

ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പ്രവാസികളെ മക്ക സുരക്ഷാ സേന അറസ്റ്റ് ചെയ്തു. തീര്‍ത്ഥാടകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ തീര്‍ത്ഥാടകരെ ലക്ഷ്യമാക്കിയുള്ള തട്ടിപ്പ് സംഘങ്ങളും മക്കയില്‍ വ്യാപകമായിരിക്കുകയാണ്. ഇത്തരക്കാര്‍ക്കേതിരെ ശക്തമായ നിരീക്ഷണമാണ് അധികൃതര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മക്കയില്‍ നിന്ന് മുന്ന് പ്രവാസികളെ സുരക്ഷാ സേന പിടികൂടി.
തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തി വരികയായിരുന്നു സംഘം. നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് എതിരായ പരിശോധനയും കൂടുതല്‍ ശക്തമാക്കി. ഹജ്ജ് സീസണ്‍ ആരംഭിച്ചതിന് ശേഷം ഇത്തരത്തില്‍ മക്ക നഗരത്തിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച നൂറ് കണക്കിന് പേരാണ് ഇതിനകം പിടിയിലായത്.
സൗദി പൗരന്മാര്‍ക്കും ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കും ഉംറ നിര്‍വഹിച്ചു മടങ്ങാന്‍ അനുവദിച്ച അന്തിമ സമയ പരിധി ഞായറാഴ്ച അര്‍ദ്ധ രാത്രിയാണ് അവസാനിക്കുന്നത്. ഇതിനു ശേഷം പരിശോധനകള്‍ ഊര്‍ജ്ജിതമാകും. ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെയും നേരായ മാര്‍ഗത്തില്‍ കൂടി അല്ലാതെയും ഹജ്ജ് നിര്‍വഹിക്കുന്നത് മതപരമായി നിഷിദ്ധമാണെന്ന് സൗദി പണ്ടിത സഭ മത വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വെള്ളിയാഴ്ചത്തെ ജുമുഅ ഖുതുബകളില്‍ പൊതു ജനങ്ങളില്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുവാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Security forces in Mecca have arrested three expatriates for promoting fake Hajj service advertisements. Authorities have urged pilgrims to rely only on approved channels to avoid fraud.