

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിൻ്റെ മോചനം ഈ മാസം. വലിയ പെരുന്നാളിന് മുമ്പ് അബ്ദുല്‍ റഹീം ജയിൽ മോചിതനാകുമെന്നാണ് വിവരം. മെയ് 19ന് ശിക്ഷാ കാലവധി പൂർത്തിയാകും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാൻ ഈ മാസം ഇരുപതിന് അബ്ദുൽ റഹീം നാട്ടിലെത്തും.
ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അബ്ദുൽ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയത്. വധശിക്ഷ ഒഴിവാക്കിയ കോടതി റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയായിരുന്നു. കഴിഞ്ഞ വർഷം മെയ് 26നായിരുന്നു കോടതി വിധി വന്നത്.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ഡിസംബര്‍ മുതല്‍ റഹീം ജയിലിലാണ്.
Content Highlights: Abdul Rahim, a native of Kozhikode, Farokh, who is in a Saudi prison in a murder case, is set to be released