

ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ വ്യക്തിഗത ഉപയോഗത്തിന് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പുറത്തിറക്കി. നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ കൊണ്ടു വരുന്നവര്‍ ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പ്രത്യേക അനുമതി നേടണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
സൗദിയില്‍ നിയന്ത്രണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ വ്യക്തിപരമായ ഉപയോഗത്തിനു വേണ്ടി കൊണ്ടു വരുന്ന തീര്‍ത്ഥാടകര്‍ നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഇതിനായി പ്രത്യേക അനുമതി നേടിയിരിക്കണം. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഡോക്ടറുടെ കുറിപ്പടി അല്ലെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, മരുന്നിന്റെ പേരും ചേരുവയും ഉള്‍പ്പെടെയുള്ള പാക്കറ്റിന്റെ ഫോട്ടോ എന്നിവക്കൊപ്പം അപേക്ഷകന്റെ സത്യവാങ്മൂലവും സമര്‍പ്പിക്കണം.
ആറ് മാസത്തിനുള്ളില്‍ ഇഷ്യു ചെയ്ത ഡോക്ടറുടെ കുറിപ്പടി മാത്രമെ അംഗീകരിക്കുകയുള്ളു. പരമാവധി ഒരു മാസത്തേക്കുള്ള മരുന്നുകള്‍ കൊണ്ടുവരുന്നതിനാണ് അനുമതി നല്‍കുക എന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം സൗദിയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ എത്തുന്ന ആഭ്യന്തര തീര്‍ഥാടകര്‍ മെനിംഗോകോക്കല്‍, കോവിഡ്-19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ എന്നീ മൂന്ന് പ്രധാന വാക്‌സിനുകള്‍ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
'സിഹത്തീ' ആപ്പ് വഴിയാണ് ഇതിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടത്. ഹജ്ജ് സീസണ്‍ തുടങ്ങുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ സെന്ററുകള്‍ വഴി ഈ സേവനം ലഭ്യമാക്കും. തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കുവാനും ആപ്പില്‍ സൗകര്യമുണ്ട്. ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് ഗര്‍ഭിണികള്‍ക്കും ഈ കുത്തിവെപ്പുകള്‍ എടുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia has released guidelines for Hajj pilgrims on carrying medicines during the pilgrimage. Authorities have urged pilgrims to strictly follow regulations and carry proper prescriptions to avoid complications.