പോപ്പുലർ ഫ്രണ്ടിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ കേസ്; എൻഐഎയ്ക്ക് തിരിച്ചടി

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സ്വത്ത് ഉപയോഗിക്കുന്നു എന്നായിരുന്നു എന്‍ഐഎയുടെ ആരോപണം

പോപ്പുലർ ഫ്രണ്ടിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ കേസ്; എൻഐഎയ്ക്ക് തിരിച്ചടി
dot image

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടിയില്‍ എന്‍ഐഎക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി കൊച്ചി എന്‍ഐഎ കോടതി റദ്ദാക്കി. 2022ല്‍ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിന് പിന്നാലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ സംഭവത്തിലാണ് കോടതിയുടെ പുതിയ തീരുമാനം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സ്വത്ത് ഉപയോഗിക്കുന്നു എന്നായിരുന്നു എന്‍ഐഎയുടെ ആരോപണം.

തിരുവനന്തപുരം എജ്യൂക്കേഷന്‍ ട്രസ്റ്റ്, പൂവന്‍ചിറ ഹരിതം ഫൗണ്ടേഷന്‍, ആലുവയിലെ പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ് എന്നിവയും വിട്ടുനല്‍കിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. ആലുവയിലെ വള്ളുവനാട് ഹൗസ്, കാസര്‍കോട്ടെ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ആയുധ പരിശീലനത്തിനായി ഉപയോഗിച്ചു എന്നായിരുന്നു എന്‍ഐഎയുടെ വാദം.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്‍ഐഎ കോടതി മുന്‍പ് തന്നെ റദ്ദാക്കിയിരുന്നു. നിലവില്‍ എന്‍ഐഎ കണ്ടുകെട്ടിയ സ്വത്തുക്കളെല്ലാം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് എന്നാണ് കൊച്ചി എന്‍ഐഎ കോടതി വ്യക്തമാക്കുന്നത്. സ്വത്തുക്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം പ്രത്യക്ഷത്തില്‍ തെളിയിക്കാന്‍ കഴിയാത്തതും എന്‍ഐഎയ്ക്ക് തിരിച്ചടിയായി.

പിഎഫ്ഐ പ്രവര്‍ത്തനങ്ങളില്‍ ട്രസ്റ്റ് അംഗങ്ങള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തിയതിനാലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. പിഎഫ്ഐ കേസിന്റെ ഭാഗമായി കണ്ടുകെട്ടിയ 17 സ്വത്തുക്കള്‍ റദ്ദാക്കിയതായി അപേക്ഷകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പിസി നൗഷാദ് പറഞ്ഞു.'പിഎഫ്ഐ കേസിലെ പ്രതിക്ക് ഒരു തുക കൈമാറിയതായി എന്‍ഐഎ കണ്ടെത്തിയതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എസ്ഡിപിഐയുടെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടി.

പ്രതി ഡ്രൈവറായി ജോലി ചെയ്തിരുന്നതായും ശമ്പളമായി എല്ലാ മാസവും അദ്ദേഹത്തിന് പണം കൈമാറിയതായും വ്യക്തമാക്കുന്ന വിശദാംശങ്ങള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ, പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് നടത്തിയ 17 ജപ്തി നടപടികള്‍ കോടതി റദ്ദാക്കിയിട്ടുണ്ട്,' അദ്ദേഹം പിടിഐയോട് പറഞ്ഞു. സ്വത്തുക്കള്‍ വിട്ടുകൊടുക്കുന്നതിനായി അപേക്ഷകര്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.

Content Highlight: NIA suffers setback in confiscation of assets of Popular Front

dot image
To advertise here,contact us
dot image