
തിയേറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ് ലോക. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ സൂപ്പര്‍ഹീറോയായി എത്തുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് നസ്‌ലെനാണ്. സണ്ണി എന്ന കഥാപാത്രമായി ചിരിയും പ്രണയവും ഇമോഷന്‍സുമെല്ലാം വരുന്ന വേഷത്തെ മനോഹരമായി നസ്‌ലെന്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രേമലു എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നായകവേഷങ്ങളില്‍ മാത്രമേ നസ്‌ലെന്‍ ഇനി അഭിനയിക്കൂ എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. പുതിയ തലമുറയിലെ സൂപ്പര്‍സ്റ്റാറായിരിക്കും നസ്‌ലെന്‍ എന്നും വീക്ഷണങ്ങളുണ്ടായിരുന്നു.
എന്നാല്‍ പ്രേമലുവിന് ശേഷമെത്തിയ ആലപ്പുഴ ജിംഖാനയിലും ലോകയിലും അണ്ടര്‍പ്ലെ ചെയ്യുന്ന കഥാപാത്രങ്ങളെയാണ് നടന്‍ തിരഞ്ഞെടുത്തത്. ലോക റിലീസിന് മുന്‍പ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ചുള്ള ചോദ്യത്തിന് നസ്‌ലെന്‍ മറുപടി നല്‍കിയിരുന്നു.
'ആലപ്പുഴ ജിംഖാനയില്‍ മാസ് മൊമെന്റുകള്‍ ഉണ്ടായിരുന്നത് മറ്റ് അഭിനേതാക്കള്‍ക്കായിരുന്നു, ലോക ആദ്യ ഫീമെയില്‍ സൂപ്പര്‍ഹീറോ ചിത്രമാണ് - സ്റ്റാര്‍ മെറ്റീരിയല്‍ എന്ന് പലരും പുകഴ്ത്തുന്ന താങ്കള്‍ എങ്ങനെ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാകുന്നു' എന്നായിരുന്നു നസ് ലെനോടുള്ള ചോദ്യം.
'ആലപ്പുഴ ജിംഖാനയുടെ കാര്യത്തില്‍ എനിക്കതിന്റെ കഥ കേട്ടിട്ട് ഏറ്റവും ഇന്ററസ്റ്റിംഗ് ആയി തോന്നിയത് അതിന്റെ കഥ പറയുന്ന സ്‌റ്റൈല്‍ ആണ്. യഥാര്‍ത്ഥ ജീവിതത്തില്‍ മൂന്ന് മാസം ട്രെയിനിങ് കൊണ്ട് ആരും സ്റ്റേറ്റ് ലെവല്‍ ബോക്‌സിങ് കപ്പ് അടിക്കില്ല. ജില്ലാതലത്തില്‍ പോലും എത്താനാകില്ല. അതാണ് സിനിമയിലും ഉള്ളത്. തോല്‍ക്കുന്ന നായകനാണ് ആ സിനിമയില്‍ ഉള്ളത്.
ലോകയിലും അങ്ങനെയുള്ള ഒരു നായകന്‍ തന്നെയാണ്. എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ വേണമെന്ന നിര്‍ബന്ധം എനിക്കില്ല. ഞാന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ലോകയിലേത്. വ്യത്യസ്തതയുള്ള കഥയാണ് ലോക, മാത്രമല്ല സിനിമയുടെ സ്‌കെയിലും വലുതാണ്. ഒരു പുതിയ അറ്റംപ്റ്റ് ആണ് അപ്പോള്‍ അതിന്റെ ഭാഗമാകുക എന്നത് എനിക്ക് താത്പര്യമുള്ള കാര്യമാണ്', നസ്‌ലെന്‍ പറഞ്ഞു.
ആസിഫ് അലി - രോഹിത് വിഎസ് ചിത്രം ടിക്കി ടാക്ക, അഭിനവ് സുന്ദര്‍നായക് ഒരുക്കുന്ന മോളിവുഡ് ടൈംസ് എന്നിവയാണ് നസ്‌ലെന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
Content Highlights: Naslen about why he chose to play a role in Lokah, a female leading movie