

ഓഹരി വിപണിയിൽ പതഞ്ജലി ഫുഡ്സിന് കനത്ത തിരിച്ചടി. കമ്പനിയുടെ ഓഹരി വില ഇൻട്രാഡേയിൽ 20 ശതമാനം വരെ ഇടിഞ്ഞ് വലിയ നഷ്ടം രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം സെഷനിലും ഇടിവ് തുടർന്നതോടെ നിക്ഷേപകരുടെ ആശങ്ക ശക്തമായി.
കഴിഞ്ഞ ഒരു വർഷത്തിനിടെ പതഞ്ജലി ഫുഡ്സ് ഓഹരി വിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഘട്ടത്തിൽ വിപണിയിൽ ശ്രദ്ധ നേടിയിരുന്ന ഈ ഓഹരി ഇപ്പോൾ ഉയർന്ന നിലയിൽ നിന്ന് ഗണ്യമായി താഴ്ന്നിരിക്കുകയാണ്. കമ്പനിയുടെ ഭാവി വളർച്ച, ലാഭക്ഷമത, വിപണി മൂല്യനിർണയം എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് ഓഹരിയിലെ വിൽപ്പന സമ്മർദ്ദത്തിന് കാരണമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
ഇന്നത്തെ ഇടിവിന് പ്രധാന കാരണം ഓഹരികളിൽ നടന്ന ബ്ലോക്ക് ഡീൽ ആണ്. ഏകദേശം 1.5 ശതമാനം ഓഹരി പങ്കാളിത്തത്തിന് തുല്യമായ 195 കോടി രൂപയുടെ ഓഹരികൾ ബ്ലോക്ക് ഡീൽ വഴി കൈമാറ്റം ചെയ്തു. ഏകദേശം 54.24 ലക്ഷം ഓഹരികളാണ് കൈമാറിയത്. ശരാശരി 355 രൂപ നിരക്കിലായിരുന്നു ഈ ഇടപാട് നടന്നതെന്നാണ് റിപ്പോർട്ടുകൾ. വലിയ തോതിലുള്ള ഓഹരി കൈമാറ്റം നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ചതോടെ വില്പനാ സമ്മർദ്ദം ശക്തമായി.
ബ്ലോക്ക് ഡീൽ നടന്നതോടെ ഓഹരിയിൽ വലിയ ഇടിവുണ്ടായെങ്കിലും, ഇടപാടിൽ ആരാണ് വിൽപ്പനക്കാരും വാങ്ങുന്നവരുമെന്ന കാര്യത്തിൽ വ്യക്തത പുറത്തുവന്നിട്ടില്ല. സാധാരണയായി ഇത്തരം വലിയ ഇടപാടുകൾ വിപണിയിൽ ഹ്രസ്വകാല ചലനങ്ങൾക്ക് കാരണമാകാറുണ്ട്. പതഞ്ജലി ഫുഡ്സിന്റെ ബിസിനസിൽ പ്രധാന പങ്കുവഹിക്കുന്ന ഭക്ഷ്യ എണ്ണ വിഭാഗത്തിലെ മാർജിൻ സമ്മർദ്ദം, എഫ്എംസിജി മേഖലയിൽ വർധിക്കുന്ന മത്സരം, പ്രവർത്തന പ്രകടനവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയും നിലവിൽ പ്രതികൂലമാണ്.
നിലവിലെ ഓഹരി പങ്കാളിത്ത ഘടനയിൽ പ്രമോട്ടർ ഗ്രൂപ്പിന് ഏകദേശം 68 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുണ്ട്. വിദേശ സ്ഥാപന നിക്ഷേപകരുടെയും ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെയും പങ്കാളിത്തത്തിലും കാലാകാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
അതേസമയം, ഓഹരി ഇടിവിനിടെ കമ്പനിയുടെ നിലപാട് വ്യക്തമാക്കി പതഞ്ജലി ഫുഡ്സ് സിഇഒ സഞ്ജീവ് അസ്താന രംഗത്തെത്തി. ബിസിനസ് മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും കമ്പനിയുടെ ബാലൻസ് ഷീറ്റ് ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ബിസിനസ് ലക്ഷ്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും സിഇഒ വ്യക്തമാക്കി.
ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ നിക്ഷേപകർക്ക് മുന്നിലുള്ള പ്രധാന ചോദ്യം ഇനി വാങ്ങണമോ, കൈവശമുള്ളത് നിലനിർത്തണമോ എന്നതാണ്. എന്നാൽ ഓഹരി വില കുറഞ്ഞു എന്നൊരു കാരണത്താൽ മാത്രം നിക്ഷേപ തീരുമാനം എടുക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം. കമ്പനിയുടെ സാമ്പത്തിക പ്രകടനം, വരുമാന വളർച്ച, ലാഭ മാർജിൻ, ഭാവി പദ്ധതികൾ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാവൂ.
ദീർഘകാല നിക്ഷേപകർക്ക് കമ്പനിയുടെ പ്രവർത്തന പുരോഗതി നിരീക്ഷിക്കാം. എന്നാൽ ഹ്രസ്വകാല നിക്ഷേപകർക്ക് നിലവിലെ ചാഞ്ചാട്ടം ഉയർന്ന അപകടസാധ്യത സൃഷ്ടിക്കാം.ഭക്ഷ്യ എണ്ണ, എഫ്എംസിജി ഉൽപ്പന്നങ്ങൾ, ആരോഗ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുള്ള പതഞ്ജലി ഫുഡ്സിന് ശക്തമായ ബ്രാൻഡ് പിന്തുണയുണ്ടെങ്കിലും, ഇനി ഓഹരിയുടെ തിരിച്ചുവരവ് കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കും.
അടുത്ത പാദ ഫലങ്ങൾ, വിൽപ്പന വളർച്ച, ലാഭ മാർജിൻ മെച്ചപ്പെടുന്നുണ്ടോ എന്നത്, വിപണിയിലെ മത്സര സാഹചര്യം എന്നിവയായിരിക്കും ഇനി നിക്ഷേപകർ പ്രധാനമായും നിരീക്ഷിക്കുക. ഓഹരി തിരിച്ചുവരുമോ എന്നത് കമ്പനിയുടെ പ്രകടനവും വിപണി വിശ്വാസവും നിർണയിക്കും.
Content HIghlights: Patanjali Foods share price crashes 20%, extending losses for third straight session; what should investors do?