

ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോററ്ററി. നിയമ ലംഘകരായ 94 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയായി അതോറിറ്റി അറിയിച്ചു. രാജ്യവ്യാപകമായി പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനില്‍ നിയമ ലംഘകരായ പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് എതിരായ നടപടി ലേബര്‍ മാര്‍ക്കറ്റ് റെഗിലേറ്ററി അതേറിറ്റി ശക്തമാക്കിയത്.
ഈ മാസം മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി നിയമ ലംഘകര്‍ പിടിയിലായി. ഗുരുതരമായി നിയമ ലംഘനം നടത്തിയ 94 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. തൊഴില്‍ നിയമം ലംഘിച്ചവരും മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്ത് തുടര്‍ന്ന് വന്നവരുമാണ് ഇതില്‍ ഏറെയും. സ്‌പോണ്‍സര്‍ഷിപ്പ് ലംഘനം ഉള്‍പ്പെടെയുളളവരും പരിശോധനയില്‍ കണ്ടെത്തി.
രാജ്യത്തെ നാല് ഗവര്‍ണേറ്റുകളിലായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ 995 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം അറിയിക്കണമന്നെും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും. നിയമ ലംഘകര്‍ക്ക് സഹായം നല്‍കുന്നത് ഗുരുതമായ കുറ്റമാണെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.
നിയമലംഘകരെ കണ്ടെത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ വിപണിയിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കാനുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ നിയമാനുസൃതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
Content Highlights: Bahrain has stepped up enforcement against labour law violations, deporting 94 expatriates as part of stricter measures to ensure compliance with employment regulations.