

2036-ലെ ഒളിംപിക്‌സ്, പാരാലിംപിക്‌സ് കായികമാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് അറബ് ലീഗിന്റെ പിന്തുണ. അന്താരാഷ്ട്ര തലത്തിൽ അറബ് രാജ്യങ്ങളുടെ കായികരംഗത്തെ പങ്കാളിത്തവും സാന്നിധ്യവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ചേർന്ന അറബ് ലീഗ് കൗൺസിലിന്റെ 166-ാമത് സാധാരണ സമ്മേളനത്തിലാണ് ഖത്തറിനെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. ഖത്തറിന്റെ സ്ഥാനാർത്ഥിത്വത്തിന് എല്ലാവിധ അന്താരാഷ്ട്ര വേദികളിലും പിന്തുണ നൽകണമെന്ന് അറബ് ലീഗ് അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആഹ്വാനം ചെയ്തു. ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള ഏകോപന നടപടികൾ കാര്യക്ഷമമായി മുമ്പോട്ടു കൊണ്ടുപോകാൻ ജനറൽ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2022-ലെ ഫിഫ ലോകകപ്പ് അതിഗംഭീരമായി സംഘടിപ്പിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഖത്തർ, തലസ്ഥാനമായ ദോഹയെ കേന്ദ്രീകരിച്ചാണ് ഒളിംപിക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുങ്ങുന്നത്. ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ഒളിംപിക്‌സ് കൂടി പശ്ചിമേഷ്യയിലേക്ക് എത്തിക്കുക എന്നതാണ് ഖത്തറിന്റെ പ്രധാന ലക്ഷ്യം.
അറബ് ലീഗിന്റെ ഈ ശക്തമായ പ്രാദേശിക-രാഷ്ട്രീയ പിന്തുണ ഖത്തറിന്റെ ഒളിംപിക് ശ്രമങ്ങൾക്ക് വലിയ ഊർജ്ജമാണ് പകരുന്നത്. എന്നാൽ അന്തിമ ആതിഥേയ രാജ്യത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) ആയിരിക്കും ഔദ്യോഗികമായി തിരഞ്ഞെടുക്കുക.
Content Highlights: Qatar’s bid to host the 2036 Olympic Games has received support from the Arab League. The backing adds regional support to Qatar’s efforts to secure the hosting rights for the 2036 Olympics as the country seeks to expand its role in major international sporting events.