

ദുബായ്: രാജ്യത്തിന്റെ കിഴക്കൻ തീരത്ത് പുതിയ ആഴക്കടൽ തുറമുഖം നിർമ്മിക്കാൻ ഒരുങ്ങി യുഎഇ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാഭീഷണികളും യുഎസ്-ഇറാൻ സംഘർഷം സൃഷ്ടിച്ച പ്രതിസന്ധികളും മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തുറമുഖം നിർമ്മിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ചരക്കുനീക്കം നടക്കുന്നതും എന്നാൽ അത്രതന്നെ സുരക്ഷിതമല്ലാത്തതുമായ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ചരക്കുഗതാഗത-ലോജിസ്റ്റിക്സ് കമ്പനിയായ ഡിപി വേൾഡ് (DP World) ആണ് ഫുജൈറയിൽ ഈ പുതിയ പദ്ധതി വികസിപ്പിക്കുന്നത്. ഇതിനൊപ്പം ഫുജൈറയിലെ നിലവിലുള്ള തുറമുഖത്ത് ഒരു പുതിയ ടെർമിനൽ കൂടി കമ്പനി നിർമ്മിക്കും. 2005-ൽ സ്ഥാപിതമായ ഡിപി വേൾഡ് പ്രതിവർഷം 7 കോടിയോളം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്യുന്നത്.
യുഎഇയുടെ വിദേശ വ്യാപാരത്തിന്റെ നട്ടെല്ലായ ദുബായിലെ 'ജെബൽ അലി' തുറമുഖം പേർഷ്യൻ ഗൾഫിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഇവിടേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടന്നുമാത്രമേ വരാൻ സാധിക്കൂ.
എന്നാൽ, ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യു.എസ്-ഇറാൻ സംഘർഷത്തിൽ യുഎഇക്ക് നേരെ ഇറാൻ വൻതോതിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഏതാണ്ട് 3,000-ത്തോളം ഡ്രോണുകളും മിസൈലുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ഇതിലൊരു ആക്രമണത്തിനിടയിൽ പ്രതിരോധിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ജെബൽ അലി തുറമുഖത്ത് തീപിടുത്തവുമുണ്ടായി.
തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ ജെബൽ അലിയിലെ ചരക്കുനീക്കം 90 ശതമാനത്തോളം ഇടിഞ്ഞു. നിലവിൽ താല്ക്കാലിക വെടിനിർത്തലിനെത്തുടർന്ന് കപ്പൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും (പ്രതിദിനം ശരാശരി 40 കപ്പലുകൾ), അത് യുദ്ധത്തിന് മുൻപുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് ബദൽ മാർഗ്ഗങ്ങൾ തേടാൻ ഡി.പി വേൾഡ് നിർബന്ധിതരായത്.
യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ ഒമാൻ ഉൾക്കടലുമായി (Gulf of Oman) അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഇവിടെ പുതിയ തുറമുഖം വരുന്നതോടെ അന്താരാഷ്ട്ര കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ തന്നെ നേരിട്ട് യുഎഇയിൽ ചരക്കുകൾ എത്തിക്കാൻ സാധിക്കും.
ഇങ്ങനെ ഫുജൈറയിൽ ഇറക്കുന്ന ചരക്കുകൾ പിന്നീട് റോഡ്-റെയിൽ മാർഗ്ഗങ്ങളിലൂടെ കരവഴി ദുബായ്, അബുദാബി തുടങ്ങിയ യു.എ.ഇ നഗരങ്ങളിലേക്കും മറ്റ് അയൽ ഗൾഫ് രാജ്യങ്ങളിലേക്കും സുരക്ഷിതമായി എത്തിക്കാൻ സാധിക്കും. ഇത് യുഎഇയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പാകും.
Content Highlights: DP World's new port in Fujairah is expected to play a strategic role in crude oil transportation by offering an alternative to the Strait of Hormuz. The development is aimed at improving supply chain resilience, reducing logistical risks associated with one of the world's busiest oil transit chokepoints, and strengthening the UAE's position in global energy trade.