

ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷ(എച്ച്എംസി)നിലെ നഴ്‌സുമാരുടെ കൂട്ടപ്പിരിച്ചുവിടലില്‍ ഇടപെട്ട് ഷാഫി പറമ്പില്‍ എംപി. പിരിച്ചുവിടുന്നവരുടെ ആശങ്കകള്‍ മനസിലാക്കണമെന്നും സമയോചിതമായ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് എംപി കത്തയച്ചു. പിരിച്ചുവിടുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.
'വലിയൊരളവില്‍ നഴ്‌സുമാരുള്‍പ്പെടെയുള്ളവരെ രണ്ട് മാസത്തെ നോട്ടീസ് പിരീഡ് നല്‍കി പിരിച്ചുവിടുന്നതായി തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ 60 ദിവസത്തിനുള്ളില്‍ മറ്റൊരു ജോലി ലഭിച്ചില്ലെങ്കില്‍ തൊഴിലുടമ നല്‍കിയ താമസസ്ഥലം ഒഴിയേണ്ടതുണ്ട്. തൊഴില്‍ നഷ്ടം ഒരു പ്രധാന തിരിച്ചടിയായി നില്‍ക്കുന്നുണ്ടെങ്കിലും ഈ സമയപരിധി അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുവെന്നതാണ് അവരുടെ ഏറ്റവും വലിയ ആശങ്ക', ഷാഫി പറമ്പില്‍ കത്തില്‍ പറയുന്നു.
ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഖത്തറിലെ സിബിഎസ്ഇയില്‍ 10ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ്. നിലവിലെ അധ്യായന വര്‍ഷം പകുതിയാകുകയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുകയെന്നത് നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് എംപി ചൂണ്ടിക്കാട്ടി. നിലവിലെ സിബിഎസ്ഇ നിയമങ്ങള്‍ പ്രകാരം അധ്യയന വര്‍ഷത്തിന്റെ മധ്യത്തില്‍ വൈകി പ്രവേശനം നേടുന്നത് മിക്കവാറും അസാധ്യമാണ്. ഇത് വിദ്യാര്‍ത്ഥികളുടെ ഒരു അധ്യയന വര്‍ഷം തന്നെ നഷ്ടപ്പെടാനും ഇടയാക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
'മാര്‍ച്ച് വരെ ഖത്തറില്‍ ജോലിയോ താമസ സൗകര്യമോ ഇല്ലാതെ കഴിയേണ്ടി വരുന്നത് കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഈ സാഹചര്യത്തിന്റെ ഗൗരവവും മാനുഷികമായ ആശങ്കകളും കണക്കാക്കി മാര്‍ച്ചില്‍ നിലവിലെ അധ്യയന വര്‍ഷം അവസാനിക്കുന്നത് വരെ നോട്ടീസ് കാലയളവും താമസ സൗകര്യവും നീട്ടുന്നത് പരിഗണിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മാനേജ്‌മെന്റുമായും ഖത്തര്‍ അധികാരികളുമായും അടിയന്തരമായി ഇടപെടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു', എംപി കത്തില്‍ ആവശ്യപ്പെട്ടു.
ഒഴിവാക്കാനാവാത്ത സ്ഥലം മാറ്റം വരികയാണെങ്കില്‍ ഒരു വര്‍ഷത്തെ വിദ്യാഭ്യാസം നഷ്ടപ്പെടാതെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം ഉറപ്പാക്കുന്ന തരത്തില്‍ ഉചിതമായ ഇളവുകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സിബിഎസ്ഇയുമായും വിദേശകാര്യ മന്ത്രാലയവുമായും എംബസി ഏകോപനം നടത്തണമെന്നും എംപി അഭ്യര്‍ത്ഥിച്ചു. നിലവില്‍ കുട്ടികളുടെ ഭാവി ആലോചിച്ച് നൂറുകണക്കിന് പ്രവാസികള്‍ സമ്മര്‍ദത്തിലാണെന്നും ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള സമയോചിത ഇടപെടല്‍ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസം നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Content Highlights: Shafi Parambil MP intervenes in the mass firing of nurses at Hamad Medical Corporation (HMC) in Doha