

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിനായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. പുതിയതായി ജോലിക്ക് പ്രവേശിക്കുന്നവരുടെ മെഡിക്കല്‍ പരിശോധനാ മാനദണണ്ഡങ്ങള്‍ ഉള്‍പ്പെടെ കര്‍ശനമാക്കിക്കൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സാക്രമിക രോഗങ്ങള്‍ കുറക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കി രോഗങ്ങളുടെ നിരക്ക് കുറക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ജോലിക്ക് കയറുന്നതിനായി മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന രാജ്യത്ത് നിലവിലുണ്ട്. പൊതു സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ കരാറുകാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ആരോഗ്യ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നതിനുശേഷവും ദീര്‍ഘകാലത്തെ അവധിക്ക് ശേഷവും തിരികെയെത്തുന്നര്‍ക്കും ഇത് ബാധകമാണ്. ഈ നടപടിക്രമങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി.
ജോലി സംബന്ധമായി ഉണ്ടാകുന്ന പരിക്കുകള്‍, അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പകര്‍ച്ചവ്യാധികള്‍ അല്ലാത്ത രോഗങ്ങള്‍ നേരത്തേ കണ്ടെത്താനും തൊഴിലാളികള്‍ക്ക് അവരുടെ ജോലികള്‍ കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിലൂടെ കഴിയും. ഒരു ജോലിയില്‍ നിന്ന് മറ്റരു ജോലിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോഴും മോശം പ്രകടനം ഉണ്ടാകുമ്പോഴും മദ്യം ഉപയോഗിച്ചതായി സംശയിക്കുന്നപ്പെടുന്ന സാഹചര്യങ്ങളിലും മെഡിക്കല്‍ പരിശോധന പാസാകേണ്ടതുണ്ട്.
അംഗീകൃത ആരോഗ്യ അതോറിറ്റി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ജോലിയില്‍ തുടരാനുള്ള തൊഴിലാളിയുടെ യോഗ്യത നിശ്ചയിക്കുക. നിര്‍ണ്ണായക തൊഴിലുകളിലെ തൊഴിലാളികള്‍ക്ക്, തൊഴില്‍ അന്തരീക്ഷത്തിന്റെ സ്വഭാവം അനുസരിച്ച് പരിശോധനകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സ്ഥാപനത്തിന് അവകാശമുണ്ടെന്നും പുതിയ നിര്‍ദ്ദേശത്തിൽ പറയുന്നു.
Content Highlights: Saudi Arabia to tighten laws to ensure workers' medical fitness