കേരളത്തിന്റെ സ്വപ്‌നപദ്ധതി; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിന്റെ സ്വപ്‌നപദ്ധതി; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു
dot image

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങള്‍ കണ്ടതാണ്. 2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാര വാണിജ്യ ടൂറിസം മേഖലയ്ക്ക് പദ്ധതി കുതിപ്പേകും. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കി. ദേശീയ പാതാ വികസനവും ഗെയില്‍ പദ്ധതിയും ഇതിന് ഉദാഹരണമാണ്. വയനാട് ജനതയുടെ ദീര്‍ഘകാല സ്വപ്‌നത്തിന്റെ സാഫല്യം കൂടിയായി തുരങ്കപാതയുടെ നിര്‍മ്മാണം മാറും എന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. എവിടെ നോക്കിയാലും കിഫ്ബിയുടെ പദ്ധതികളാണ്. തൊണ്ണൂറായിരം കോടിയുടെ പദ്ധതികള്‍ കിഫ്ബി ഏറ്റെടുത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 50 വര്‍ഷം കാത്തിരുന്നാല്‍പ്പോലും നടക്കാത്ത പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കി. കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം ഉണ്ടായി. അത് പരാജയപ്പെട്ടതോടെ വിവിധ പദ്ധതികള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസാധ്യമായത് സാധ്യമാണെന്ന് തെളിയിച്ച സര്‍ക്കാരാണ് കഴിഞ്ഞ ഒമ്പത് വര്‍ഷം കേരളം ഭരിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാടാകെ സ്വപ്‌നം കണ്ട പദ്ധതിയാണ് കോഴിക്കോട്-വയനാട് തുരങ്കപാത. പദ്ധതി ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പ് നല്‍കും. പദ്ധതി കേരളത്തിലാകെ മാറ്റം കൊണ്ടുവരും. പല പദ്ധതികളും ഇല്ലാതാക്കാന്‍ ശ്രമം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് തുരങ്കപാത പദ്ധതി ഏറ്റെടുത്തതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേവലം തറക്കല്ലിടല്‍ മാത്രമല്ല ഇടതുസര്‍ക്കാരിന്റെ നയം. കരാര്‍ ഉറപ്പിച്ച് അന്തിമ അനുമതി വരെ നല്‍കി പ്രവര്‍ത്തി ഉറപ്പാക്കുന്ന സര്‍ക്കാരാണ് ഇത്. തറക്കല്ല് ഇട്ട് പോയി പിന്നീട് പദ്ധതി നിലച്ചുപോകരുത് എന്ന നിര്‍ബന്ധം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ചുരമില്ലാ പാതയെന്ന വയനാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തോടെ സാഫല്യമാകാന്‍ പോകുന്നത്.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും. ചുരം ബദല്‍ പാത എന്നത് മാത്രമാകില്ല തുരങ്ക പാതയുടെ വിശേഷണം. വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തുരങ്കപാത പുതിയൊരു വ്യവസായ ഇടനാഴി കൂടിയാണ് തുറക്കുക.

Content Highlights: wayanad tunnel project Inaugurated By CM pinarayi vijayan

dot image
To advertise here,contact us
dot image