കാമുകിമാരോടൊന്നിച്ച് താമസം വേണ്ട, ടീം ബസിലും വിലക്ക്; നിലപാട് കടുപ്പിച്ച് ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ കാമുകിമാരെ കൂടെക്കൂട്ടുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ ബിസിസിഐ

കാമുകിമാരോടൊന്നിച്ച് താമസം വേണ്ട, ടീം ബസിലും വിലക്ക്; നിലപാട് കടുപ്പിച്ച് ബിസിസിഐ
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ, കാമുകിമാരെ കൂടെക്കൂട്ടുന്ന താരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിസിസിഐ. ഐപിഎലിലെ വിവിധ ടീമുകളില്‍ കളിക്കുന്ന താരങ്ങള്‍ ഭാര്യമാരെ ടീം ബസിലും ഹോട്ടലിലും ഒപ്പം കൂട്ടുന്ന രീതിയുണ്ട്. ഇന്ത്യന്‍, വിദേശ താരങ്ങളെല്ലാം ഭാര്യമാരെ കൂടെക്കൂട്ടാറുണ്ട്. എന്നാല്‍ ചില താരങ്ങള്‍ കാമുകിമാരെ ടീം ഹോട്ടലുകളില്‍ ഒപ്പം താമസിപ്പിക്കുന്നതില്‍ ബിസിസിഐ കടുത്ത വിമര്‍ശനത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കാമുകിയോടൊത്ത് സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കാമുകിയായ മഹിക ശര്‍മയ്‌ക്കൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കുന്നു എന്നാരോപിച്ചാണ് മുംബൈ ആരാധകര്‍ പാണ്ഡ്യയെ ചോദ്യം ചെയ്തിരുന്നത്.

മുംബൈ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ഹാര്‍ദികിനെതിരായ വിമര്‍ശനം ശക്തമായി.

രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാള്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഇഷാന്‍ കിഷന്‍, പഞ്ചാബ് കിങ്‌സ് താരം അര്‍ഷ്ദീപ് സിങ് എന്നിവരും ടീം ബസുകളിലും ഹോട്ടലുകളും കാമുകിമാരെ കൊണ്ടുവന്നതായി ബിസിസിഐക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അര്‍ഷ്ദീപ് സിങ് കാമുകിയുമായി ബസില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും ഈയിടെ വൈറലായി. താരങ്ങളുടെ പങ്കാളികളില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലെ 'ഇന്‍ഫ്‌ലുവന്‍സര്‍' ഇമേജ് വര്‍ധിപ്പിക്കാന്‍ ഈ സമയങ്ങളെല്ലാം ഉപയോഗിക്കുന്നതായും ബിസിസിഐ വിലയിരുത്തുന്നുണ്ട്. താരങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്ന യുവതികളില്‍ പലരും മുന്‍പ് ബെറ്റിങ് ആപ്പുകളുമായി സഹകരിച്ചവരാണ് എന്നതും ബിസിസിഐ നിരീക്ഷിക്കുന്നു. ഇതുകൂടി കണക്കിലെടുത്താണ് ബിസിസിഐയുടെ ഇടപെടല്‍. 'ഈ രീതി അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ഐപിഎല്‍ ടീം ബസുകള്‍ കാമുകിമാര്‍ക്കു വേണ്ടി കാത്തുനില്‍ക്കുന്ന സാഹചര്യവും താരങ്ങള്‍ക്കൊപ്പം ഒരേ ഹോട്ടലില്‍ താമസിക്കുന്നതുമെല്ലാം വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 'ഔദ്യോഗികമായി പ്രഖ്യാപിച്ച' പങ്കാളികള്‍ ആയതിനാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും താരങ്ങളുടെ കാമുകിമാരെ തടയുന്നില്ല എന്ന കാര്യത്തെ ബിസിസിഐ വിമര്‍ശിക്കുന്നു.

'എവിടെയാണ് ഔദ്യോഗിക കാമുകി നിയമം ഉള്ളതെന്ന് അറിയില്ല. ബിസിസിഐയുടെ ഔദ്യോഗിക നയങ്ങളിലൊന്നും ഇത്തരം പരാമര്‍ശമില്ലെന്നും ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അനുവാദമുണ്ടെന്നും കാമുകിമാര്‍ തോന്നിയപോലെ താരങ്ങള്‍ക്കൊപ്പം കഴിയുന്നതിനെതിരെ അന്വേഷണം വേണമെന്നും ബിസിസിഐ ആവശ്യപ്പെടുന്നുണ്ട്. ബിസിസിഐയുടെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. ഐപിഎലിലെ അച്ചടക്ക ലംഘനങ്ങളെക്കുറിച്ചുള്ള വിവാദങ്ങളും സമീപകാലത്ത് ഉണ്ടായതിനാല്‍ അക്കാര്യവും ബിസിസിഐ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

content highlights: BCCI tightens stance: Bans girlfriends from team buses and restricts hotel stays

dot image
To advertise here,contact us
dot image