൊണ്ടാണ് തീർത്ഥാടകരുടെ സേവനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുന്നത്.

ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം ഒരുക്കുക ലക്ഷ്യം; 4500-ല്‍ അധികം സന്നദ്ധപ്രവർത്തകർ തയ്യാറായതായി അധികൃതർ
dot image

സൗദിയില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് 4500-ല്‍ അധികം പുരുഷ, വനിതാ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കിയതായി നഗരസഭ, ഭവന കാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുകൊണ്ടാണ് തീർത്ഥാടകരുടെ സേവനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുന്നത്.

നഗര സഭയുടെ സന്നദ്ധസേവന സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുവാനും ഹജ്ജുമായി ബന്ധപ്പെട്ട നഗരസഭാ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവരുടെ എണ്ണം 20,000ത്തോളമായി ഉയര്‍ത്തുവാനും മന്ത്രാലയം ലക്ഷ്യമിടുന്നു.

കര വഴിയും വിമാന മാര്‍ഗവും രാജ്യത്തേക്ക് പ്രവേശിക്കുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും പൊതുസൗകര്യങ്ങളും നഗരസഭാ കേന്ദ്രങ്ങളും സജ്ജമാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതോടോപ്പം ഹജ് കേന്ദ്രങ്ങളിലെ വിവിധ സേവന പ്രവര്‍ത്തനങ്ങളിലും മടക്കയാത്രാ ഘട്ടങ്ങളിലും തീര്‍ത്ഥാടകരുടെ സഹായത്തിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരിക്കും.

മിനായില്‍ തീര്‍ത്ഥാടകർക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും നഗരസഭാ സംഘങ്ങളോടൊപ്പമുള്ള ഓപ്പറേഷന്‍-സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലും ഇവരുടെ സേവനം ലഭ്യമാക്കും. ഇത് വഴി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ഇരു ഹറമുകളുടെയും സേവനത്തിന് സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രത്യേക പ്രാധാന്യമാണ് നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായാണ് ഹജ്ജ് തീര്‍ത്ഥാതര്‍ക്കുള്ള സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഓരോ തീര്‍ഥാടകനും സൗദിയിലെത്തുന്ന നിമിഷം മുതല്‍ മടങ്ങിപ്പോകുന്നതുവരെയുള്ള ഓരോ ഘട്ടങ്ങളിലും എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: More than 4,500 volunteers have been prepared to assist Hajj pilgrims as part of efforts to improve services and streamline pilgrimage management. The initiative focuses on better coordination, safety, and support for pilgrims during the Hajj season.

dot image
To advertise here,contact us
dot image