

ഒമാനിൽ ജോലി ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ഇന്ത്യൻ പ്രവാസി കഞ്ചെട്ടി വേൽമലയുടെ കുടുംബത്തിന് അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മരണാനന്തര നഷ്ടപരിഹാരം ലഭ്യമായി. പ്രവാസി ലീഗൽ സെല്ലിന്റെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് 36,07,736 രൂപ (മുപ്പത്തിയാറ് ലക്ഷം ഏഴായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറ് രൂപ) ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് വിജയകരമായി കൈമാറി.
2021 ഒക്ടോബർ 27-ന് ഒമാനിലെ കോടതി കഞ്ചെട്ടി വേൽമലയുടെ നിയമപരമായ അവകാശികൾക്ക് സ്റ്റാറ്റ്യൂട്ടറി മരണാനന്തര നഷ്ടപരിഹാരമായ 'ബ്ലഡ് മണി' അനുവദിച്ച് വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ വിധി വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഭരണപരമായ ചില തടസ്സങ്ങളും കാലതാമസവും കാരണം ഈ തുക കുടുംബത്തിന് ലഭിച്ചിരുന്നില്ല. കോടതി നീതി വിധിച്ചിട്ടും അത് യാഥാർത്ഥ്യമാകാതെ വന്നതോടെയാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത്.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമിന്റെ നേതൃത്വത്തിൽ, ഗ്ലോബൽ പിആർഒ സുധീർ തിരുനിലത്ത്, ഒമാൻ ചാപ്റ്റർ പ്രവർത്തകർ എന്നിവർ ഒമാനിലെ ഇന്ത്യൻ എംബസിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ചേർന്ന് നടത്തിയ നിരന്തരമായ ഫോളോ-അപ്പുകളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
Content Highlights: The family of an expatriate who died in Oman has received compensation with the support of Pravasi Legal Cell. The assistance helped the family secure their legal claim.