

യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള കരാര്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് നല്‍കിയ എംബസിയുടെ നടപടി റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. കോണ്‍സുലാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് റീ ടെന്‍ഡര്‍ വിളിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പങ്കെടുത്ത കമ്പനികള്‍ക്ക് മാര്‍ക്ക് നല്‍കിയതിന്റെ കൃത്യമായ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്ന കോടതിയുടെ കണ്ടെത്തലിന് പിന്നാലെയായിരുന്നു നടപടി.
ഒരു മാസത്തിനുള്ളില്‍ പുതിയ പ്രൊപ്പോസല്‍ അഭ്യര്‍ത്ഥന നല്‍കാന്‍ ഡല്‍ഹി കോടതി വിദേശകാര്യ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. ഇതോടെ യുഎഇ, കുവൈറ്റ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും പുതിയ കമ്പനികള്‍ക്ക് സേവനം തുടങ്ങാനാകില്ല. പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ മുമ്പ് ഈ സേവനങ്ങള്‍ നല്‍കിയിരുന്ന ബിഎല്‍എസ് ഇന്റര്‍നാഷണലിന് താല്‍ക്കാലികമായി പ്രവര്‍ത്തനം തുടരാം. 2011 മുതല്‍ ബിഎല്‍എസ് ആയിരുന്നു കോണ്‍സുലാര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തത്.
2025 നവംബറില്‍ നടന്ന ടെന്‍ഡര്‍ നടപടികളിലൂടെ ഔട്ട്‌സോഴ്‌സ് സേവനങ്ങളുമായി ബന്ധപ്പെട്ട കരാര്‍ അല്‍ഹിന്ദ് സ്വന്തമാക്കിയിരുന്നു. അന്തിമ പട്ടികയില്‍ ഇടം നേടിയ നാല് കമ്പനികളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്തത് കൊണ്ടാണ് അല്‍ഹിന്ദിനെ ഔട്ട്‌സോഴ്‌സ് സേവനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്തത്. എന്നാല്‍ ഇതിനെതിരെ അവസാനഘട്ടത്തില്‍ അയോഗ്യരാക്കപ്പെട്ട രണ്ട് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. മതിയായ കാരണങ്ങളിലാതെ തങ്ങളെ അയോഗ്യരാക്കിയെന്നായിരുന്നു പരാതിക്കാരായ കമ്പനികള്‍ മുന്നോട്ട് വെച്ച വാദം.
കരാര്‍ ലഭിച്ച അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ജൂലൈ ഒന്നിന് യുഎഇയില്‍ പുതിയ കോണ്‍സുലാര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കാനിരിക്കെയായിരുന്നു നിയമപോരാട്ടം. കേസിനെ തുടര്‍ന്ന് ഈ സേവനങ്ങള്‍ തടസപ്പെടുകയും എംബസിയും കോണ്‍സുലേറ്റും നേരിട്ട് സേവനങ്ങള്‍ നല്‍കുകയുമായിരുന്നു. നിരവധി പ്രവാസികളാണ് ഇതുമൂലം പ്രതിസന്ധിയിലായത്. പുതിയ ഉത്തരവ് പ്രകാരം ടെന്‍ഡര്‍ നടപടികള്‍ നീളുന്നത് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ സേവനങ്ങള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: The Delhi High Court has cancelled the Indian Embassy's decision to award the UAE consular services contract to Alhind Tours and Travels. The contract covered passport, visa, attestation, and related services for the Indian community in the UAE