'കല്യാണിയുടെ വിജയം അവരുടേത് കൂടിയാണ്'; നൈല ഉഷ പങ്കുവെച്ച സ്റ്റോറിയ്ക്ക് പിന്നാലെ ചൂടുപിടിച്ച് ചര്‍ച്ചകള്‍

പാര്‍വതിയും ദര്‍ശനയും പറഞ്ഞത് സത്യമായിരിക്കുകയല്ലേ എന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

'കല്യാണിയുടെ വിജയം അവരുടേത് കൂടിയാണ്'; നൈല ഉഷ പങ്കുവെച്ച സ്റ്റോറിയ്ക്ക് പിന്നാലെ ചൂടുപിടിച്ച് ചര്‍ച്ചകള്‍
dot image

കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ സൂപ്പര്‍ഹീറോ ചിത്രം ലോക തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫാന്റസി മാസ് ആക്ഷന്‍ ഴോണറില്‍ കൊമേഴ്‌സ്യല്‍ മീറ്ററില്‍ എത്തിയ ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ബോക്‌സ് ഓഫീസ് കളക്ഷനും ഒരുപോലെ നേടുന്നുണ്ട്. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിനും തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടാനാകുന്നു എന്നത് സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുണ്ട്.

സ്ത്രീകളെ മികച്ച കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല എന്ന് കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചയിലുണ്ട്. 2024ല്‍ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ഭ്രമയുഗവുമെല്ലാം വലിയ വിജയം നേടുകയും മലയാള സിനിമ ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തപ്പോഴും മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ എന്ന ചോദ്യമുയര്‍ന്നിരുന്നു.

നടിമാരായ പാര്‍വതി തിരുവോത്തും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന സിനിമകള്‍ എഴുതാനും നിര്‍മിക്കാനും ഇന്‍ഡസ്ട്രി ഇപ്പോഴും തയ്യാറാകാത്തതിനെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലോകയില്‍ കല്യാണിയെ ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ഫീമെയില്‍ സൂപ്പര്‍ഹീറോ ആയി അവതരിപ്പിച്ചതിന് പിന്നാലെ, ഈ വിജയം ദര്‍ശനയും പാര്‍വതിയും പോലുള്ളവരുടേത് കൂടിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നു.

Nyla Usha's story

ഇത്തരത്തിലൊരു പോസ്റ്റ് നടി നൈല ഉഷ സ്‌റ്റോറി ആക്കിയതോടെയാണ് ഈ ചര്‍ച്ച കൂടുതല്‍ ചൂടുപിടിച്ചത്. ഇതിനോട് പരിപൂര്‍ണമായി യോജിക്കുന്നു എന്നായിരുന്നു നൈല പറഞ്ഞത്. നേരത്തെ, ആവേശം പോലുള്ള ചിത്രങ്ങള്‍ സ്ത്രീകള്‍ക്കും അഭിനയിക്കാന്‍ സാധിക്കുമെന്ന പറഞ്ഞ ദര്‍ശനയ്‌ക്കെതിരെ വലിയ ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ദര്‍ശന പറഞ്ഞത് സത്യമായിരിക്കുകയല്ലേ എന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരു നടി സൂപ്പര്‍ഹീറോ ആയാല്‍ ശരിയാകുമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ലോക എന്നും വിലയിരുത്തലുകളുണ്ട്. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായാല്‍ തിയേറ്ററില്‍ വലിയ കളക്ഷനുണ്ടാകില്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായി ലോകയെ കാണുന്നവരുണ്ട്. സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെയും അവസരങ്ങളെയും ശബ്ദമുയര്‍ത്തിയവരുടെ കൂടി വിജയമാണ് ലോകയില്‍ ഒരു ഫീമെയില്‍ സൂപ്പര്‍ഹീറോ പിറക്കാന്‍ കാരണമെന്ന് പലരും പറയുന്നുണ്ട്.

അതേസമയം, നൈല ഉഷയുടെ പങ്കുവെച്ച സ്റ്റോറിയെയും പാര്‍വതിയ്ക്കും ദര്‍ശനയ്ക്കും എതിരെ ട്രോളുകളാക്കി ഉപയോഗിക്കാനും ഒരു വിഭാഗം ഇറങ്ങിയിട്ടുണ്ട്. ഇവര്‍ അനാവശ്യ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ വന്നിരിക്കുകയാണ് എന്നാണ് ഇത്തരക്കാരുടെ വാദം.

Content Highlights: Nyla Usha's story about Kalyani leading Lokah movie's win and Parvathy thiruvothu and Darshana Rajendran

dot image
To advertise here,contact us
dot image