പുതിയ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമെന്ന പ്രചാരണം; വ്യക്തത വരുത്തി ഒമാൻ

കൃത്യമായ വിവരങ്ങൾക്കായി പൊതുജനങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

പുതിയ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമെന്ന പ്രചാരണം; വ്യക്തത വരുത്തി ഒമാൻ
dot image

പൊതു-സ്വകാര്യ മേഖലകളിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഒമാൻ ​ആരോ​ഗ്യമന്ത്രാലയം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉത്തരവ് വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക വശങ്ങൾ ചർച്ച ചെയ്യുന്നതിനായി വകുപ്പുകൾക്കിടയിൽ മാത്രം പുറപ്പെടുവിച്ച ഒരു ആഭ്യന്തര നിർദ്ദേശമാണിതെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ, വിവിധ വകുപ്പുകൾ തമ്മിലുള്ള കൂടിയാലോചനകൾ സുഗമമാക്കുക മാത്രമായിരുന്നു ലക്ഷ്യം. ബന്ധപ്പെട്ട മറ്റ് അതോറിറ്റികളുമായുള്ള ഏകോപനം പൂർത്തിയാവുകയും ഇത് നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും സമയപരിധിയെക്കുറിച്ചും അന്തിമ ധാരണയിലെത്തുകയും ചെയ്യുന്നതുവരെ ഈ നയം ഔദ്യോഗികമായി നടപ്പിലാക്കില്ല. മേൽപ്പറഞ്ഞ ആഭ്യന്തര മെമ്മോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുതിയ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കിയെന്ന രീതിയിലുള്ള ചർച്ചകളും ഊഹാപോഹങ്ങളും വ്യാപകമായത്. ഇതിനെത്തുടർന്നാണ് ജനങ്ങളുടെ ആശങ്കയകറ്റാൻ മന്ത്രാലയം നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഏതൊരു തീരുമാനവും കൈക്കൊള്ളുകയാണെങ്കിൽ, അതിനായുള്ള എല്ലാ നിയമപരവും ഭരണപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളിലൂടെ അത് പ്രഖ്യാപിക്കുകയുള്ളൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ ആരോഗ്യ നയങ്ങൾ ശക്തമാക്കുക, മയക്കുമരുന്ന് പദാർത്ഥങ്ങളുടെ ദുരുപയോഗം തടയുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, സുരക്ഷിതമായ തൊഴിലിടങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. കൃത്യമായ വിവരങ്ങൾക്കായി പൊതുജനങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഈ നിർദ്ദേശത്തിന് അന്തിമ അംഗീകാരം ലഭിക്കുകയാണെങ്കിൽ, ഇതിന്റെ വ്യാപ്തി, നടപ്പിലാക്കുന്ന രീതി, സമയക്രമം തുടങ്ങിയ മുഴുവൻ വിവരങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Oman has issued clarification on reports claiming that drug tests are mandatory for joining jobs. Authorities explained the details of the order and cleared concerns among residents and expatriates.

dot image
To advertise here,contact us
dot image