'ഞാന്‍ മരിച്ചു പോകണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം'; മരണത്തെകുറിച്ച് സന്തോഷ് നായര്‍ പറഞ്ഞ വാക്കുകള്‍

വാഹനാപകടത്തെ തുടര്‍ന്നായിരുന്നു സന്തോഷ് നായരുടെ അന്ത്യം

'ഞാന്‍ മരിച്ചു പോകണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം'; മരണത്തെകുറിച്ച് സന്തോഷ് നായര്‍ പറഞ്ഞ വാക്കുകള്‍
dot image

വാഹനാപകടത്തെ തുടര്‍ന്നുണ്ടായ നടന്‍ സന്തോഷ് നായരുടെ മരണവാര്‍ത്ത മലയാളികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. വിവിധ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് താരം. മോഹിനിയാട്ടം സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിലിറങ്ങിയ ചിത്രം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'ഒരു സിനിമാ ഷൂട്ടിനിടെ തനിക്ക് പറ്റിയ പരിക്കിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് മരണശേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 'ഓമനിക്കാന്‍ ഓര്‍മ്മ വയ്ക്കാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ സംഭവിച്ചതാണ്. ഫൈറ്റിനിടെ മുട്ട്ിന്റെ ചിരട്ട ഒന്ന് സ്ലിപ്പ് ആയതാണ്. അന്ന് ഒരാള്‍ അവിടെ വച്ച് തന്നെ സെറ്റാക്കി തന്നത് അതുപോലെ തന്നെയിരുന്നു. രണ്ട് മൂന്ന് വര്‍ഷത്തിന് മുമ്പ് അതൊന്ന് ഷേക്ക് ആയി ഇളകി. അതിനാല്‍ ചെറിയൊരു വേദനയുണ്ട്. പക്ഷെ ഇത്രയും കൊല്ലം ഇതുവച്ചു തന്നെയാണ് ചെയ്തത്. ഇനിയും ഇത് വച്ച് തന്നെയാണ് ചെയ്യാന്‍ പോകുന്നതും. ഓടണം എന്ന് പറഞ്ഞാല്‍ ഓടാന്‍ ഒക്കില്ലെന്ന് പറയില്ല. ഓടും. ചാടണം എന്ന് പറഞ്ഞാല്‍ ചാടും. ഇളകിയാല്‍ പിന്നേയും പിടിച്ചിടും. അത്ര തന്നെയല്ലേ ഉള്ളൂ.

വെള്ളത്തില്‍ ചാടാന്‍ പറഞ്ഞാല്‍ ചാടും. ഫൈറ്റ് ചെയ്യുന്ന എല്ലാവര്‍ക്കും കയ്യിനും കാലിനും പ്രശ്നമുണ്ട്. സൈന്യം സിനിമ ചെയ്യുന്ന സമയത്ത് വെള്ളത്തില്‍ ചാടാന്‍ പറഞ്ഞപ്പോള്‍ ഹാജ ചോദിച്ചു, അയ്യോ ഇവിടെ എങ്ങനെ ചാടും? ജോഷിയേട്ടന്‍ ചാടുന്നവരെ കാണിച്ച് തരാമെന്ന് പറഞ്ഞിട്ട് എന്നോട് ഇത് ചെയ്തൂടെടാ എന്ന് ചോദിച്ചു. ഓ പിന്നെന്താ ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. ഷോട്ട് എടുത്തു. നിങ്ങള്‍ എന്തോന്ന് കാണിക്കുന്നതെന്ന് ഹാജ ചോദിച്ചു. വെള്ളത്തിലല്ലേ വീഴുന്നത് അതിന് എന്ത് പ്രശ്നം എന്ന് ഞാന്‍ ചോദിച്ചു. പാറയുടെ പുറത്തല്ലല്ലോ. പാറയുടെ പുറത്താണെങ്കിലും ചാടുക തന്നെ. ഞാന്‍ മരിച്ചു പോകണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം. അതിന് ഞാന്‍ വീടിന്റെ അകത്തിരുന്നാലും മതി. ഒരു ഫാന്‍ പൊട്ടി വീണാല്‍ പോരെ. സമയം അവസാനിക്കാനാണെങ്കില്‍ അത് മതി. അപ്പോള്‍ ഒരു പ്രവര്‍ത്തി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആയാലെന്താണ്'- ഇതായിരുന്നു സന്തോഷ് നായരുടെ വാക്കുകള്‍.

നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്. 1982 ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതു ഞങ്ങളുടെ കഥ' എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. 'ഏപ്രില്‍ 18', 'ഇവിടെ തുടങ്ങുന്നു' എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായി മാറുകയായിരുന്നു. 1985 ല്‍ പതിനെട്ടോളം സിനിമകളില്‍ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയില്‍ ചെയ്തു.

1986 ല്‍ ഇറങ്ങിയ 'യുവജനോത്സവം' എന്ന സിനിമയിലെ നിസ്സാര്‍ എന്ന റോള്‍, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറന്‍സ് തുടങ്ങിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മുളമൂട്ടില്‍ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കടത്തനാടന്‍ അമ്പാടി, വിഷ്ണുലോകം,ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളില്‍ അദ്ദേഹം നല്ല വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ശക്തമായൊരു കഥാപാത്രമെന്ന് പറയുന്നത് ചന്ദ്രോത്സവത്തിലെ നായകന്റെ സുഹൃത്തായ സഹദേവന്റെ വേഷമായിരിക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ഗോപി, രതീഷ്, ശങ്കര്‍, ജയറാം, റഹ്‌മാന്‍, ബാലചന്ദ്രമേനോന്‍ എന്നിവരുടെയൊക്കെ വില്ലന്‍ ജോഡിയായി വന്നിട്ടുള്ള ഈ നടന്‍ നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം പ്രൊപ്രൈറ്റര്‍സ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളില്‍ കോമഡി ഫ്‌ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.

Content Highlights: 'If I want to die, my life must be over'; Santosh Nair's words about death go viral





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image