സൗദിയിൽ ട്രെയിൻ ​ഗതാ​ഗതത്തിന് വൻ ജനപ്രീതി; യാത്രക്കാരിൽ കൂടുതലാളുകൾ ഉപയോ​ഗിക്കുന്നതായി റിപ്പോർട്ട്

നഗരങ്ങള്‍ തമ്മിലുള്ള റെയില്‍ ഗതാഗതത്തിലും ശ്രദ്ധേയമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

സൗദിയിൽ ട്രെയിൻ ​ഗതാ​ഗതത്തിന് വൻ ജനപ്രീതി; യാത്രക്കാരിൽ കൂടുതലാളുകൾ ഉപയോ​ഗിക്കുന്നതായി റിപ്പോർട്ട്
dot image

സൗദി അറേബ്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് വന്‍ ജനപ്രീതി ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ മാത്രമായി 4.5 കോടി യാത്രക്കാരാണ് ട്രെയിന്‍ ഗതാഗത സേവനം പ്രയോജനപ്പെടുത്തിയത്. രാജ്യത്തെ മൊത്തം യാത്രക്കാരില്‍ കൂടുതല്‍ പേരും ട്രെയിന്‍ യാത്രക്ക് മുന്‍ഗണന നല്‍കുന്നതായാണ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്ത് യാത്രക്കായി ട്രെയിനുകള്‍ ഉപയോഗിച്ചവരുടെ എണ്ണം നാലര കോടിയോളമായാണ് ഉയര്‍ന്നത്. ഇതില്‍ 4,20,00 പേരും നഗര ട്രെയിന്‍ സേവനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഈ കാലയളവില്‍ രാജ്യത്തെ അഭിമാന പദ്ധതികളില്‍ ഒന്നായ റിയാദ് മെട്രോ വഴി മാത്രം 3 കോടി 10 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തു.

ജിദ്ധ കിങ് അബ്ദുല്‍ അസിസ് രാജ്യന്തര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രെയിന്‍ സര്‍വീസ് വഴി ഒരു കോടി യാത്രക്കാരും പ്രിന്‍സസ്സ് നൗറഹ് ബിന്ത് അബ്ദുല്‍റഹ്‌മാന്‍ യൂണിവേഴ്‌സിറ്റിയിലെ ഓട്ടോമേറ്റഡ് ട്രെയിനില്‍ വഴി 6.21 ലക്ഷം പേരും യാത്ര ചെയ്തതായു് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗര ഗതാഗത തിരക്ക് കുറയ്ക്കാനും യാത്രാസൗകര്യം വര്‍ധിപ്പിക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും ഈ സേവനങ്ങള്‍ സഹായിച്ചതായും അതോറിറ്റി വ്യക്തമാക്കി.

നഗരങ്ങള്‍ തമ്മിലുള്ള റെയില്‍ ഗതാഗതത്തിലും ശ്രദ്ധേയമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ ഉപയോഗിച്ച് 20 ലക്ഷം പേരാണ് യാത്ര ചെയ്തത്. റിയാദ് - ദമാം ദീര്‍ഘ ദൂര റെയില്‍ പാതയായ ഈസ്റ്റന്‍ റെയില്‍വേ വഴി 3.49 ലക്ഷം യാത്രക്കാരും നോര്‍ത്ത് റെയില്‍വെ വഴി അതിര്‍ത്തി മേഖലകളിലേക്ക് 2.18 ലക്ഷം പേരും ഈ കാലയളവില്‍ യാത്ര ചെയ്തു. ഇതിനുപുറമെ ചരക്ക് ഗതാഗതത്തിലും റെയില്‍വേ വലിയ മുന്നേറ്റമാണ് കൈവരിച്ചത്. 40 ലക്ഷം ടണ്‍ ചരക്കുകളും ധാതുക്കളുമാണ് ഈ കാലയളവില്‍ ട്രെയിന്‍ വഴി ചരക്ക് നീക്കം നടത്തിയത്. ഇതില്‍ 30 ലക്ഷം ടണ്‍ ചരക്കുകള്‍ നോര്‍ത്ത് റെയില്‍ നെറ്റ്വര്‍ക്കിലൂടെയാണ് കൊണ്ടുപോയത്.

ഈസ്റ്റ് റെയില്‍ നെറ്റ്വര്‍ക്ക് വഴി 4.48 ലക്ഷം ടണ്ണും 1.97 ലക്ഷം കണ്ടെയ്നറുകളുമാണ് ഈ കാലയളവിലെ ചരക്ക് നീക്കം. രാജ്യത്തെ ലോജിസ്റ്റിക് ശൃംഖല ശക്തിപ്പെടുത്താനും തുറമുഖങ്ങളും സാമ്പത്തിക മേഖലകളും കൂടുതല്‍ കാര്യക്ഷമമായി ബന്ധിപ്പിക്കാനും റെയില്‍ ഗതാഗതം നിര്‍ണായക പങ്ക് വഹിക്കുന്നതായി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

Content Highlights: Train transport in Saudi Arabia is witnessing a surge in popularity, with reports showing a significant increase in passenger usage across major routes.

dot image
To advertise here,contact us
dot image