രാഹുലിനെതിരെ പോസ്റ്റിട്ട യുവാവിനെ അനുയായികള്‍ മര്‍ദ്ദിച്ചതായി പരാതി; പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

പത്തനംതിട്ട പൊലീസില്‍ 'രാഹുല്‍ രാജ്' ആണോ എന്നും യുവാവ്

രാഹുലിനെതിരെ പോസ്റ്റിട്ട യുവാവിനെ അനുയായികള്‍ മര്‍ദ്ദിച്ചതായി പരാതി; പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം
dot image

പത്തനംതിട്ട: ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് യുവാവിന്റെ പ്രതിഷേധം. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവ് പ്രതിഷേധിക്കുന്നത്. ഫേസ്ബുക്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോസ്റ്റ് ഇട്ടതിന് സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ രാഹുലിന്റെ അനുയായികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

മാവേലിക്കര സ്വദേശിയാണ് യുവാവ്. 'പത്തനംതിട്ട പൊലീസില്‍ 'രാഹുല്‍ രാജ്' ആണോ? ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നത അധികാരികള്‍ക്കും പരാതി കൊടുത്തിട്ട് ഇന്നേക്ക് 30 ദിവസം', 'പൊലീസിന്റെ ജോലി നീതി നിര്‍വഹണമോ?, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? എനിക്ക് നീതി ഉറപ്പാക്കുക', എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

കേസില്‍ യുവാവിന്റെ ഫോണ്‍ സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇതിനായി സ്റ്റേഷനിലേക്ക് വരുമ്പോള്‍ രാഹുലിന്റെ അനുനായികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഘത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു.

കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത യൂട്യൂര്‍ രാജന്‍ ജോസഫിനെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള ശ്രമം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇതില്‍ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തിരുന്നു.

Content Highlights: A youth protested after alleging that he was attacked by supporters of Rahul Mamkootathil

dot image
To advertise here,contact us
dot image